Sunday, June 19, 2016

"അഗ്നി അറിവ്‌" നവധാന്യങ്ങള്‍


അനുഷ്ഠാനകർമങ്ങൾക്കും ഹോമാദികൾക്കുമായി ഹൈന്ദവമത വിശ്വാസികൾ ഉപയോഗിക്കുന്ന ഒൻപത് ധാന്യങ്ങളാണ് നവധാന്യങ്ങൾ. നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, അമര എന്നിവയാണ് നവധാന്യങ്ങൾ. പലവിധ വൈദിക-താന്ത്രിക-മാന്ത്രിക കർമങ്ങൾക്കും മുളപ്പിച്ച ഈ ധാന്യങ്ങൾ ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിൽ വിശേഷപൂജയ്ക്കായി ഇവ മുളപ്പിക്കുകയും മുളയറയിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. കലശപൂജകൾക്ക് മുളപ്പിച്ച നവധാന്യങ്ങൾ ഉപയോഗിക്കാറുണ്ട്. അങ്കുരാദി ഉത്സവങ്ങൾ ആരംഭിക്കുന്നത് നവധാന്യങ്ങൾ മുളപ്പിച്ചുകൊണ്ടാണ്. ചില പ്രദേശങ്ങളിൽ ഗൃഹപ്രവേശത്തിന് നവധാന്യങ്ങളുമായി ദമ്പതികൾ പ്രവേശിക്കുന്ന ചടങ്ങുണ്ട്. നവധാന്യങ്ങൾ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. സമാവർത്തനം എന്ന വൈദികക്രിയയ്ക്ക് നവധാന്യങ്ങൾ ഉപയോഗിച്ചുള്ള ഒരു ചടങ്ങ് അനുഷ്ഠിക്കാറുണ്ട്. പുരാതനകാലത്തുതന്നെ ആര്യപുരോഹിതവർഗം ഈ ധാന്യങ്ങൾ കൃഷിചെയ്ത് ഉപയോഗിച്ചിരുന്നു എന്ന് ഇത്തരം പാരമ്പര്യചടങ്ങുകൾ വ്യക്തമാക്കുന്നു.
തെക്കൻ കേരളത്തിലെ ചില ദേശങ്ങളിൽ മരണാനന്തരമുള്ള സഞ്ചയനകർമത്തിന്റെ ഭാഗമായി, മണ്ണിട്ടുമൂടിയ സംസ്കാരസ്ഥലത്ത് നവധാന്യങ്ങൾ വിതറുന്ന പതിവുണ്ട്. നവധാന്യങ്ങൾ ഓരോന്നും ഓരോ ഇഷ്ടദേവതയുടെ പ്രതീകമായിട്ടാണ് സങ്കല്പിക്കപ്പെട്ടുപോരുന്നത്.
നെല്ല്-ചന്ദ്രൻ
ഗോതമ്പ്-സൂര്യൻ
തുവര-ചൊവ്വ
പയർ-ബുധൻ
കടല-വ്യാഴം
അമര-ശുക്രൻ
എള്ള്-ശനി
മുതിര-കേതു
ഉഴുന്ന്-രാഹു
എന്നിങ്ങനെയാണ് ആ സങ്കല്പനം.
‘യവം ധാന്യങ്ങളിൽ രാജാവാണ്‌ ’

മതപരമായ പല ചടങ്ങുകളിലും ധാന്യങ്ങൾക്ക്‌ പ്രധാനമായ സ്ഥാനം ഉണ്ട്‌. സൂര്യൻ, ചന്ദ്രൻ, ശനി മുതലായ നവഗ്രഹങ്ങളുടെ ആരാധനക്ക്‌ നവധാന്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഓരോ ഗ്രഹങ്ങൾക്കും പ്രത്യേകമായ ധാന്യങ്ങൾ വിധിച്ചിട്ടുണ്ട്‌ഃ- സൂര്യൻ (ഗോതമ്പ്‌), ചന്ദ്രൻ (നെല്ല്), ചൊവ്വ (തുവര), ബുധൻ (ചെറുപയറ്‌), വ്യാഴം (കടല), ശുക്രൻ (മൊച്ച - ഒരു തരം അവര), ശനി (എളള്‌), രാഹു (ഉഴുന്ന്‌), കേതു (മുതിര).
നവഗ്രഹങ്ങളെ പൂജിക്കുമ്പോൾ ഓരോ ഗ്രഹദേവതയേയും ആവാഹിച്ച്‌ ഇരുത്തുവാൻ പ്രത്യേക ജ്യമിതീയ രൂപം വരക്കുകയും, അതിൽ ആ ഗ്രഹത്തിന്‌ ഇഷ്‌ടമായ നിറത്തിലുളള ഒരു തുണിവിരിയ്‌ക്കുകയും അതിന്റെ മീതെ ധാന്യം പരത്തുകയും ചെയ്‌തിട്ട്‌, അതിലാണ്‌ ആ ഗ്രഹത്തിന്റെ ദേവതയെ ആവാഹിച്ച്‌ പൂജിക്കുന്നത്‌. ഓരോന്നിനും, പ്രത്യേകമായ മന്ത്രം ഉണ്ട്‌. ചടങ്ങിനോടനുബന്ധിച്ച്‌ ഹോമം ചെയ്യമ്പോൾ ഓരോ ഗ്രഹത്തിനും പ്രത്യേകമായ ചമതയും, ഹവിസ്സും വേണം. ശനി ദേവന്‌ എന്ന പോലെ മരിച്ചുപോയ പിതൃക്കളുടെ ആരാധനക്കും എളള്‌ അവശ്യം ആവശ്യമായ ഒരു ധാന്യമാണ്‌. ഉദകക്രിയക്ക്‌ തിലോദകം (എളളും വെളളവും) അർപ്പിക്കുന്നത്‌ പ്രധാനമാണ്‌. ശ്‌മശാനഭൂമി കൃഷിഭൂമിയാക്കിമാറ്റുന്നതിനാണ്‌ മരണാനന്തരം നവധാന്യങ്ങൾ വിതയ്‌ക്കുന്നത്‌. ജീവൻ പ്രപഞ്ചത്തിലുളള ഓരോ സസ്യങ്ങളിലേക്കും (കലകൾ) ലയിക്കുന്നു. കൊഴുപ്പും മാംസവും ഇത്ര കൂടുതൽ അടങ്ങുന്നതും ഇത്ര ചെറുതുമായ വേറെ വിത്ത്‌ ചുരുക്കമാണ്‌. വലിയ ഒരു കാര്യം ചെറിയ ഒരു വസ്‌തുവിനെകൊണ്ട്‌ ചെയ്യുന്നത്‌ വിനയത്തെ സൂചിപ്പിക്കുന്നു. പണ്ട്‌ പല പൂജകൾക്കും മാംസം നിവേദിച്ചിരുന്നു. കാലക്രമേണ പൂജക്ക്‌ മാംസം ഉപേക്ഷിച്ചു. അതിന്നു പകരം ഉഴുന്നുകൊണ്ടാളള പദാർത്ഥങ്ങൾ നേദിച്ചു തുടങ്ങി. മാംസത്തിൽ എന്നപോലെ ഉഴുന്നിൽ മാംസ്യാംശം കൂടുതലാണ്‌.
ദേവന്മാരെ പൂജിക്കുമ്പോൾ അവരെ ആവാഹിക്കുവാനായി ഒരു വിളക്കോ നാളികേരമോ, കുംഭം നിറയെ വെളളമോ, പ്രതിമയോ മറ്റോ ഉണ്ടായിരിക്കും. ഒരു പീഠത്തിന്മേൽ വേണം അവയെ വെക്കുവാൻ. പീഠമായി ഉപയോഗിയ്‌ക്കുവാൻ പല ധാന്യങ്ങളും ഉപയോഗപ്പെടുത്തുന്നു. നെല്ലാണ്‌ പ്രധാനം. ഒരിടങ്ങഴിയിൽ കുറയാതളവിൽ നെല്ല്‌ ഒരു ഇലയുടെ മീതെ പരത്തി അതിന്‌ മുകളിലാണ്‌ കുംഭമോ മറ്റോ വെക്കുന്നത്‌. നെല്ലിന്‌ പുറമെ അരിയും ഉപയോഗിയ്‌ക്കാറുണ്ട്‌. ചില അരിഷ്ട ശാന്തിക്ക്‌ ചെയ്യുന്ന പൂജകളിൽ ഉഴുന്നും, എളളും മറ്റും, പീഠമായി നെല്ലിനും അരിക്കും മീതെ വെക്കാറുണ്ട്‌. ഒന്നിനു മീതെ ഒന്നായി വെച്ച്‌ അതിന്റെ മീതെ പ്രതിമയോ മറ്റോ വെക്കും.
ഇങ്ങിനെ ധാന്യങ്ങൾകൊണ്ട്‌ പീഠം വിരിച്ച്‌ ചടങ്ങുകൾ നടത്തുന്നത്‌ സവർണർ മാത്രമല്ല. ദളിത വിഭാഗത്തിൽപ്പെട്ടവരും ചെയ്യാറുണ്ട്‌. മംഗളകരമായ പല ചടങ്ങുകളും നടത്തുന്നതിന്‌ മുമ്പ്‌ ‘മുള’ ഇടുക എന്ന ചടങ്ങ്‌ പതിവുണ്ട്‌. ക്ഷേത്രങ്ങളിലെ ഉത്‌സവങ്ങൾക്ക്‌ മുമ്പ്‌ മുളയിടുന്ന ചടങ്ങ്‌ പരക്കേ അറിയപ്പെടുന്ന ഒന്നാണ്‌. ഗൃഹങ്ങളിൽ ചെയ്യുന്ന ഉപനയനം, വിവാഹം മുതലായ ക്രിയകൾക്കും ഇത്‌ വേണ്ടതാണ്‌. ഒരാ വിത്ത്‌ - ഒരു ബീജം - വർദ്ധനയെ സൂചിപ്പിക്കുന്നു. അങ്ങിനെ സമൃദ്ധിയുടെയും മംഗളത്തിന്റേയും സൂചകമായി മുളയിടൽ ചടങ്ങ്‌ പ്രാധാന്യം അർഹിക്കുന്നു. മരണാനന്തര ചടങ്ങുകളിൽ മുളയിടൽ നടത്തുന്നില്ല.
അഞ്ചു മൺ പാത്രങ്ങളിലാണ്‌ ഈ ബീജാവാപം (മുളയിടൽ) നടത്തുന്നത്‌. നടുവിൽ ഒന്നും അതിന്ന്‌ തൊട്ട്‌ നാലു ദിക്കുകളിലും ‘പാലിക’ എന്നറിയപ്പെടുന്ന ഈ പാത്രങ്ങളെ അലങ്കരിച്ച പീഠത്തിന്മേൽ വെക്കുന്നു. ഈ ചടങ്ങിനായി കുശവന്മാർ ഉണ്ടാക്കിക്കൊണ്ടാവരുന്നതാണ്‌ പാലിക. തമിഴ്‌ ബ്രഹ്‌മണരുടെ ഇടയിൽ ഈ ചടങ്ങ്‌ വൈദിക ചടങ്ങ്‌ മാത്രമല്ല, ഒരു സാമൂഹിക ചടങ്ങു കൂടിയാണ്‌.
ഗൃഹനാഥൻ പുരോഹിതൻ ചൊല്ലിക്കൊടുക്കുന്നതനുസരിച്ച്‌ ക്രിയകൾ ചെയ്യുന്നു. നടുവിലെ ചട്ടിയിൽ ബ്രഹ്‌മാവിനേയും കിഴക്ക്‌ വെച്ചിട്ടുളളതിൽ ഇന്ദ്രനേയും തെക്ക്‌ യമനേയും പടിഞ്ഞാറ്‌ വരുണനേയും വടക്ക്‌ സോമനേയും ആവാഹിച്ച്‌ പ്രത്യേകതയുളളവയാണെന്നത്‌ ശ്രദ്ധേയമാണ്‌. മുളയിടേണ്ട വിത്തുകൾ നെല്ല്‌, യവം, എളള്‌, ചെറുപയറ്‌, കടുക്‌ എന്നഞ്ചെണ്ണമാണ്‌. ഇവയിൽ യവം എന്നത്‌ ബാർലിയാണ്‌ എന്നു പറയപ്പെടുന്നു. യവം ധാന്യങ്ങളിൽ രാജാവാണ്‌ എന്നാണ്‌ പ്രമാണം. പക്ഷേ നമ്മുടെ നാട്ടിൽ യവം കിട്ടാൻ പ്രയാസമാണ്‌. സാധാരണയായി യവത്തിനു പകരം ഗോതമ്പ്‌ ഉപയോഗിച്ചുവരുന്നു.
തലേദിവസം തന്നെ വിത്തുകൾ കുതുർത്തി വെക്കേണ്ടതാണ്‌. അപ്പോഴെ അവ അങ്കുരിച്ചു തുടങ്ങുകയുളളൂ. മൺപാത്രങ്ങളിൽ വിതക്കുന്നതിന്‌ മുമ്പ്‌ വിത്തിൽ കുറച്ച്‌ പാൽ ചേർക്കുന്നു. ആദ്യം വിതക്കുന്നത്‌ കർമ്മം ചെയ്യുന്ന ആൾ ‘അയംബീജാവാപഃ’ - ഈ വിത്തുകളെ ഞാൻ വിതക്കുന്നു എന്ന്‌ ചൊല്ലിയാണ്‌ അവയെ പാലിക പാത്രങ്ങളിൽ നിറച്ച മണ്ണിന്റെ മീതെ ഇടുന്നത്‌. പിന്നെ കർമ്മിയുടെ ഭാര്യ അഞ്ചു പാത്രങ്ങളിൽ ഓരോന്നിലും മൂന്ന്‌ പ്രാവശ്യം മുള ഇടണം. അതിൽ പിന്നെ കർമ്മിയുടെ ജ്ഞാതികളായ രണ്ടു സുമംഗലികളും ഭാര്യയുടെ വീട്ടിൽനിന്ന്‌ രണ്ടു സുമംഗലികളും മുളയിടുന്നു. ആ പാത്രങ്ങളെസൂക്ഷിച്ചുവെക്കുകയും ദിവസേന നനക്കുകയും ചെയ്യുന്നു. അഞ്ചോ ഏഴോ ഒമ്പതോ ദിവസം കഴിഞ്ഞ്‌ ഇവയെ കൊണ്ടുപോയി നദിയിലോ കുളത്തിലോ മണ്ണോടുകൂടി ഇടുന്നു. കൊണ്ടുപോകുന്നതിനു മുമ്പ്‌ ഇവക്കു ചുറ്റും സ്‌ത്രീകൾ നൃത്തം വെച്ച്‌ (കുമ്മിയടിച്ച്‌) പാട്ടു പാടുന്നു. പോകുന്നത്‌ നാഗസ്വര അകമ്പടിയോടുകൂടി വേണം. അതില്ലെങ്കിൽ ഒരു ചേങ്ങിലയോ, ഒരു താമ്പാളത്തിലെങ്കിലുമോ കോരുകൊണ്ട്‌ കൊട്ടി ശബ്‌ദമുണ്ടാക്കിക്കൊണ്ട്‌ പോകുന്നു. മുള വിതക്കുന്ന സ്‌ത്രീകൾക്കും കുളത്തിൽ കൊണ്ടിടുന്നവർക്കും (ഇവർ കന്യകകളായിരിക്കും) ഒരു ചെറിയ ദക്ഷിണ കൊടുക്കാറുണ്ട്‌.
നവ ധാന്യങ്ങളിൽ പെടാത്ത പല ധാന്യങ്ങൾ ഉളളതിൽ ഒന്നാണ്‌ തിന. ഇത്‌ സുബ്രഹ്‌മണ്യസ്വാമിക്ക്‌ പ്രീതിയുളളതാണത്രെ. കാരണം, വളളിദേവി കുട്ടിക്കാലത്ത്‌ തിന വയലിൽ പക്ഷികളെ ആട്ടി അകറ്റിക്കൊണ്ടിരിക്കുമ്പോൾ ആദ്യമായി അവളെക്കണ്ട്‌ മോഹിച്ചു എന്നും വളളിദേവി സ്വാമിക്ക്‌ തേനിൽ കുഴച്ച തിനമാവ്‌ (തിന വറുത്ത്‌ പൊടിച്ചത്‌) ആഹാരമായി കൊടുത്തു എന്നും ഒരു കഥയുണ്ട്‌. ‘വളളിതിരുമണം’ എന്ന നാടകത്തിലുളള പാട്ടിൽ ‘തേനും തിനൈമാവ്‌ ഉണ്ടൂ താങ്കാനവിക്കൽ കൊണ്ടൂ’ (തിനമാവ്‌ തിന്നിട്ട്‌ കലശലായ ഇക്കട്ടം ഉണ്ടായി) എന്ന ഒരു വരി പ്രസിദ്ധമാണ്‌

"വ്യക്തി പരിചയം" ആര്‍ട്ടിസ്റ്റ് നമ്പൂതിരി

"വ്യക്തി പരിചയം"
ആര്‍ട്ടിസ്റ്റ് നമ്പൂതിരി

കെ.എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ് .കേരളീയ രേഖാചിത്രകാരന്‍. ഇന്ത്യന്‍ രേഖാചിത്രകലയിലെതന്നെ മുന്‍നിരയിലുള്ള ഇദ്ദേഹം ചിത്രീകരണകലയിലും ശില്പകലയിലും മൗലികസംഭാവനകള്‍ നല്കിയിട്ടുണ്ട്.
1925 സെപ്. 13-ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍, കരുവാട്ട് മനയില്‍ ജനിച്ചു. പിതാവ് പരമേശ്വരന്‍ നമ്പൂതിരി. മാതാവ് ശ്രീദേവി അന്തര്‍ജനം.
ഔപചാരിക വിദ്യാഭ്യാസം നടത്തിയിട്ടില്ല. വരിക്കാശ്ശേരി മനയില്‍ നിന്ന് പരമ്പരാഗതരീതിയിലുള്ള സംസ്കൃതപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിന്നീട് വൈദ്യപഠനം തുടങ്ങിയെങ്കിലും ഒരാഴ്ചയ്ക്കകം അതവസാനിപ്പിച്ചു. എന്നാല്‍ ഗ്രന്ഥപാരായണത്തിലൂടെ മികച്ച ലോക-കലാ പരിജ്ഞാനം നേടി. അതിനുള്ള സൗകര്യം സ്വന്തം വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. ധനപരമായി മെച്ചപ്പെട്ട നിലയിലായിരുന്നില്ലെങ്കിലും പിതാവ് ഒരു വലിയ ഗ്രന്ഥശേഖരത്തിനുടമയായിരുന്നു. മഹാപണ്ഡിതനായ അദ്ദേഹത്തിന്റെ സ്വകാര്യ ഗ്രന്ഥശാല ഓറിയന്റല്‍ റിസര്‍ച്ച് ലൈബ്രറി എന്നാണറിയപ്പെട്ടിരുന്നത്.
ബാല്യത്തിലേ ചിത്രകലാവാസന പല മട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വീട് പൊന്നാനിപ്പുഴയോരത്തായതിനാല്‍ ബാല്യത്തിലെ ക്യാന്‍വാസ് പുഴമണല്‍പ്പരപ്പായിരുന്നു. ആ ചിത്രകലാവാസനയെ അമ്മ, അച്ഛന്‍പെങ്ങള്‍ തുടങ്ങിയ ബന്ധുക്കളായ സ്ത്രീകളായിരുന്നു ഏറെയും പ്രോത്സാഹിപ്പിച്ചത്. അച്ഛന്റെ ഗ്രന്ഥശേഖരം ഡാവിഞ്ചി, മൈക്കലാഞ്ജലോ തുടങ്ങിയ വിശ്വചിത്രകാരന്മാരുടെ ലോകത്തിലേക്ക് ആനയിക്കുകയും ചെയ്തു. എങ്കിലും വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയിലേക്കുള്ള മാറ്റത്തിനു നിദാനമായത് കെ.സി.എസ്. പണിക്കരുമായുണ്ടായ ഗാഢബന്ധമാണ്.
2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആയിരുന്നു. മലയാളം ആനുകാലികങ്ങളിലെ സാഹിത്യ സൃഷ്ടികൾക്ക് നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും അകമ്പടി തീർക്കാറുണ്ട്. വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകൾ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ് ഭാവങ്ങൾ നിറഞ്ഞവയുമാണ്. അദ്ദേഹത്തിന്റെ ചിത്രകലാ രീതി ധാരാളം പേർ ഇന്ന് അനുകരിക്കുന്നു
ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പിയുമാണ് ആർട്ടിസ്റ്റ് നമ്പൂതിരി. കഥകളി നർത്തകരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരം ഈ അടുത്ത കാലത്ത് പ്രദർശിപ്പിച്ചിരുന്നു.[1] അദ്ദേഹത്തിന്റെ ജീവചരിത്രം ഡി.സി. ബുക്സ് പുറത്തിറക്കിയിരുന്നു.
ആത്മകഥാംശമുള്ള "രേഖകൾ‌" എന്ന പുസ്തകം റെയിൻ‌ബോ ബുക്സ് ചെങ്ങന്നൂർ‌ പ്രസിദ്ധീകരിച്ചു.
ജീവിതരേഖ - എടപ്പാളിനടുത്ത നടുവട്ടത്ത് ജനനം. കെ.സി.എസ്.പണിക്കർ‌, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈൻ‌ ആർ‌ട്സ് കോളജിൽ‌ നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണു രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ‌[2] ചേർ‌ന്നതു. പിന്നീട് കലാകൗമുദി, സമകാലീക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ‌ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ‌‌ വരച്ചു. നമ്പൂതിരിച്ചിത്രങ്ങൽ‌ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ അവൾ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ‌. കഥകൾ‌ക്കു വരച്ച രേഖാചിത്രങ്ങൽ‌ എന്നിവ പ്രസിദ്ധമാണ്.അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു. കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു.

"വ്യക്തി പരിചയം" അക്കിത്തം അച്യുതൻ നമ്പൂതിരി

"വ്യക്തി പരിചയം"
അക്കിത്തം അച്യുതൻ നമ്പൂതിരി

"വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" - മലയാള ഭാഷയിലെ ഒരു കവിയാണ്‌ അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു
ജീവിതരേഖ - 1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.
ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു
അക്കിത്തത്തിന്റെ കൃതികൾ
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാ‍സം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
വെണ്ണക്കല്ലിന്റെ കഥ
ബലിദർശനം
മനസ്സാക്ഷിയുടെ പൂക്കൾ
നിമിഷ ക്ഷേത്രം
പഞ്ചവർണ്ണക്കിളി
അരങ്ങേറ്റം
മധുവിധു ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ)
ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ)
നിമിഷ ക്ഷേത്രം (1972)
ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983)
അമൃതഗാഥിക (1985)
അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ (1986)
കളിക്കൊട്ടിലിൽ (1990)
അക്കിത്തം കവിതകൾ: സമ്പൂർണ്ണ സമാഹാരം(1946-2001). ശുകപുരം: വള്ളത്തോൾ വിദ്യാപീOo, 2002, പു. 1424.
സമത്വത്തിന്റെ ആകാശം. കോട്ടയം: ഡി സി ,1997, പു. 50.
കരതലാമലകം. കോട്ടയം: വിദ്യാർത്ഥിമിത്രം, 1967, പു. 102.
ആലഞ്ഞാട്ടമ്മ. കോട്ടയം: നാഷണൽ ബുക്ക്‌ സ്റ്റാൾ, 1989. പു. 104
പ്രതികാരദേവത. തൃശ്ശൂംർ: യോഗക്ഷേമം, 1948, പു. 20.
മധുവിധുവിനു ശേഷം. കോഴിക്കോട്‌: കെ.ആർ, 1966, പു. 59.
സ്പർശമണികൾ. കോട്ടയം: ഡി.സി, 1991, പു. 110.
അഞ്ചു നാടോടിപ്പാട്ടുകൾ. തൃശ്ശൂർ: കറന്റ്‌, 1954, പു. 38.
മാനസപൂജ. കോട്ടയം: നാഷണൽ,1980, പു. 136
ഉപന്യാസങ്ങൾ
ഉപനയനം (1971)
സമാവർത്തനം (1978)
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (1972) - ബലിദർശനം എന്ന കൃതിക്ക്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973)
ഓടക്കുഴൽ അവാർഡ് (1974)
സഞ്ജയൻ പുരസ്കാരം
പത്മപ്രഭ പുരസ്കാരം (2002)
അമൃതകീർത്തി പുരസ്കാരം (2004)
എഴുത്തച്ഛൻ പുരസ്കാരം )2008)
മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)
വയലാർ അവാർഡ് -2012 - അന്തിമഹാകാലം
വിമർശനം
ഹിന്ദുവർഗീയതയെ താലോലിക്കുന്നതാണ് അക്കിത്തം അച്ചുതൻ നമ്പൂതിരിയുടെ ഏറെനാളത്തെ നിലപാടുകൾ എന്ന വിമർശനം സക്കറിയ ഉൾപ്പെടെയുള്ളവർ ഉയർത്തിയിട്ടുണ്ട്. പുരോഗമനാശയങ്ങളുമായി ആദ്യ ചുവടുകൾ വെക്കാൻ ഭാഗ്യമുണ്ടായവരായ അക്കിത്തത്തെ പോലുള്ളവർ ആർ.എസ്.സിന്റെ അടിമത്തം തേടിപ്പിടിക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം ആരോപിക്കുന്നു

"വ്യക്തി പരിചയം" വി.ടി. ഭട്ടതിരിപ്പാട്

"വ്യക്തി പരിചയം"
വി.ടി. ഭട്ടതിരിപ്പാട്

കേരളത്തിലെ പ്രശസ്തനായ സാമൂഹിക നവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്. ഇംഗ്ലീഷ്:V. T. Bhattathiripad. 1896-ൽ അങ്കമാലിക്കടുത്തുള്ള കിടങ്ങൂർ ഗ്രാമത്തിൽ വി.ടി.യുടെ അമ്മാത്തായ കൈപ്പിള്ളിമനയിൽ ജനിച്ചു. മരണം - 1982. യഥാർത്ഥപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം പഴയ വിഗ്രഹങ്ങൾ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുകയാണ് സാമുദായികമായി ചെയ്തിരിക്കുന്നത്
കേരളബ്രാഹ്മണരായ നമ്പൂതിരിമാർ കേരളത്തിലെ അധിനിവേശക്കാരാണ് എന്നാണ് ചരിത്രം വിവരിക്കുന്നത്. ഇങ്ങനെ കുടിയേറ്റക്കാരായി വന്ന നമ്പൂതിരിമാർ വളരെ താമസിയാതെ അവരുടെ വിദ്യ, വേദജ്ഞാനം, ആയുർവേദജ്ഞാനം മുതലാവ ഉപയോഗിച്ച് സമൂഹത്തിന്റെ മട്ടുപ്പാവിൽ വാണരുളുന്ന് ഭൂദേവന്മാരായിത്തീർന്നു. വേദജ്ഞരായ അവർക്ക് അന്നത്തെ ദ്രാവിഡ രാജാക്കന്മാർ നൽകി വന്ന അകമഴിഞ്ഞ സഹായം നിമിത്തം കോയിലധികാരികളായും ക്രമേണ രാജവംശം തന്നെ നിർണ്ണയിക്കുന്ന ക്രമത്തിലേക്കും ഉയർന്നു. രാജാക്കന്മാർക്ക് വരെ പിഴ വിധിക്കുന്ന നിലയിലേയ്ക്ക് അവരുടെ അധികാരം വളർന്നു. ഇങ്ങനെ സർവ്വാധിപത്യം സിദ്ധിച്ച ഒരു വർഗ്ഗത്തേയോ, വംശത്തേയോ ലോകത്തിന്റെ മറ്റൊരിടത്തും കാണുക സാധ്യമല്ല എന്നാണ് പി.കെ ബാലകൃഷ്ണൻ അവകാശപ്പെടുന്നത്.ഭൂദേവസ്ഥാനം എന്ന് ഋഗ്വേദകാലം മുതൽ ബ്രാഹ്മണർ വിഭാവനം ചെയ്ത സവിശേഷത അതിന്റെ പൂർണ്ണരൂപത്തിൽ സാക്ഷാത്കരിക്കപ്പെടാൻ കേരളത്തിൽ ഇടയായി.
ഇവർ സമൂഹത്തിലെ പരമാധികാരം കൈയ്യാളിയിരുന്നെങ്കിലും അംഗസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയുണ്ടായില്ല. നമ്പൂതിരിമാർ തന്നെ വികസിപ്പിച്ചെടുത്ത സവിശേഷ ആചാരങ്ങൾ ആണ് അതിനു കാരണം. സമുദായത്തിലെ മൂത്ത ആണിനു മാത്രമേ വിവാഹം അനുവദിച്ചിരുന്നുള്ളൂ. മറ്റുള്ളവർ നായർ വീടുകളിലും മറ്റുമായ് ഗാന്ധർവ്വ രീതിയിൽ ലൈംഗിക സംതൃപ്തി നേടിക്കൊണ്ടിരുന്നു. നമ്പൂതിരിമാരുമായി കിടപ്പറ പങ്കിടുന്നത് നായർ സ്ത്രീകൾ അന്തസ്സുള്ളതും അഭിമാനകരവുമായി കരുതി. പരിവേദനം അഥവാ ഇളയവർ കല്യാണം കഴിക്കുന്നത് നിരോധിച്ചതിന് നിമിത്തം നമ്പൂതിരി സ്ത്രീകളിൽ മൂന്നിലൊന്നോളം വരുന്ന സ്ത്രീകൾ തന്നിമിത്തം വിവാഹത്തിന് ഭാഗ്യമില്ലാതെ മരിക്കേണ്ട അവസ്ഥ വന്നിരുന്നു. ഇതിന് ബദലായി അധിവേദനം അഥവാ മൂത്തയാൾ ഒന്നിലധികം വിവാഹം കഴിക്കുന്നത് ഏർപ്പെടുത്തി. ഇതു മൂലം നമ്പൂതിരിമാരെ കല്യാണം കഴിച്ചിരുന്ന ചില സ്ത്രീകൾക്കേ യൌവനയുക്തനായ ഭർത്താവിനെ ലഭിച്ചിരുന്നുള്ളൂ. മിക്കവാറും വൃദ്ധരായ ഭർത്താക്കന്മാരാണ് അവരെ വിവാഹം കഴിച്ചിരുന്നത്. ഇക്കരണത്താൽ തന്നെ സ്ത്രീകൾക്ക് പാതിവ്രത്യ സംശയം മിക്ക വൃദ്ധ ഭർത്താക്കന്മാർക്കും ഉണ്ടായി. സ്ത്രീകൾ കന്യകയായി ചാവുന്നതിലെ പാപം ഒഴിവാക്കാൻ കൈപിടിക്കൽ ചടങ്ങ് പേരിന് ഏതെങ്കിലും കിളവന്മാരോട് നടത്തുക പതിവായി.
ഇത്തരം പാതിവ്രത്യസംശയ നിവാരണത്തിനായി ചെയ്തിരുന്ന മറ്റൊരു ദുരാചാരമാണ് സ്മാർത്തവിചാരം. ദോഷം ആരോപിക്കപ്പെട്ട സ്ത്രീയോട് അതിക്രൂരവും നിന്ദ്യവുമായ രീതിയിലാണ് നമ്പൂതിരിമാർ പെരുമാറിയിരുന്നത്.ഇത്തരത്തിൽ കേരളം മുഴുവനും ഒച്ചപ്പാടുണ്ടാക്കിയ ഒരു സ്മാർത്തവിചാരമാണ് കുറിയേടത്ത് താത്രി എന്ന സാവിത്രിയുടേത്. ഇത് നടന്നത് കൊല്ലവർഷം 1079-ലാണ്. അക്കാലത്ത് അഞ്ചോളം സ്മാർത്തവിചാരങ്ങൾ നടക്കുകയും ചെയ്തതായു കാണിപ്പയൂർ തന്റെ പ്രസിദ്ധമായ ‘എന്റെ സ്മരണകൾ എന്ന പുസ്തകത്തിൽ പറയുന്നു.[5]. വൃദ്ധവിവാഹം നടന്നിരുന്നതിനാൽ മിക്ക സ്ത്രീകളും നേരത്തേ തന്നെ വിധവകൾ ആയി. ലൈംഗിക സംതൃപ്തി ലഭിക്കാത്തതിനാൽ മിക്ക ഇല്ലങ്ങളിലും അധാർമ്മികവൃത്തികൾ അരങ്ങേറി. കുറേയേറെ താത്രിമാർ ഉണ്ടായി.
ഇത്തരം സാമൂഹികമായ അനാചാരങ്ങൾ കൊടികുത്തി വാഴുന്നിടത്താണ് വി.ടി. ഭട്ടതിരിപ്പാട് വേറിട്ട ഉൾക്കാഴ്ചയുമായി പ്രവേശിക്കുന്നത്. സമുദായത്തിലെ ഇത്തരം നീചമായ ആചാരങ്ങൾക്കെതിരെ അദ്ദേഹം യുദ്ധകാഹളം മുഴക്കി.
മൂസ്സ് നമ്പൂതിരിമാരുടെ (മൂത്തയാൾ) താഴെ വന്നിരുന്ന എല്ലാ നമ്പൂതിരി യുവാക്കളും അപ്ഫൻ നമ്പൂതിരി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവർക്ക് ഉണും ഉറക്കവുമല്ലാതെ സ്വന്തം ഇല്ലത്ത് യാതൊരു ജോലിയോ, അധികാരമോ ഉണ്ടായിരുന്നില്ല. വിവാഹം നിഷിധമായ അവർ മറ്റു നായർ തറവാടുകളിൽ സംബന്ധം പുലർത്തിപോന്നതല്ലാതെ കുടുംബം സുഖം അനുഭവിച്ചിരുന്നില്ല. ഇത്തരത്തിൽ ഒരു അപ്ഫൻ നമ്പൂതിരിയായിരുന്നു വി.ടി.യും
ആദ്യകാലങ്ങൾ - വി.ടി.യുടെ ബാല്യകാലം ഒട്ടും ശോഭനമായിരുന്നില്ല. അത്രയൊന്നും സാമ്പത്തികമില്ലാത്ത ഒരില്ലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലം കൂടുതലും പാതാക്കര മനയ്ക്കലും മുതുകുർശി മനയ്ക്കലുമായാണ് കഴിച്ചുകൂട്ടിയത്. മുതുകുർശിമനയിൽ വേദം അഭ്യസിച്ചകാലത്ത് അദ്ദേഹം അപ്ഫന്മാരുടെ കൂട്ടിരിപ്പിനേയും മൂസ്സ് നമ്പൂതിരിമാരുടെ അധിവേദനത്തേയും മറ്റുമുള്ള ചൂടുപിടിച്ച ചർച്ചകൾക്ക് സാക്ഷിയായിരുന്നു. വേദപഠനത്തിനു ശേഷം നിവൃത്തികേടുകൊണ്ട് അദ്ദേഹം മുണ്ടമുക ശാസ്താംകോവിലിലെ ശാന്തിക്കാരനാവേണ്ടി വന്നു. ഈ ജോലിയിൽ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വലിയ ഒരു തുക സ്ത്രീധനമായി വാങ്ങി വേളികഴിക്കുന്നതുവരെ തുടർന്നു. അങ്ങനെ ഇല്ലത്ത് സാമ്പത്തിക നില കൈവന്നപ്പോൾ അദ്ദേഹം ശാന്തിവൃത്തി ഉപേക്ഷിച്ചു പഠനം പുന:രാരംഭിച്ചു.
മുണ്ടമുകക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ട ഒരു സംഭവം ഉണ്ടായി. ഒരു തിയ്യാടി പെൺകുട്ടിയിൽ നിന്ന് അക്ഷരാഭ്യാസം സ്വീകരിച്ചതാണ് ആ സംഭവം. ഇത് അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു. വായിക്കാനും അറിവുനേടാനുമുള്ള ആഗ്രഹം അദ്ദേഹത്തിൽ വളരാൻ ഇടയാക്കി. മറ്റൊരു സംഭവം മുണ്ടമുക ക്ഷേത്രത്തിൽ ശാന്തിയായിരിക്കുമ്പോൾ അവിടെയുള്ള അമ്മുക്കുട്ടി വാരസ്യാരുമായി പ്രേമത്തിലായതും എന്നാൽ അവളെ പെരുമനത്ത് നമ്പൂതിരി സംബന്ധം ചെയ്യാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ മനസ്സിന് വലിയ ആഘാതം ഏൽപ്പിച്ചു.
കൂടുതൽ പഠിക്കാനായി വി.ടി. തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അവിടെ നടന്ന മുറജപത്തിൽ പങ്കു കോണ്ട് അത്യാവശ്യം ജീവിച്ചുപോന്നു. ഇക്കാലത്ത് അദ്ദേഹം കേരളത്തിൽ വളർന്നു വന്നിരുന്ന പുരോഗമനവാദിയും വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവുമായ കുട്ടൻ നമ്പൂതിരിപ്പാടിനെ പരിചയപ്പെടാൻ ഇടയായി. ‘ഉണ്ണി നമ്പൂതിരി‘ എന്ന യോഗക്ഷേമ മാസികയുടെ പത്രാധിപത്യത്തിൽ ഇരുന്നുകൊണ്ട് മിതവാദികൾക്കും യാഥാസ്ഥിതികർക്കും നേരേ പടവാൾ ഓങ്ങിയ ആൾ ആയിരുന്നു കുമാരമംഗലത്ത് കുട്ടൻ നമ്പൂതിരി.
പിന്നീട് പാതാക്കരമനയ്ക്കൽ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശമനുസരിച്ച് പെരിന്തൽമണ്ണ ഹൈസ്കൂളിൽ 1918-ൽ ഒന്നാം ക്ലാസിൽ ചേർന്നു പഠനം ആരംഭിച്ചു. എന്നാൽ ചരിത്രാദ്ധ്യാപകന്റെ അധിക്ഷേപത്തിന് ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയതിന് അദ്ദേഹത്തെ സ്കൂളിൽ നിന്ന് പുറത്താക്കി. 1921 ൽ ഇടക്കുന്നി നമ്പൂതിരി വിദ്യാലയത്തിലാണ് തുടർന്ന് പഠിച്ചത്. എന്നാൽ അവിടേയും വി.ടി. യെ പഠനം തുടരാൻ സാഹചര്യങ്ങൾ അനുവദിച്ചില്ല. സ്വാതന്ത്ര്യ സമരാവേശം തലക്കുപിടിച്ച ചില സഹപാഠികളുമൊത്ത് വി.ടി. അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗസ്സ് പ്രവർത്തനത്തിനായി പോയി. അക്കാലത്ത് വിദേശത്ത് പോകുക എന്നത് തന്നെ നിഷിദ്ധമായിരുന്നു. ഏതായാലും വി.ടി. പ്രായശ്ചിത്തത്തിന് തയ്യാറാവാൻ വിസമ്മതിച്ചതു കൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കാതെ വന്നു.
നവോത്ഥാനത്തിന്റെ തീപ്പൊരികൾ
1923-ല് അദ്ദേഹം യോഗക്ഷേമം കമ്പനിയിൽ ഗുമസ്തനായി ജോലിക്ക് പ്രവേശിച്ചു. പിന്നീട് അദ്ദേഹത്തെ മംഗളോദയം കമ്പനിയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. ശ്രീ നാരായണഗുരു വിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ആദർശത്തോട് ആദരവ് തോന്നാനും എസ്.എൻ.ഡി.പി. യോഗം എന്ന സംഘടനയോട് അടുപ്പം തോന്നാനും ഇക്കാലത്ത് അദ്ദേഹത്തിന് തോന്നിയിരുന്നു. ഈഴവരുട പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കു കൊള്ളുകയും അവരുടെ വീടുകളിൽ നിന്ന് സഹഭോജനം നടത്തുകയും ചെയ്തു. മിശ്രഭോജനം, മിശ്രവിവാഹം എന്നീ വിപ്ലവാശയങ്ങൾ അദ്ദേഹത്തിൽ കടന്നുകൂടിയതും ഇക്കാലത്താണ്.
ഇതേ കാലത്ത് തന്നെ അദ്ദേഹം പ്രസിദ്ധനായ സഖാവ് കെ.കെ. വാരിയർ എം.പി.യുമായി പരിചയത്തിലായി. അദ്ദേഹത്തിന് വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് വഴികാട്ടിയായി അദ്ദേഹം വർത്തിച്ചു.
അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം നമ്പൂതിരി സമൂഹം നന്നേ അധ:പതിച്ചു കഴിഞ്ഞിരുന്നു. എന്നാൽ പുതിയ യോഗക്ഷേമക്കാർ അദ്ദേഹത്തിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്നവരായിരുന്നില്ല. അദ്ദേഹം സമുദായത്തിൽ പറ്റിപ്പിടിച്ച് അഴുക്കിനെ ഇല്ലാതാക്കാൻ തന്നെ തീരുമാനിച്ചിരുന്നു. അതിനായി ലേഖനങ്ങളും പ്രസംഗങ്ങളും മുഖേന ജനങ്ങളെ ആഹ്വാനം ചെയ്തു. പരിവേദനം, മിശ്രവിവാഹം , വിധവാവിവാഹം തുടങ്ങിയവക്ക് സ്വന്തം പ്രവർത്തനങ്ങളിലൂടെ മാതൃക സൃഷ്ടിച്ചു. അപ്ഫനായ അദ്ദേഹം ഇട്ട്യാമ്പറമ്പത്ത് വാസുദേവൻ നമ്പൂതിരിയുടെ മകൾ ശ്രീദേവി അന്തർജനത്തെ 1930-ല് വിവാഹം ചെയ്തു. അതിനു മുന്ന് 1924-ല് തൃത്താല വടക്കെവാര്യത്ത് മാധവിക്കുട്ടി വാരസ്യാരെ സംബന്ധമുറ പ്രകാരം വിവാഹം ചെയ്തിരുന്നു. 1935-ല് ഭാര്യാസഹോദരിയും വിധവയുമായ ഉമാ അന്തർജനത്തെ എം.ആർ.ബി യെക്കൊണ്ട് വിവാഹം കഴിപ്പിച്ച് വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു. 1940-ല് സ്വന്തം സഹോദരി പാർവതി അന്തർജനത്തെ എൻ.കെ. രാഘവപ്പണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മിശ്രവിവാഹത്തിന് തിരികൊളുത്തി. അദ്ദേഹം വീണ്ടും തഴോട്ട് ഇറങ്ങി ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തർജനത്തെ കല്ലാട്ട് കൃഷ്ണൻ എന്ന ഈഴവന് വിവാഹം ചെയ്തു കൊടുത്തു. കുറിയേടത്ത് താത്രി സ്മരിക്കപ്പെടേണ്ട ഒരു നവോത്ഥാന നായികയാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
യാചനായാത്ര - 1931-ൽ അദ്ദേഹം കേരളത്തിന്റെ വടക്കേ അറ്റം വരെ ഒരു യാചനായാത്ര നടത്തി. തൃശ്ശൂരിലെ നമ്പൂതിരി മഠത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ധനശേഖരണാർത്ഥം നടത്തിയതായിരുന്നു ആ യാത്ര. വി.ടി. യെ സംബന്ധിച്ചിടത്തോളം ധനശേഖരണത്തിലുപരി ഒരാദ്ധ്യാത്മിക വിപ്ലവമായിരുന്നു ഉദ്ദേശ്യം. ഒരു മഹത്തായ സന്ദേശത്തിന്റെ പ്രചരണമാണ് അതുകൊണ്ട് സാധിച്ചത്. യാഥാസ്ഥിതികരുടെ ഇടയിൽ ഒരു ചലനം സൃഷ്ടിക്കാനും ഉറങ്ങിക്കിടന്ന സമുദായത്തീ ഒന്നു പിടിച്ചുണർത്താനും ഈ യാത്രകൊണ്ട് സാധിച്ചു. ഇക്കാലത്ത് അദ്ദേഹം കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ അംഗമായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. എന്നാൽ അദ്ദേഹം 1956-ൽ കോൺ‌ഗ്രസ്സിൽ നിന്ന് രാജിവെച്ച് കമ്യൂണിസത്തിനെ കൂട്ടുപിടിച്ചെങ്കിലും താമസിയാതെ അതും തനിക്ക് ചേരുന്നതല്ല എന്നു മനസ്സിലാക്കി അതും ഉപേക്ഷിച്ചു.
നാടകം ജനിക്കുന്നു - യോഗക്ഷേമസഭക്കാരുടേയും നമ്പൂതിരി യുവജനസംഘത്തിന്റേയും ശ്രമഫലമായി ശരിയാക്കിയ ‘നമ്പൂതിരി ബില്ലിന്‘ യാഥാസ്ഥിതികരായ നമ്പൂതിരിമാരുടെ സമ്മർദ്ദം മൂലം കൊച്ചി രാജാവ് നിയമ സാധുത നൽകിയില്ല. ഇതിൽ പരിക്ഷീണിതരായ വി.ടി. യും മറ്റും പ്രഹസനമെന്ന നിലയിൽ ഒരു നാടകം അവതരിപ്പിക്കാൻ ശ്രമം തുടങ്ങി. ഇതാണ് പ്രസിദ്ധമായ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്‘ എന്ന നാടകം. നമ്പൂതിരി വർഗ്ഗത്തിലെ സാമുദായിക അനാചാരങ്ങളെ പ്രഹസനവിധേയമാക്കുന്ന ആ നാടകം വിവിധ അരങ്ങുകളിൽ പ്രദർശിക്കപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ നിന്ന് അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടതായി വന്നു. സ്വന്തം ഇല്ലത്ത് പ്രദർശിപ്പിച്ച വേളയിൽ സ്വന്തം സഹോദരൻ അദ്ദേഹത്തിന് നേരേ വധശ്രമം വരെ നടത്തുകയുണ്ടായി. പ്രദർശനം ഒരു വൻ വിജയമായിരുന്നു. പ്രദർശിപ്പിക്കപ്പെട്ട ഇല്ലങ്ങളിലെല്ലാം അന്തർജനങ്ങൾ മറക്കുള്ളിലിരുന്ന് നാടകം കണ്ടു. അവരെല്ലം ഉദ്ബുദ്ധരായി. നിരവധി സ്ഥലങ്ങളിൽ അന്തർജന സമാജങ്ങൾ രൂപം കൊണ്ടു.
ഘോഷാബഹിഷ്കരണം -പാർവ്വതി നെന്മേനി മംഗലം എന്ന അന്തർജനത്തിന്റെ അദ്ധ്യക്ഷതയിൽ അന്തർജനസമാജം ആദ്യത്തെ യോഗം ചേർന്നു. അതിന്റെ മൂന്നാമത്തെ യോഗം വി.ടി.യുടെ രസികസദനം എന്ന ഇല്ലത്ത് വച്ചായിരുന്നു. സംഭവ സമയത്ത് വി.ടി. അടുത്തുള്ള സ്കൂൾ വാർഷികത്തിൽ പ്രസംഗിക്കുകയായിരുന്നു. യോഗം കഴിഞ്ഞശേഷം അന്തർജനങ്ങൾ മറക്കുട ഇല്ലാതെ ജാഥയായി വി.ടി. പ്രസംഗിച്ചിരുന്ന വേദിയിലേക്ക് കയറിച്ചെന്നു. ഇതായിരുന്നു ആദ്യത്തെ ഘോഷാബഹിഷ്കരണം. വി.ടി.യെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.
ബഹുമതസമൂഹം - 1935-ൽ അദ്ദേഹം വിശാലമായ മറ്റൊരാശയം മുന്നോട്ട് വച്ചു. നാനാജാതി മതസ്ഥർ ഒന്നിച്ചു താമസിക്കുന്ന ഒരു സ്ഥലം ആയിരുന്ന് അദ്ദേഹം മുന്നോട്ട് വച്ചത്. കൊടുമുണ്ട കോളനി എന്ന പേരിൽ അറിയപ്പെട്ട് ഇത് 1935-ൽ തന്നെ സ്ഥാപിക്കപ്പെട്ടു. നാനാജാതിക്കാർ കുറേക്കാലം ഒന്നിച്ചു കഴിഞ്ഞു എന്നാൽ ഇത് വി.ടി.ക്ക് കനത്ത സാമ്പത്തിക ബാദ്ധ്യതകൾ നൽകിത്തുടങ്ങി.
നാടകം
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് (1930)
കരിഞ്ചന്ത
കഥാസമാഹാരം
രജനീരംഗം
പോംവഴി
തെരഞ്ഞെടുത്ത കഥകൾ
ഉപന്യാസം
സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു (1961)
വെടിവട്ടം (1970)
കാലത്തിന്റെ സാക്ഷി
എന്റെ മണ്ണ്
ആത്മകഥ, അനുഭവം
കണ്ണീരും കിനാവും
കർമ്മവിപാകം
ജീവിതസ്മരണകൾ
വി.ടി.യുടെ സമ്പൂർണ്ണകൃതികൾ(1997)

"വ്യക്തി പരിചയം" കൈതപ്രം ദാമോദരന്‍ നമ്പൂതിരി

"വ്യക്തി പരിചയം"
കൈതപ്രം ദാമോദരന്‍ നമ്പൂതിരി

കൈതപ്രം ദാമോദരൻ നമ്പൂതിരി (കൈതപ്രം എന്നറിയപ്പെടുന്നു) മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും,കവിയും, സംഗീതസംവിധായകനും, ഗായകനും,നടനുമാണ്‌. കർണാടക സംഗീതം അഭ്യസിച്ച ഇദ്ദേഹം നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ദേശാടനം എന്ന ചിത്രത്തിന് ഗാനരചനയും, സംഗീതവും നിർ‌വ്വഹിച്ചത് ഇദ്ദേഹമാണ്‌.
കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്തു കേശവൻ നമ്പൂതിരിയുടെയും(കണ്ണാടി ഭാഗവതർ എന്നറിയപ്പെടുന്നു), അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനായി 1950-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം കർണാടക സംഗീതം പഴശ്ശിത്തമ്പുരാൻ‍, കെ പി പണിക്കർ, പൂഞ്ഞാർ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണൻ എന്നിവരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. കുറച്ചു കാലം മാതൃഭൂമി ദിനപത്രത്തിൽ പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു.
ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ്‌ ആണ് കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ദേവദന്ദുഭി സാന്ദ്രലയം എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്.എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് 'തിരുവരങ്ങ്' എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970-കളിൽ കവിത-ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ 'നാട്യഗൃഹ'ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ൽ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. 1985-ൽ, ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഗാനരചന നിർവഹിച്ചത്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20-ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
1993-ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996-ൽ ദേശാടനത്തിലൂടെ സംഗീത സംവിധായകനുമായി. 1997-ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി. ഇതിനകം നാനൂറിൽപ്പരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ ഇദ്ദേഹം സ്ഥാപിച്ച സ്വാതിതിരുനാൾ കലാകേന്ദ്രം സംഗീതപഠനത്തിനും ഗവേഷണത്തിനുമുളള ഒരു മാതൃകാ സ്ഥാപനമാണ്. രോഗശമനത്തിന് സംഗീതചികിത്സ ഫലപ്രദമാണെന്നു തെളിയിക്കാൻ കേരളത്തിലെ നിരവധി ആതുരാലയങ്ങളിൽ ഇദ്ദേഹം സംഗീതപരിപാടികളും ഗവേഷണങ്ങളും നടത്തിവരുന്നു.
ശാസ്ത്രീയ സംഗീത വിദഗ്ദ്ധൻ എന്ന വേഷത്തിൽ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച പ്രധാന സിനിമകൾ
അമ്മയാണെ സത്യം
ഹിസ് ഹൈനസ് അബ്ദുള്ള
ജാഗ്രത
വൈശാലി
സ്വാതി തിരുനാൾ
ദേശാടനം
തീർഥാടനം
നിവേദ്യം
പ്രധാന കൃതികൾ
കവിതാ സമാഹാരങ്ങൾ
തീച്ചാമുണ്ഡി
കൈതപ്രം കവിതകൾ
ലേഖന സമാഹാരം
സ്നേഹരാമായണം
പുരസ്കാരങ്ങൾ
കേരള സർക്കാറിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം
തുളസീവന പുരസ്കാരം-ശാസ്ത്രീയ സംഗീതത്തിലെ ആജീവനാന്ത പ്രവർത്തനത്തിന്‌
കുട്ടമത്ത് അവാർഡ്- കവിതയ്ക്ക്
കുടുംബം
സഹോദരങ്ങൾ കണ്ണാടി വാസുദേവൻ നമ്പൂതിരി, സരസ്വതി, തങ്കം, സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ എന്നിവരാണ്. ഭാര്യ ദേവി അന്തർജ്ജനവും, മക്കൾ പിന്നണി ഗായകനായ ദീപാങ്കുരൻ, ദേവദർശൻ എന്നിവരുമാണ്.
വ്യക്തി പരിചയം"
മാടമ്പ് ശങ്കരന്‍ നമ്പൂതിരി

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി.
1941 ജൂണ്‍ 23 നു തൃശ്ശൂര്‍ ജില്ലയിലെ കിരാലൂരില്‍ ജനിച്ചു. മാടമ്പ് മന കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ പ്രമുഖരായ മന ആണ്. അദ്ദേഹത്തിന്‍റെ അച്ഛന്‍ ശങ്കരന്‍ നമ്പൂതിരി നാട്ടില്‍ പ്രമുഖനായിരുന്നു. മാടമ്പ് സംസ്കൃതം, ഹസ്തായുര്‍വേദം (ആന ചികിത്സ ) എന്നിവ പഠിച്ചു . കുറച്ചു നാള്‍ കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാം തമ്പുരാന്‍ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ത്ത പാദ ശ്രീ ഗുരുവുമാണ്‌ ഗുരുക്കന്മാര്‍ . പരേതയായ സാവിത്രി അന്തര്‍ജ്ജനം ആണ് ഭാര്യ. ജസീന മാടമ്പ് , ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍ .
മാടമ്പിന്‍റെ നോവലുകളും കഥകളും കേരള സമൂഹത്തിന്റെ നേര്ചിത്രങ്ങള്‍ ആണ്. അദ്ദേഹത്തിന്‍റെ തിരക്കഥകളും വളരെ ജനപ്രിയങ്ങള്‍ ആണ്.നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഭ്രഷ്ട് , അശ്വധാമാ, കരുണം, ഗൌരീശങ്കരം, പരിണയം, മകള്‍ക്ക്, ശലഭം എന്നീ മലയാള ചിത്രങ്ങളുടെ കഥ മാടമ്പിന്റെതാണ്‌.
വടക്കും നാഥന്‍ , കരുണം, പോത്തന്‍ വാവ തുടങ്ങി പല ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
ഇപ്പോള്‍ തൃശ്ശൂരില്‍ കലാസാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ട് താമസിക്കുന്നു.
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
നോവലുകൾ
അശ്വത്ഥാമാവ്
മഹാപ്രസ്ഥാനം
അവിഘ്നമസ്തു
ഭ്രഷ്ട്
എന്തരോ മഹാനുഭാവുലു
നിഷാദം
പാതാളം
അഭിനയിച്ച ചലച്ചിത്രങ്ങള്‍
2006 - പോത്തൻ വാവ
2006 - വടക്കുംനാഥൻ
2004 - അഗ്നിനക്ഷത്രം
2001 - കാറ്റുവന്നു വിളിച്ചപ്പോൾ
2000 - കരുണം
1999 - അഗ്നിസാക്ഷി
1998 - ചിത്രശലഭം
1997 - ദേശാടനം
1997 - ആറാംതമ്പുരാൻ
1978 - അശ്വത്ഥാമാവ്
തിരക്കഥ
2005 - മകൾക്ക് (തിരക്കഥ, സംഭാഷണം)
2003 - ഗൗരീശങ്കരം (തിരക്കഥ)
2003 - സഫലം (തിരക്കഥ, സംഭാഷണം)
2000 - കരുണം (തിരക്കഥ)
1997 - ദേശാടനം (തിരക്കഥ)

"വ്യക്തി പരിചയം" ലളിതാംബിക അന്തർജ്ജനം

"വ്യക്തി പരിചയം"
ലളിതാംബിക അന്തർജ്ജനം

കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു ലളിതാംബിക അന്തർജ്ജനം (ജനനം - 1909 മാർച്ച്‌ 30, മരണം - 1987 ഫെബ്രുവരി 6). ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിര:പ്രതിഷ്ഠ നേടി. അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ് , 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലാന്തരേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് ജനിച്ചു.
മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പൺഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയാണ് ലളിതാംബിക. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയാണ് ഭർത്താവ്. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനാണ്.
വിദ്യാഭ്യാസം സ്വഗൃഹത്തിൽവച്ചു നടത്തി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീഭാഷകൾവശമാക്കി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. തുടർന്ന് കഥാരചനയിൽഏർപ്പെട്ട് പേരെടുത്തു. അന്തർജനത്തിൻറെ തിരഞ്ഞെടുത്തകഥകളുടെ അവതാരികയിൽ, അവരുടെ സാഹിത്യസൃഷ്ടിപരമായ അന്തശ്ചോദനയെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു; 'നിയന്ത്രണാതീതമായ സർഗചോദനയ്ക്ക് കീഴടങ്ങി സാഹിത്യസൃഷ്ടി ചെയ്യുന്ന ഒരെഴുത്തുകാരിയാണ് ശ്രീമതി ലളിതാംബിക അന്തർജനം. ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽനിന്ന് നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകൾ മുഴുവനും. നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽസമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ ഇടയിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഭാസമാണ്‌ അന്തർജനം.' ജൻമനാ കവിയായ അവരുടെ കവിത്വത്തിൻറെ അഭിരാമത, കവിതയിലെപോലെ കഥകളിലും കാണാൻകഴിയും.
1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവരാണ്.
പുരസ്കാരങ്ങൾ - കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.
ചെറുകഥകൾ
മൂടുപടത്തിൽ (1946)
കാലത്തിന്റെ ഏടുകൾ (1949)
തകർന്ന തലമുറ (1949)
കിളിവാതിലിലൂടെ (1950)
കൊടുങ്കാറ്റിൽ നിന്ന് (1951)
കണ്ണീരിന്റെ പുഞ്ചിരി (1955)
അഗ്നിപുഷ്പങ്ങൾ (1960)
തിരഞ്ഞെടുത്ത കഥകൾ (1966)
സത്യത്തിന്റെ സ്വരം (1968)
വിശ്വരൂപം (1971)
ധീരേന്ദ്ര മജുംദാറിന്റെ അമ്മ (1973)
പവിത്ര മോതിരം (1979)
നോവൽ
അഗ്നിസാക്ഷി (1977)
കവിതാസമാഹാരങ്ങൾ
ലളിതാഞ്ജലി
ഓണക്കഴ്ച
ശരണമഞ്ജരി
ഭാവദീപ്തി
നിശ്ശബ്ദസംഗീതം
ഒരു പൊട്ടിച്ചിരി
ആയിരത്തിരി - 1969
മറ്റുകൃതികൾ
ഗ്രാമബാലിക(ലഘുനോവൽ)
പുനർജന്മം,വീരസംഗീതം(നാടകം)
കുഞ്ഞോമന,ഗോസായി പറഞ്ഞ കഥ(ബാലസാഹിത്യം)

"വ്യക്തി പരിചയം" കാണിപയ്യൂര്‍ ശങ്കരന്‍ നമ്പൂതിരി

"വ്യക്തി പരിചയം"
കാണിപയ്യൂര്‍ ശങ്കരന്‍ നമ്പൂതിരി

കേരളത്തിലെ പ്രസിദ്ധനായ തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് (ജനനം: മലയാള വർഷം 1066,(ക്രി.വ.1891) മരണം: മലയാള വർഷം 1156 (ക്രി.വ.1981)). തച്ചുശാസ്ത്രഗ്രന്ഥകർത്താവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ് . തൃശ്ശൂർ ജില്ലയിലെ കുന്നുംകുളത്തെ കാണിപ്പയ്യൂര് മനയാണ് ഇദ്ദേഹത്തിന്റെ ഗൃഹം. ഇദ്ദേഹത്തിന്റെ പേരമകൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും പ്രശസ്തനായ ഒരു തച്ചുശാസ്ത്രവിദഗ്ദ്ധനാണ്. കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേഷ്ടകരായിരുന്നു കാണിപ്പയ്യൂർ മനയില നമ്പൂതിരിമാർ.
ബ്രാഹ്മണൻമാരിൽ മാത്രം ഒതുങ്ങിയിരുന്ന പല പൂജാവിധികളും ആചാരങ്ങൾ പുസ്തകരൂപത്തിൽ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ തച്ചുശാസ്ത്രവിധികൾ എല്ലാം തന്നെ ഒരു പുസ്തക രൂപത്തിലാക്കും അത് കുന്നംകുളത്ത് അദ്ദേഹത്തിന്റെ സ്വന്തം അച്ചുകൂടം ആയ പഞ്ചാഗം പബ്ലിക്കേഷൻസിലൂടെ പ്രസിദ്ധീകരിക്കയും ചെയ്തിട്ടുണ്ട്. പഞ്ചാംഗം പ്രസിദ്ധീരണമായിരുന്നു ഈ പ്രസിന്റെ പ്രധാന പ്രസിദ്ധീകരണം.
ഗുരുവായൂർ ക്ഷേത്രം പുനരുദ്ധാരണം ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് മഹാപണ്ഡിതനാണെന്ന് വിശേഷിപ്പിക്കപ്പെടാന്‍ സര്‍വ്വദായോഗ്യനാണ്. ജ്യോതിഷം,തച്ചുശാസ്ത്രം,മന്ത്രശാസ്ത്രം,തന്ത്രം,വൈദ്യം,വൈദികം,സംസ്കൃതഭാഷ തുടങ്ങിയ ധാരാളം വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് അദ്ദേഹം പഠിച്ച പഴയ ശാസ്ത്രങ്ങളിലെ അവഗാഹംകൊണ്ടു മാത്രമല്ല മഹത്വമുള്ള മലയാളിയായിത്തീരുന്നത്. കാണിപ്പയ്യൂര്‍ അവശേഷിപ്പിച്ച നൂറ്റമ്പതോളം പുസ്തകങ്ങളില്‍ ചരിത്ര സാമൂഹ്യശാ‍സ്ത്രപരമായ കുറച്ചു ഗ്രന്ഥങ്ങള്‍ മലയാളത്തിന്റെ നിധിയായി തിരിച്ചറിയപ്പെടാനിരിക്കുന്നതേയുള്ളു. കണിപ്പയ്യൂരിന്റെ കൃതികളിലെ സാഹിത്യ ഭംഗിയോ എഴുത്തിന്റെ പ്രഫഷണലിസമോ അല്ല അതിന്റെ മൂല്യം സൃഷ്ടിക്കുന്നത്.
കേരള സമൂഹത്തിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ വ്യക്തമായ ഒരു സാമൂഹ്യചിത്രം സത്യസന്ധതയോടെയും, ആത്മാര്‍ത്ഥതയോടെയും വരച്ചു ചേര്‍ത്തു എന്നതാണ് കാണിപ്പയ്യൂരിന്റെ വിലമതിക്കപ്പെടേണ്ട സംഭാവന.
പരിഷ്കൃതനും,ചരിത്ര-സാമൂഹ്യബോധമുള്ളവനും, സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളവനുമായ ഒരു നന്മ നിറഞ്ഞമനുഷ്യന്‍ തന്റെ സ്വജാതിയായ നമ്പൂതിരിസമൂഹം വിമര്‍ശിക്കപ്പെടുമ്പോള്‍ പ്രതിരോധം തീര്‍ക്കാനായി സാംസ്ക്കാരികമായ പടക്കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതനാകുന്നതിന്റെ വസ്തുനിഷ്ടമായ ഡയറിക്കുറിപ്പുകളായി അദ്ദേഹത്തിന്റെ പല പുസ്തകങ്ങളേയും തിരിച്ചറിയേണ്ടതുണ്ട്.
നായന്മാരുടെ പൂര്‍വ്വചരിത്രം എന്ന രണ്ടു വാല്യങ്ങളുള്ള പുസ്തകമെഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് ജാതീയതയുടെ അസ്ക്യത കലശലായുണ്ടാകുമെന്ന് ചിന്തിക്കുന്ന നമ്മുടെ കുഞ്ഞു മനസ്സുകളിലേക്ക് അദ്ധേഹത്തിന്റെ വസ്തുനിഷ്ടവും സത്യസന്ധവുമായ സമൂഹത്തോടും ചരിത്രത്തോടുമുള്ള സമീപനം വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. നൂറുകൊല്ലം മുന്‍പ് പേരിനൊരു കോണകം പോലും ശരിക്കുടുക്കാതെ നടന്ന നായന്മാരും മറ്റു ജാതിക്കാരായ മലയാളികളും തങ്ങളുടെ ജാതി ചരിത്രം രേഖപ്പെടുത്തുമ്പോള്‍ യൂറോപ്പിലെ രാജകീയ വസ്ത്രങ്ങള്‍ കടംവാങ്ങി, വാരിപ്പൊത്തി, തലപ്പാവുകളും രാജകീയ പശ്ചാത്തലങ്ങളും കൃത്രിമമായൊരുക്കി പൊങ്ങച്ചക്കാരാകുമ്പോള്‍ കാണിപ്പയ്യൂരിന്റെ സത്യാഭിമുഖ്യത്തിന് സൂര്യശോഭയാണെന്ന് ഈ ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്നു.

"വ്യക്തി പരിചയം" ചെറിയ നാരായണന്‍ നമ്പൂതിരി വൈദ്യമഠം

"വ്യക്തി പരിചയം"
ചെറിയ നാരായണന്‍ നമ്പൂതിരി വൈദ്യമഠം

ഒഴുക്ക് നിലച്ച നിള ഇന്ന് കാല്പനികമായ ഒരു ഓര്‍മ്മ മാത്രമാണ്, ആര്‍ദ്രമായ ഒരു വികാരം മാത്രമാണ്. അതിന് പന്തിരുകുലത്തിന്റെ പെരുമയുണ്ട്. ഒരു സംസ്കാരത്തിന്റെ പിന്‍ബലമുണ്ട്. അതിനെല്ലാം പുറമെ നാടിന്റെ സുഖജീവിതമാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ ഒരു ചികിത്സകന്റെ നിറസാന്നിദ്ധ്യമുണ്ട്. വൈദ്യശാസ്ത്രരംഗത്തെ മുടിചൂടാമന്നനായ വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരി. മഹത്തായ വൈദ്യസേവന പാരമ്പര്യത്തിന്റെ ഉടമ, ശാസ്ത്ര-സാഹിത്യ-വൈജ്ഞാനിക തലങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ളയാള്‍, സാമൂഹിക സേവന തത്പരന്‍....ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍.
1930 ഏപ്രില്‍ 10ന് വൈദ്യശാസ്ത്ര മഹോദധി അഷ്ടവൈദ്യന്‍ ശ്രീ. വൈദ്യമഠം വലിയനാരായണന്‍ നമ്പൂതിരിയുടെയും, അഗ്നിഹോത്രി ഗൃഹത്തിലെ ഉണ്ണിക്കാളി അന്തര്‍ജ്ജത്തിന്റെയും മകനായി പാലക്കാട് ജില്ലയിലെ മേഴത്തൂരില്‍ ജനിച്ചു. പതിനൊന്നാം വയസ്സില്‍ ഉപനയനം. പതമ്മൂന്നില്‍ സമാവര്‍ത്തനം. മുത്തച്ഛന്‍ വലിയ നാരായണന്‍ നമ്പൂതിരിയുടെ ശിഷ്യനായിരുന്ന കോരല്ലൂര്‍ കൃഷ്ണവാരിയര്‍ പ്രാഥമിക സംസ്കൃത പാഠവും, സഹസ്രകോശം ആദ്യഭാഗങ്ങളും ശീലിപ്പിച്ചു. ഭാഗവദോത്തമന്‍ വൈശ്രവണത്ത് രാമന്‍ നമ്പൂതിരിയുടെ കൂടെ താമസിച്ച് സംസ്കൃത പഠനം തുടര്‍ന്നു. കൂടല്ലൂര്‍ ഗുരുകുലത്തില്‍ വി.കെ.ആര്‍.തിരുമുല്പാടിന്റെ കീഴില്‍ കാവ്യനാടകങ്ങള്‍ പഠിച്ചു. മന്ത്രേടത്ത് താമസിച്ച് വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാരില്‍ നിന്ന് തര്‍ക്കവും വ്യാകരണവും അഭ്യസിച്ചു.
കാലം ചാര്‍ത്തിക്കൊടുത്ത കര്‍മ്മം ഏറ്റെടുത്ത് ഒരു നാടിന്റെ സുഖത്തിനായി ജീവിതമുഴിഞ്ഞുവച്ച കര്‍മ്മയോഗിയാണ് വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി. വേദാധികാരങ്ങള്‍ കല്പിച്ച യാഗരക്ഷയ്ക്കായി ശാലാവൈദ്യന്മാരായി അവരോധിക്കപ്പെട്ടവരാണ് വൈദ്യമഠത്തിന്റെ പൂര്‍വ്വികര്‍. ഈ പൈതൃകത്തിന്റെ പിന്‍ തലമുറക്കാരനായ ഇദ്ദേഹം ഇന്നു ചെയ്യുന്നതും ഒരു യാഗരക്ഷയാണ്. വഴിയില്‍ വീണുപോയവര്‍ക്കും, തളര്‍ന്നു പോയവര്‍ക്കും ഒരു താങ്ങായി, ഒരാശ്വാസമായി എന്നും ഈ കര്‍മ്മവര്യന്‍ ഇവിടെയുണ്ടാകും. മലിനമാക്കപ്പെട്ട ഇന്നത്തെ ചികിത്സാമൂല്യങ്ങളും ചികിത്സാവിധികളും ഇദ്ദേഹത്തിനരികില്‍ വഴിമാറുകയാണ്. തന്റെ പ്രവൃത്തിയെ ഒരു യജ്ഞമായിക്കാണുന്ന അദ്ദേഹം അതിനെ ഒരിക്കലും വാണിജ്യവത്കരിക്കാന്‍ ശ്രമിക്കുന്നില്ല. "ചികിത്സകന്‍ രോഗിക്ക് മനസ്സമാധാനം കൊടുക്കുകയാണ് വേണ്ടത്. ഒരാള്‍ ഇവിടെ വരുന്നതു മുതല്‍ അക്കാര്യം ശ്രദ്ധിക്കും. സമ്പാദിക്കാനാണെങ്കില്‍ ആയുര്‍വ്വേദ കോളേജ് പോലുള്ള സംരംഭങ്ങള്‍ തുടങ്ങാം. പക്ഷേ, അതൊന്നും ശരിയാവില്ല". വൈദ്യമഠം തുറന്നു പറയുന്നു.
അമ്മയുടെ ആഗ്രഹവും, മുത്തച്ഛന്റെ അനുഗ്രഹവുമാണ് തന്നെ ഈ കര്‍മ്മപാതയില്‍ എത്തിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. രോഗവാരിധിയില്‍ തകര്‍ന്ന മനസ്സുമായി തന്നില്‍ അഭയം പ്രാപിക്കുന്നവരെ കരകയറ്റാന്‍ ഇവരുടെ അനുഗ്രഹാശിസ്സുകള്‍ കൊണ്ട് മാത്രമാണത്രെ സാധിക്കുന്നത്. ആയുസ്സറ്റുന്നത് എന്ന്, എപ്പോള്‍ എന്നെല്ലാം പറയുന്നതിനുള്ള മിടുക്ക് വലിയ തിരുമേനിക്കുണ്ടായിരുന്നു. ആ മിടുക്ക് ചെറിയ തിരുമേനിക്കും ഉണ്ടെന്ന് പറയുന്നതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ല. രോഗങ്ങളില്‍ പെട്ട് വലയുന്നവരുടെ പ്രാര്‍ത്ഥനകള്‍ക്കും, പ്രതീക്ഷകള്‍ക്കും നടുവില്‍ എണ്‍പതിന്റെ പടവുകള്‍ കയറി നില്‍ക്കുകയാണ് ഈ കര്‍മ്മയോഗി. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയുടെ ശക്തിയുണ്ട്, പാരമ്പര്യമുണ്ട് ഇദ്ദേഹത്തിന്റെ മുന്നോട്ടുള്ള പാതയില്‍.
ചികിത്സയ്ക്കും മറ്റുമായി ലാബോ, യന്ത്രങ്ങളോ മറ്റ് ആധുനിക സജ്ജീകരണങ്ങളോ ഇല്ലാതെ ഉറച്ച മനസ്സിന്റെ മാത്രം പിന്‍ബലത്തിലായിരുന്നു ഈ വൈദ്യകുലപതിയുടെ ഉയര്‍ച്ചയിലേക്കുള്ള യാത്രകള്‍. ചികിത്സയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ തിരുമേനിക്ക് ആരെയും ചികിത്സിക്കാത്തതായ ദിനങ്ങള്‍ നന്നേ കുറവാണ്. പണമോ, പ്രതിഫലമോ തന്റെ ചികിത്സയ്ക്ക് അദ്ദേഹം ലക്ഷ്യമിടുന്നില്ല. പ്രതിഫലം ചോദിക്കരുത്, തരുന്നതെന്താണെന്ന് നോക്കരുത്, നിരസിക്കരുത് എന്ന മുത്തച്ഛന്റെ ഉപദേശമാണ് ഇതിന് ആധാരം. കാലത്തിന്റെ കൈവഴികളില്‍ താന്‍ തന്റെ കര്‍മ്മപാതയില്‍ പൂര്‍ണ്ണമായും നിരതനാണെന്ന ഉത്തമബോധ്യം തിരുമേനിക്കുണ്ട്. അതുകൊണ്ട് തന്നെ തന്നില്‍ വന്നു നില്‍ക്കുന്നതെന്താണെന്നും തന്നില്‍ നിന്നും മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നതെന്താണെന്നും അദ്ദേഹത്തിന് നന്നായറിയാം. "ഞാന്‍ ഇപ്പൊഴും ചികിത്സ പഠിക്കുകയാണ്. ആരും പൂര്‍ണ്ണനല്ല. അവനവന്റെ ജീവിതം പഠിക്കാനുള്ളതാണ്. ഓരോ ചികിത്സയും ഓരോ ജീവനെ കണ്ടറിയലാണ് ഇങ്ങിനെ ചികിത്സിച്ചു കൊണ്ട് മരിക്കണമെന്നാണ് ആഗ്രഹം". തിരുമേനി പറയുന്നു.
തളിര്‍ വെറ്റില തിരഞ്ഞെടുത്ത് മുറുക്കുന്ന ശീലം ഉപേക്ഷിച്ചു. പ്രായത്തിന്റെ ശൗര്യം കൂടിയപ്പോള്‍ ജീവിതത്തില്‍ കൂടെക്കൂട്ടിയ പലതിനെയും പാതിവഴിയില്‍ കൈവെടിയേണ്ടി വന്നു. എങ്കിലും കടുകിട തെറ്റാത്ത നിഷ്ഠകളും തന്നെത്തേടിയെത്തുന്നവരുടെ കാര്യമാണ് സ്വന്തം കാര്യത്തേക്കാള്‍ മുഖ്യം എന്ന ചിന്താഗതിക്കും മാത്രം അന്നും ഇന്നും മാറ്റമില്ല. യാന്ത്രികമായ ജീവിതത്തേക്കാള്‍ പ്രകൃതിയെയറിഞ്ഞ്, നാടിനെയറിഞ്ഞ്, മനുഷ്യരെയറിഞ്ഞ് ജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കര്‍മ്മപുരുഷനാണദ്ദേഹം. നേട്ടങ്ങള്‍ക്ക് നടുവിലും അഹങ്കാരമെന്ന ചെളിക്കൂനയിലേക്ക് വഴുതിവീഴാതെ തന്റെ പാതയിലൂടെ മാത്രം നടന്നു നീങ്ങുന്ന ഒരു ഏകാന്തസഞ്ചാരി.
ആഢംബരങ്ങളോട് ഒട്ടും പ്രിയം തോന്നിയിട്ടില്ലാത്ത ഒരു വ്യക്തി. ജീവിതത്തില്‍ ഇന്നേവരെ ഷര്‍ട്, വാച്ച് എന്നിവയൊന്നും തന്നെ ധരിച്ചിട്ടില്ല. തോളില്‍ ഒരു ഉത്തരീയം കഴുത്തില്‍ ഒരു മാല. ഇതുമാത്രമാണ് ആകെയുള്ള ആഢംബരം. ഏത്നേരത്തും ഏത് കാലാവസ്ഥയിലും. പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റ് കുളത്തിലെ കുളിയും കഴിഞ്ഞ് ദക്ഷിണാമൂര്‍ത്തിയെ പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ പ്രായം അതിന് തടയിട്ടു. ഇപ്പോള്‍ ഉറക്കത്തിന്റെ നീളം കൂടി, കൂടെ ക്ഷീണത്തിന്റെയും. മനസ്സെത്തുന്നിടത്ത് കയ്യെത്താതായി. എങ്കിലും മനസ്സിന്റെ മൂര്‍ച്ചയില്‍ യാതൊരു കുറവുമില്ല, ചികിത്സയുടെയും.
വൈദ്യത്തിന്റെ തിരക്കുകളില്‍ മനം മടുത്തിരിക്കുന്ന സമയങ്ങളിലായിരുന്നു തിരുമേനിയുടെ സാഹിത്യസഞ്ചാരം. വെറുമൊരു നേരമ്പോക്കിനായി കടന്നുവന്നതായിരുന്നെങ്കിലും സാഹിത്യം അദ്ദേഹത്തിന് നന്നേ പിടിച്ചു. ഉള്ളൂരിന്റെ ഉമാകേരളത്തേയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കവിതകളെയും അദ്ദേഹം പ്രണയിച്ചിരുന്നു. അവരിലൂടെ അദ്ദേഹത്തിലെ കവിത്വത്തിന്റെ ജാലകം തുറക്കപ്പെടുകയായിരുന്നു. ഇവരില്‍ നിന്നും കൈക്കൊണ്ട ഊര്‍ജ്ജത്തില്‍ അദ്ദേഹം കവിതകളെഴുതി. 'കാവ്യതീര്‍ത്ഥാടനങ്ങള്‍' എന്ന പേരില്‍ ഒരു കവിതാസമാഹാരം വൈദ്യമഠത്തിന്റെ പേരിലുണ്ട്. അങ്ങിനെ വൈദ്യം മാത്രമല്ല സാഹിത്യവും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.
ഗാര്‍ഗ്ഗഭാരത, അദ്ധ്യാത്മ രാമായണ പരിഭാഷകളിലൂടെ അദ്ദേഹം വീണ്ടും വായനക്കാര്‍ക്കിടയിലെത്തി. സാഹിത്യം തനിക്ക് വെറുമൊരു കമ്പമല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഹസ്ത്യായുര്‍വ്വേദ ഗ്രന്ഥമായ പാലകാവ്യത്തിന്റെ വിവര്‍ത്തനം. പാലകാവ്യ മുനി രചിച്ച അതിപുരാതനമായ ഗജശാസ്ത്രമാണ് പാലകാവ്യം അഥവാ ഹസ്ത്യായുര്‍വ്വേദം. ചമ്പാപുരിയിലെ ലോമപാദ രാജാവും പാലകാവ്യനും തമ്മിലുണ്ടായ സംവാദത്തില്‍ നിന്നുടലെടുത്ത ഹസ്ത്യായുര്‍വ്വേദം പന്തീരായിരത്തോളം ശ്ലോകങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈ കൃതിയുടെ പരിഭാഷ അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു.
യാത്രകള്‍ വൈദ്യമഠം തരുമേനിക്ക് ഹരമായിരുന്നു. ബദരീനാഥ് ഉള്‍പ്പെടെയുള്ള വിദൂരകേന്ദ്രങ്ങളിലേക്ക് വരെ അദ്ദേഹത്തിന്റെ യാത്രാകമ്പം നീണ്ടു. പക്ഷേ അധികനാളുകള്‍ വൈദ്യമഠം വിട്ടുനില്‍ക്കുന്നതിന് അദ്ദേഹം താത്പര്യം കാണിച്ചിരുന്നില്ല. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ യാത്രകളുടെ അനുഭവങ്ങള്‍ 'ദേവയാനങ്ങളിലൂടെ' എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. ഇവ കൂടാതെ ആയുര്‍വ്വേദവും, വൈദ്യവുമെല്ലാം പ്രധാന വിഷയങ്ങളാവുന്ന മറ്റ് പല ഗ്രന്ഥങ്ങളുടെയും കര്‍ത്താവാണ് ചെറിയ തിരുമേനി. അദ്ദേഹത്തിന്റെ കൈത്തഴക്കം വ്യക്തമാക്കുന്ന പ്രധാന കൃതിയാണ് 'ആല്‍ബത്തിലെ ഓര്‍മ്മകള്‍' എന്ന ആത്മകഥ. കള്ളനും, കൊലയാളിക്കും, ലൈംഗിക തൊഴിലാളിക്കും വരെ ആത്മകഥകളിറങ്ങുന്ന ഈ കാലത്ത് അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് വൈദ്യമഠത്തിന്റെ കഥ. ആത്മകഥ എന്നതിലുപരി ദേശത്തിന്റെയും, കാലത്തിന്റെയും അടയാളപ്പെടുത്തലുകളായി മാറുകയായിരുന്നു ആ കൃതി.
കാലാനുവര്‍ത്തിതമായ രണ്ട് റിതുക്കളെ ചികിത്സിച്ചിട്ടുണ്ട് അദ്ദേഹം. ആയുര്‍വ്വേദത്തില്‍ വിശ്വസിച്ച ഒരു തലമുറയെയും, അലോപ്പതിയില്‍ അഭയം കണ്ട മറ്റൊരു തലമുറയെയും. രോഗത്തിന്റെ ഏത് നിലയില്ലാക്കയത്തിലിറങ്ങിച്ചെന്നാലും അടിഞ്ഞു കേറാനുള്ള ഒരു കരയായിരുന്നു മേഴത്തൂരിലെ വൈദ്യമഠം. അഗ്നിഹോത്രിയും, വി.ടി.ഭട്ടതിരിപ്പാടും നടന്നകന്ന വഴികളിലൂടെ കാലമേല്പ്പിച്ച ദൗത്യങ്ങള്‍ തീര്‍ത്തുകൊണ്ട് നടന്നു വരുന്ന മറ്റൊരു മഹായോഗിയാണ് വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി. വേദത്തിന്റെയും വൈദ്യത്തിന്റെയും പറുദീസയല്‍ വിശ്രമിക്കുന്ന ആ കര്‍മ്മധീരനായ വൈദ്യകുലപതിക്ക് ഇന്നീ കൈരളിയുടെ മുഴുവന്‍ പ്രാര്‍ത്ഥന പിന്തുണയായുണ്ട്. ഒരുപാട് മനുഷ്യജന്മങ്ങളുടെ വേദനകളെയും വിഷമങ്ങളെയും കെട്ടഴിച്ച് കാറ്റില്‍ പറത്താന്‍..!!
പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍
ആല്‍ബത്തിലെ ഓര്‍മകള്‍
ചികിത്സാനുഭവം
ദേവായനങ്ങളിലൂടെ
കാവ്യതീര്‍ഥാടനങ്ങള്‍

"വ്യക്തി പരിചയം" പ്രേംജി (സാമൂഹിക പരിഷ്കർത്താവ്, കവി, അഭിനേതാവ്)

"വ്യക്തി പരിചയം"
പ്രേംജി (സാമൂഹിക പരിഷ്കർത്താവ്, കവി, അഭിനേതാവ്)

സാമൂഹ്യപരിഷ്കർത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്. (23 സെപ്റ്റംബർ 1908 - 10 ഓഗസ്റ്റ് 1998).
പ്രേജി ജനിച്ചത് കേരളത്തിലെ മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കിൽ വന്നേരി ഗ്രാമത്തിൽ മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെ പുത്രനായിട്ടാൺ. മാതാവ് ദേവസേന അന്തർജനം. 19-ആം വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. 1977ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർതതകനായി. അക്കലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തിക മാക്കിക്കൊണ്ട് പ്രേംജി കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിലാണ് വിവാഹം ചെയ്തത് എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന സഹോദരൻ എം.അർ. ഭട്ടതിരിപ്പാട് യോഗക്ഷേമസഭയിലും സമുദായപരിഷ്കരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഒരു പ്രൊഫണൽ നാടക നടനായിരുന്നു. . മക്കൾ പ്രേമചന്ദ്രൻ, നീലൻ, ഹരീന്ദ്രനാഥ്, ഇന്ദുചൂഡൻ, സതി.
വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വർണമെഡൽ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
തന്റെ നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും പ്രേംജി കടന്നു.മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പ്രേംജി തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു.ഷാജി എൻ. കരുൺ സംവിധാനം ചെയ്തത പിറവിയിലെ ചാക്യാർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് 1988-ൽ മികച്ച നടനുള്ള ഭരത് അവാർഡും സംസ്ഥാന ഗവണ്മെന്റ് അവാർഡും ലഭിച്ചു.
കവി എന്ന നിലക്കും ശ്ലോകരചയിതാവ് എന്നനിലക്കും പ്രേജി തനതായ സംഭാവന നൽകിയിട്ടുണ്ട്. ശയ്യാഗുണമുള്ളതും സരളമായതും ഒഴുക്കുള്ളതുമാൺ അദ്ദേഹതിന്റെ കൃതികൾ
സപത്‌നി, നാൽക്കാലികൾ, രക്തസന്ദേശം, പ്രേംജി പാടുന്നു(കാവ്യസമാഹാരങ്ങൾ), ഋതുമതി (നാടകം).പ്രേംജി 10 ഓഗസ്റ്റ് 1998 ൽ അന്തരിച്ചു.