Tuesday, July 30, 2013

"വ്യക്തി പരിചയം"

ശങ്കരൻ എമ്പ്രാന്തിരി

                                         
                                  പ്രസിദ്ധനായിരുന്ന ഒരു കഥകളി സംഗീതജ്ഞനായിരുന്നു ശങ്കരൻ എമ്പ്രാന്തിരി. കഥകളി സംഗീത പ്രസ്ഥാനത്തിൽ ഒരു വേറിട്ട രീതി സൃഷ്ടിച്ച ആളായിരുന്നു അദ്ദേഹം. മൃദു ശബ്ദവും രാഗ താള ശ്രുതി നിബദ്ധമായിരുന്ന ആലാപന ശൈലിയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.

1944-ൽ മലപ്പുറം ജില്ലയിലെ വെള്ളയൂർ ഗ്രാമത്തിലെ ജാലമനമഠത്തിൽ ജനിച്ചു. അച്ഛൻ കൃഷ്‌ണൻ എമ്പ്രാന്തിരി, അമ്മ അംബികാ അന്തർജനം. സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം ഗോവിന്ദ പിഷാരടിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു. 1958 ഇൽ കലാമണ്ഡലത്തിൽ ചേർന്ന അദ്ദേഹത്തിന്റെ ഗുരുക്കന്മാർ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ഗംഗാധരൻ, കലാമണ്ഡലം ശിവരാമൻ നായർ, മാധവ പണിക്കർ എന്നിവരായിരുന്നു.
പഠിച്ചുകൊണ്ടിരുന്ന കാലത്ത് ശങ്കരൻ എമ്പ്രാന്തിരി അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കലാമണ്ഡലത്തിലെ പഠനത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സംഗീത പ്രാഗത്ഭ്യം പുറം ലോകമറിഞ്ഞു തുടങ്ങിയത്. 1965 ഇൽ ഇരിങ്ങാലക്കുടയിലെ ഉണ്ണായി വാര്യർ കലാനിലയത്തിൽ അധ്യാപകനായി ജോലി ലഭിച്ച അദ്ദേഹം 1970 ഇൽ കൊച്ചിയിലുള്ള ഫാക്റ്റ് കഥകളി സ്കൂളിൽ അധ്യാപകനായി ചേർന്ന് തന്റെ കലാ സപര്യ തുടർന്നു. കഥകളി സംഗീതത്തിൽ പൊന്നാനി എന്നറിയപ്പെടുന്ന, പ്രധാന ഗായകനാകാൻ പിന്നീട് അധിക സമയം വേണ്ടി വന്നില്ല. കോട്ടക്കൽ ശിവരാമൻ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമൻകുട്ടി നായർ എന്നിവരുടെ കൂടെ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്വരമാധുരി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1990 ഇൽ അദ്ദേഹം വൃക്കരോഗ ബാധിതനായി. പ്രമേഹരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. രോഗം മൂര്ധന്യാവസ്ഥയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. പക്ഷെ സംഗീതം ജീവിത വ്രതമാക്കി മാറിയ ശങ്കരൻ എമ്പ്രാന്തിരി വീണ്ടും കഥകളി വേദിയിൽ സജീവ സാന്നിധ്യമായി മാറി . നിന്നുകൊണ്ട് പാട്ടു പാടാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അതിനാൽ വീൽ ചെയറിൽ ഇരുന്നുകൊണ്ടായിരുന്നു അദ്ദേഹം പാടിയിരുന്നത്.

ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന അദ്ദേഹം; അമ്പലനടയിൽ വച്ച്, തന്നെ പ്രസിദ്ധിയുടെ കൊടുമുടിയിൽ എത്തിച്ച "അജിത ഹരേ മാധവ വിഷ്ണോ" ,"പരി പാഹിമാം ഹരേ" എന്ന് തുടങ്ങുന്ന ഗാനങ്ങളാലപിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ഹിന്ദുസ്ഥാനി സംഗീത ഗായകരോടൊന്നിച്ചുള്ള ജുഗൽബന്ദി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 2003 ഇലെ കേരള സർക്കാരിന്റെ സ്വാതി സംഗീതപുരസ്കാരം ലഭിച്ചത് ശങ്കരൻ എമ്പ്രാന്തിരിക്കായിരുന്നു. അതിനു ശേഷം കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് അദ്ദേഹത്തിന് ലഭിച്ചു. 2007 നവംബർ മാസം 14 ന് ആലുവയിലുള്ള ഒരു ആശുപത്രിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.

കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയുടെ സ്മരണാര്‍ഥം ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സ്, നാല്‍പത് വയസ്സ് കവിയാത്ത കഥകളി സംഗീതജ്ഞന് നല്‍കുന്ന പുരസ്‌കാരമാണ് കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി പുരസ്‌കാരം.10,001 രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
 

Sunday, July 28, 2013

"അഗ്നി അറിവ്"

നവരസങ്ങള്
 
ഗുരു നാട്യാചാര്യ മാണി മാധവ ചാക്യാർ ശൃംഗാര രസം അവതരിപ്പിക്കുന്നു.

ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒൻപത് രസങ്ങൾ (ഭാവങ്ങൾ) ആണ് നവരസങ്ങൾ. നവരസങ്ങൾ:
ശൃംഗാരം
കരുണം
വീരം
രൗദ്രം
ഹാസ്യം
ഭയാനകം
ബീഭത്സം
അത്ഭുതം
ശാന്തം
"ശൃംഗാരഹാസ്യകരുണ: രൗദ്രവീരഭയാനക:
ബീഭൽസാത്ഭുതശാന്താച്യേ ത്യേ ത്യേ ന‌വരസാസ്മൃത:"

ഇന്ത്യൻ നൃത്തരൂപങ്ങളായ കൂടിയാട്ടം, ഭരതനാട്യം, കഥകളി തുടങ്ങിയവയിൽ രസാഭിനയം നവരസങ്ങളെ ആസ്പദമാക്കിയാണ്. പല മുഖഭാവങ്ങളിലൂടെയും കൈമുദ്രകളിലൂടെയും നവരസങ്ങൾ പല ഭാവങ്ങളും അവതരിപ്പിക്കുന്നു.
നവരസങ്ങളെ അതിന്റെ ഏറ്റവും പാരമ്യത്തിൽ അഭിനയിച്ച് ഫലിപ്പിക്കുന്നതിന് നാട്യാചാര്യ പത്മശ്രീ മാണി മാധവ ചാക്യാർക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നവരസാഭിനയങ്ങൾ സംഗീത നാടക അക്കാദമി ശേഖരത്തിലും ലോകമെമ്പാടും പല കാഴ്ചബംഗ്ലാവുകളിലും സൂക്ഷിച്ചുവയ്ച്ചിരിക്കുന്നു.
ശൃംഗാരം

നായികാനായകന്മാർക്ക് പരസ്പരമുണ്ടാകുന്ന അനുരാഗമാണ് രതി. രതി എന്ന സ്ഥായിഭാവം രസമായി വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം. പരസ്പരാകർഷണത്തിന് ഹേതുവായിത്തീരുന്ന സൌന്ദര്യം, സൌശീല്യം തുടങ്ങിയ ഗുണങ്ങളാണ് രതി എന്ന സ്ഥായിഭാവത്തിന് ആലംബം. വസന്തം, ഉദ്യാനം, പൂനിലാവ്, തുടങ്ങിയ സാഹചര്യങ്ങൾ ഉദ്ദീപനമായി തീരുമ്പോൾ വിഭാവം, കടാക്ഷം, മന്ദഹാസം, പുരികങ്ങളുടെ ചലനം, മധുരഭാഷണം, സുന്ദരവിലാസങ്ങൾ എന്നീ ബാഹ്യപ്രകടനങ്ങൾ അനുഭാവങ്ങൾ. ആലസ്യവും, ജുഗുപ്സയും, ഔഗ്രവും ഒഴികെയുള്ള മുപ്പത് സഞ്ചാരീഭാവങ്ങൾ ശൃംഗാരാഭിനയത്തിൽ പ്രയോഗിക്കാം.

യൌവനയുക്തകളായ സ്ത്രീകൾക്ക് ശരീരത്തിലും മുഖത്തും വികാരങ്ങൾ സ്ഫുരിക്കുന്നതിനെ നായികാലങ്കാരങ്ങൾ എന്ന് ഭരതൻ വർണ്ണിച്ചിരിക്കുന്നു. ഈ അലങ്കാരങ്ങൾ ഭാവങ്ങളെയും രസങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഭാവം, ഹാവം, ഹേല എന്ന് അവയങ്ങളിലുണ്ടാകുന്ന മൂന്ന് തരം ശൃംഗാരചേഷ്ടകളാണ്, ആദ്യത്തെ മൂന്ന് നായികാലങ്കാരങ്ങൾ. അഭിനയത്തിലൂടെ ശരീരത്തിൽ തന്നെ ഭാവത്തെ പ്രകാശിപ്പിക്കുന്നത് ഭാവം. ഭാവത്തിൻ കൂടുതൽ മിഴിവ് ഉണ്ടാക്കുന്നത് ഹാവം. ഹാവം കൂടുതൽ സ്പഷ്ടമാകുന്നതാണ് ഹേല. സ്വഭാവജന്യങ്ങളായ ലീല, വിലാസം, വിച്ഛിത്തി, വിഭ്രമം, കിലികിഞ്ചിതം, മോട്ടായിതം, കുട്ടമിതം, ബിംബോകം, ലളിതം, വിഹൃതം എന്ന് പത്ത് തരം ശൃംഗാരചേഷ്ടകളെ നായികാലങ്കാരത്തിൽ തിരിച്ചിട്ടുണ്ട്. വാക്ക്, പ്രവൃത്തി, അലങ്കാരങ്ങൾ എന്നിവയിലൂടെ പ്രിയനെ അനുകരിക്കുന്നതാണ് ലീല. അംഗചലനങ്ങൾ മധുരവും ലളിതവുമാക്കുന്നത് വിലാസം. വേഷഭൂഷാദികൾ അശ്രദ്ധയോടെ കുറച്ചെ ധരിച്ചിട്ടുള്ളുവെങ്കിലും കൂടുതൽ ശോഭയുണ്ടാക്കുന്നതാണ് വിച്ഛിത്തി. മദം, അനുരാഗം, ഹർഷം എന്നിവ നിമിത്തം വാക്കിലും പ്രവൃത്തിയിലും മറ്റും മാറ്റം വന്നുപോകുന്നതാണ് വിഭ്രമം. പലതരം വികാരം ഒന്നിച്ചുണ്ടാകുന്നത് കിലികിഞ്ചിതം. പ്രിയന്റെ കഥകൾ കേൾക്കുമ്പോഴും ഹൃദ്യമായ വാക്കും പ്രവൃത്തിയും കാണുമ്പോഴും തന്നോടുള്ള കാമുകന്റെ അനുരാഗത്തെപറ്റി ചിന്തിക്കുമ്പോഴും ഉണ്ടാകുന്ന വികാരപ്രകടനം മോട്ടായിതം. കാമുകൻ തന്റെ കേശസ്തനാദികൾ ഗ്രഹിക്കുമ്പോൾ ഹർഷസംഭ്രമങ്ങൾ നിമിത്തം സുഖവും ദുഃഖവും പ്രകടിപ്പിക്കുന്നതാണ് കുട്ടമിതം. ഇഷ്ടമുള്ളത് കിട്ടികഴിയുമ്പോൾ ഉണ്ടാവുന്ന അഹങ്കാരം നിമിത്തം അനാദരവ് ഉണ്ടാകുന്നത് ബിംബോകം. സൌകുമാര്യമുള്ള അംഗവിക്ഷേപം ലളിതം. പറയാൻ അറയ്ക്കുന്നത് വിഹൃതം.

അയത്നജാലങ്കാരങ്ങൾ എന്ന പേരിൽ ഏഴ് ശൃംഗാരചേഷ്ടകളുണ്ട്. ശോഭ, കാന്തി, ദീപ്തി, മാധുര്യം, ധൈര്യം, പ്രാഗല്ഭ്യം, ഔദാര്യം എന്നീ വികാരപ്രകടനങ്ങളാനിവ. രൂപയൌവനലാവണ്യങ്ങൾ ഉപഭോഗം നിമിത്തം പുഷ്ട്യെ പ്രാപിച്ചിട്ടുള്ളത് ശോഭ. കാമവികാരം പൂർത്തിയാകുമ്പോഴുണ്ടാകുന്ന ശോഭതന്നെ കാന്തി. കാന്തി വർദ്ധിക്കുമ്പോൾ ദീപ്തി. ദീപ്തവും ലളിതവുമായ ഏതൊരവസ്ഥയിലും മധുരമായി പ്രവർത്തിക്കുന്നത് മാധുര്യം. വളരെ തഞ്ചമായ പെരുമാറ്റം ഏതവസ്ഥയിലും ഉണ്ടായിരിക്കുന്നത് ധൈര്യം. കാമകലാപ്രയോഗത്തിൽ പ്രാഗല്ഭ്യം കാണിക്കുന്നത്തന്നെ പ്രാഗല്ഭ്യം എന്ന അയത്നജാലങ്കാരം. ഇതിൽ നിന്ന് ശൃംഗാരം നവരസങ്ങളുടെ രാജാവ് എന്നു മനസ്സിലാക്കാം.

കരുണം

ശോകമാണ് കരുണത്തിന്റെ സ്ഥായി. പലതരം വ്യസനങ്ങൾ കരുണത്തിന് കാരണമാകാം. അതൊക്കെ ഈ രസത്തിന്റെ വിഭാവങ്ങളാണ്. കണ്ണീരൊഴുക്കൽ, നെടുവീർപ്പ്, ഗദ്ഗദം തുടങ്ങിയവയാണ് അനുഭാവങ്ങൾ. നിർവേദം ഗ്ലാനി, ചിന്ത തുടങ്ങി മിക്ക സഞ്ചാരിഭാവങ്ങളും കരുണത്തിന് ആവശ്യമുണ്ട്.

കണ്ണിൻറെ പോളകൾ രണ്ടും ചുവട്ടിലേക്കു വീണും വിറച്ചുമിരിക്കും. കൃഷ്ണമണികൾ മന്ദഗതിയിലായും ബലഹീനമായും കണ്ണീറോടുകൂടി സഞ്ചരിക്കും. ദൃഷ്ടികൾ മൂക്കിൻറെ അഗ്രത്തോട് ചേർന്നിരിക്കും. പുരികങ്ങൾക്ക് പാതനം നേരിടും. കഴുത്ത് ഒരു ഭാഗത്ത് ചെരിഞ്ഞതായും മാറ് കീഴ്പ്പോട്ടും മേൽപ്പോട്ടും വിറയോടുകൂടിയതായും കാണപ്പെടും.

വീരം

വീരത്തിന്റെ സ്ഥായി ഉത്സാഹം. ഉത്തമന്മാരിലാണ് വീരം ഉണ്ടാകുന്നത്. ഈ രസം ഉണ്ടാകുന്നതിനുള്ള വിഭാവങ്ങൾ കൂസലില്ലായ്മ, മടിയില്ലായ്മ, വിനയം, ബലം, പരാക്രമം, ശക്തി, പ്രതാപം, പ്രഭാവം എന്നിവയാണ്. കുലുക്കമില്ലായ്മ, കരളുറപ്പ്, ഉശിര്, ത്യാഗസന്നദ്ധത എന്നീ അനുഭാവങ്ങളിലൂടെയ്യാണ് അഭിനയികേണ്ടത്. ധൃതി, മതി, ഗർവ്വം, ആവേശം, ഉഗ്രത, അമർഷം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ.

ഇതിൻ കണ്ണിൻറെ മധ്യം നല്ലതു പോലെ വിടർന്നും കൃഷ്ണമണികൾ പുറത്തേക്ക് തള്ളിയും, രണ്ട് പോളകളും നീളത്തിലുമായിരിക്കും. കവിൾതടം പൊങ്ങിയും, ചുണ്ടും പല്ലും സ്വാഭാവികനിലയിലും ശിരസ്സ് സമനിലയിൽ നിർത്തിയുമായിരിക്കും. പുരികവും മൂക്കും സ്വാഭാവികമായിരിക്കും. നോട്ടങ്ങൾ വളരെ ശക്തിയുള്ളതായിരിക്കും.

രൌദ്രം

രൌദ്രത്തിന്റെ സ്ഥായി ക്രോധം. മനസ്സിൽ തട്ടത്തക്കവിധം മറ്റുള്ളവർ ചെയ്യുന്ന അപകാരത്താൽ പ്രതിക്രിയ ചെയ്യാനുള്ള അഭിനിവേശത്തോടുകൂടിയ ക്രോധമാൺ രൌദ്രരസത്തിൻറെ സ്ഥായിരസം. അധിക്ഷേപിക്കുക, അവമാനിക്കുക, ഉപദ്രവിക്കുക, ചീത്തവിളിക്കുക, കൊല്ലാൻ ശ്രമിക്കുക തുടങ്ങിയ ക്രോധപ്രവൃത്തികളായ വിഭാവങ്ങൾ മൂലം രൌദ്രം ഉണ്ടാകുന്നു. അടി, ഇടി, യുദ്ധം തുടങ്ങിയ കർമങ്ങൾ, കണ്ണ് ചുമപ്പിക്കുക, അഹങ്കരിക്കുക, കൈ തിരുമ്മുക തുടങ്ങി നിരവധി അനുഭാവങ്ങളിലൂടെ രൌദ്രം അഭിനയിക്കുന്നു. കൂസലില്ലായ്മ, ഉത്സാഹം, അമർഷം, ആവേഗം, ചപലത, ഉഗ്രത, ഗർവ്വം തുടങ്ങിയവയാണ് സഞ്ചാരിഭാവങ്ങൾ.

ഹാസ്യം

ഹാസ്യത്തിന്റെ സ്ഥായി ഭാവം ഹാസമാണ്. വികൃതമായ രൂപം, വേഷം, സംസാരം മുതലായവയാണ് ഹാസത്തിന് കാരണമായ വിഭാവം. തന്നത്താൻ ചിരിക്കുന്നത് ആത്മസ്ഥവും, അന്യരെ ചിരിപ്പിക്കുന്നത് പരസ്ഥവും. സ്മിതം, ഹസിതം, വിഹസിതം, ഉപഹസിതം, അപഹസിതം, അതിഹസിതം എന്ന് ഹാസ്യം ആറ് തരം. ഉത്തമന്മാർക്ക് സ്മിതവും ഹസിതവും, മദ്ധ്യമന്മാർക്ക് വിഹസിതവും ഉപഹസിതവും, അധമന്മാർക്ക് അപഹസിതവും അതിഹസിതവും യോജിക്കും. കവിൾ വികസിച്ച് കടാക്ഷത്തോടെയുള്ള മന്ദഹാസം സ്മിതം. ഹസിതത്തിൽ പല്ലുകൾ കുറേശ്ശ പുറത്ത് കാണിച്ച് ചിരിക്കും. ഉചിതകാലത്തുള്ള മധുരമായ ചിരിയാണ് വിഹസിതം. മൂക്ക് വിടർത്തി വക്രദൃഷ്ടിയോടെ തോളും തലയും കുനിച്ച് ചിരിക്കുന്നത് ഉപഹസിതം. അനവസരത്തിൽ കണ്ണീരോടെ തോളും തലയും ചലിപ്പിച്ച് ചിരിക്കുന്നത് അപഹസിതം. അസഹ്യമായ പൊട്ടിച്ചിരി അതിഹസിതം. അവഹിത്ഥം, ആലസ്യം, നിദ്ര, അസൂയ മുതലായവ സഞ്ചാരിഭാവങ്ങൾ.

ഭയാനകം

ഈ രസത്തിന്റെ ആത്മാവ് ഭയം എന്ന സ്ഥായിഭാവമാണ്. ഹിംസ്രജന്തുക്കളെയോ മറ്റോ കണ്ട് പേടിക്കുക, വിജനതയിൽ അകപ്പെടുക, സ്വജനങ്ങൾക്കുണ്ടാകുന്ന ആപത്ത് അറിയുക തുടങ്ങിയവ വിഭാവങ്ങൾ. കൈകാലുകൾ വിറച്ചും, മുഖം കറുത്തും, ഒച്ചയടച്ചും മറ്റും ഈ രസം അഭിനയിക്കുന്നു. ശങ്ക, മോഹാലസ്യം, ദൈന്യം, ആവേഗം, ചപലത, ജഡത, ത്രാസം, അപസ്മാരം, മരണം എന്നിവയാണ് സഞ്ചാരിഭാവങ്ങൾ.

ബീഭത്സം

സ്ഥായി ജുഗുപ്സ. ഇഷ്ടപ്പെടാത്ത വസ്തുക്കളെയോ കാര്യങ്ങളെയോ പറ്റി കേൾക്കുകയോ ഓർമ്മിക്കുകയോ അവയെ കാണുകയോ ചെയ്യുന്നതിൽനിന്നും ബീഭത്സം ഉണ്ടാകുന്നു. മുഖം വക്രിക്കുക, തുപ്പുക, ഓക്കാനിക്കുക മുതലായ അനുഭാവങ്ങളോടെ അഭിനയിക്കുന്നു. അപസ്മാരം, ഉദ്വേഗം, ആവേഗം, മോഹം, വ്യാധി, മരണം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ. കണ്ണിൻറെ തടങ്ങളും കടക്കണ്ണും ചുരുങ്ങുകയും കൃഷ്ണമണി ദയയിൽ മുങ്ങിമങ്ങുകയും രണ്ട് കൺപോളകളുടെയും രോമങ്ങൽ തമ്മിൽ ചേരുകയും കൃഷ്ണമണി അകത്തേക്ക് വലിയുകയും ചുളുങ്ങിയ പുടങ്ങളോടുകൂടിയ, പുരികങ്ങൾക്ക് പാതനവും മൂക്കിൻറെ പുടത്തിൻ വീർപ്പും കവിൾതടത്തിൻ താഴ്മയും ഭവിക്കുകയും ചെയ്യുന്നു. മുഖരാഗം ശ്യാമവും നിറം നീലയും ദേവത മഹാകാലനുമാകുന്നു.

അത്ഭുതം

അത്ഭുതത്തിന്റെ സ്ഥായി വിസ്മയം. ദിവ്യജനദർശനം, ഇഷ്ടഫലപ്രാപ്തി, മഹത്തായ കാഴ്ചകൾ കാണുക, നടക്കാനാകാത്തത് നടക്കുക തുടങ്ങിയവ വിസ്മയം ഉത്ഭവിക്കുന്നതിനുള്ള വിഭാവങ്ങൾ. കണ്ണിമയ്ക്കാതെ വട്ടം പിടിച്ച് നോക്കുക, പൊട്ടിച്ചിരിക്കുക, സന്തോഷിക്കുക തുടങ്ങിയ അനുഭാവങ്ങളോടെ ഈ രസം അഭിനയിക്കണം. ആവേഗം, സംഭ്രമം, പ്രഹർഷം, ചപലത, ഉന്മാദം, ധൃതി, ജഡത, പ്രളയം മുതലായവ സഞ്ചാരിഭാവങ്ങൾ.

ഇതിൻ കൺപോളകളുടെ രോമാഗ്രം വളഞ്ഞും കൃഷ്ണമണികൾ ആശ്ചര്യത്താൽ മയത്തോടുകൂടിയും ദൃഷ്‌ടികൾ എല്ലാഭാഗവും നല്ലവണ്ണം പുറത്തേക്കു തള്ളി നിൽക്കുന്ന വിധത്തിലുമായിരിക്കണം. പുരികം പൊങ്ങിയും, മൂക്ക് സ്വാഭാവികമായും, കവിൾതടം വിടർന്നും, പല്ലും ചുണ്ടും സ്വതവേയുള്ള നിലയിലുമായിരിക്കും.

ശാന്തം

‘അഷ്ടാവേവ രസാ നാട്യേ’ എന്നു ഭരതൻ നിർവ്വചിച്ചിരുന്നു. ശാന്തം എന്ന രസം പിന്നീടുണ്ടായതാകണം. ശമമാണ് ശാന്തരസത്തിന്റെ സ്ഥായി. മോക്ഷദായകമാണ് ശാന്തരസം. തത്ത്വജ്ഞാനമാണ് ശാന്തത്തിന്റെ വിഭാവം. സുഖദുഃഖങ്ങളില്ലാത്ത, രാഗദ്വേഷാദികളില്ലാത്ത ഒരവസ്ഥയാണ് ശാന്തം. ഇന്ദ്രിയനിഗ്രഹം, അദ്ധ്യാത്മധ്യാനം, ഏകാഗ്രത, ദയ, സന്യാസജീവിതം എന്നീ അനുഭാവങ്ങളിലൂടെ ശാന്തരസം അഭിനയിക്കുന്നു. നിസ്സംഗത്വവും ഭക്തിയും അതനുസരിച്ചുള്ള മുഖഭാവങ്ങളും ശാന്തരസാഭിനയത്തിൻ ആവശ്യമാണ്. നിർവ്വെദം, സ്മൃതി, സ്തംഭം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ
കടപ്പാട്:വിക്കിപീഡിയ

Friday, July 26, 2013

കൂത്തമ്പലം



കേരളത്തിലെ പ്രാചീന നാടകകലയായ കൂത്ത് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കൂത്തമ്പലം അഥവാ കൂത്തുപുര. അമ്പലങ്ങളിൽ ശ്രീകോവിലിന്റെ മുൻ‌വശത്ത് തെക്കു മാറിയാണ് കൂത്തമ്പലത്തിന്റെ സ്ഥാനം.ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ മണ്ഡപവിധി പ്രകാരമാണ് കൂത്തമ്പലങ്ങളുടെ നിർമ്മാണം. ക്ഷേത്രംപോലെ പരിപാവനമായി കൂത്തമ്പലവും കരുതപ്പെടുന്നു. എല്ലാ കൂത്തമ്പലങ്ങളും ക്ഷേത്രങ്ങൾക്ക് അകത്താണ് സ്ഥിതിചെയ്യുന്നത്. കൂത്ത്, കൂടിയാട്ടം തുടങ്ങിയ ആചാരകലകളാണ് കൂത്തമ്പലത്തിൽ അവതരിപ്പിക്കുക. ചാക്യാർ സമുദായത്തിൽ നിന്നുള്ള പുരുഷൻ‌മാർക്കേ കൂടിയാട്ടം അവതരിപ്പിക്കുവാൻ അനുവാദമുള്ളൂ. അമ്പലവാസി, നമ്പ്യാർ ജാതികളിൽപ്പെട്ട നങ്ങ്യാരമ്മമാർ നങ്ങ്യാർ കൂത്ത്, കൂടിയാട്ടത്തിലെ സ്ത്രീകഥാപാത്രങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. വിശുദ്ധ മദ്ദളമായ മിഴാവ് കൂത്തമ്പലത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. മിഴാവും ഇലത്താളവും കൂത്തിന് അകമ്പടിയായി ഉപയോഗിക്കുന്നു. നങ്ങ്യാരമ്മമാർ ആണ് ഇലത്താളം മുഴക്കുക.

ഐതിഹ്യം

ബ്രഹ്മാവ്‌ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ച്‌ സുരക്ഷിതമായ ഒരു നാട്യഗൃഹം നിർമ്മിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് നാട്യമണ്ഡപത്തിൻറെ (കൂത്തമ്പലത്തിൻറെ) ഉല്പത്തി എന്നാണ് ഐതിഹ്യം.

രൂപകല്പന

മൂന്ന്‌ തരം നാട്യഗൃഹങ്ങളെപ്പറ്റി നാട്യശാസ്ത്രത്തിലെ രണ്ടാം അദ്ധ്യായമായ “മണ്ഡപവിധി“യിൽ പറയുന്നു. വികൃഷ്ടം (ദീർഘചതുരം), ചതുരശ്രം (ചതുരം), ത്ര്യശ്രം (മുക്കോണം) എന്ന മാതൃകയിൽ 108 കോൽ, 64 കോൽ, 32 കോൽ എന്ന കണക്കിൽ ജ്യേഷ്ഠം, മദ്ധ്യമം, കനിഷ്ഠം എന്നു മൂന്ന്‌ തരത്തിലാണ് നാട്യമണ്ഡപങ്ങളുടെ രൂപകല്പന
.
 അളവ്‌ കോൽകണക്കിലും ദണ്ഡുകണക്കിലും ആകാം. ദീർഘചതുരംതന്നെ 108 കോൽ, 108 ദണ്ഡ്‌, 64 കോൽ, 64 ദണ്ഡ്‌, 32 കോൽ, 32 ദണ്ഡ്‌ ഇങ്ങനെ ആറ് തരത്തിലുണ്ട്‌. ചതുരവും മുക്കോണവും ഇങ്ങനെ ആറ് വീതം ഉണ്ടാക്കാം. അപ്പോൾ കൂത്തമ്പലം പതിനെട്ടുതരത്തിൽ നിർമ്മിക്കാം. ജ്യേഷ്ഠം വലിയതും, മദ്ധ്യമം ഇടത്തരവും, കനിഷ്ഠം ചെറിയതുമായ കൂത്തമ്പലങ്ങളാണ്.
 വലുത്‌ ദേവന്മാർ കഥാപാത്രങ്ങളാകുമ്പോഴാണ് വേണ്ടത്‌. മനുഷ്യർ കഥാപാത്രങ്ങളാകുമ്പോൾ കൂത്തമ്പലത്തിൻറെ നീളം 64 കോലും വീതി 32 കോലും ആയിരിക്കണം. ഇതിൽക്കവിഞ്ഞ അളവിൽ നാട്യമണ്ഡപം നിർമ്മിക്കാൻ പാടില്ലെന്നാണ് നാട്യശാസ്ത്രവിധി. രംഗം അകലത്തായാൽ സംഭാഷണം അവ്യക്തമാകും. നടൻറെ ഭാവപ്രകടനങ്ങളും വ്യക്തമായി കാണാൻ കഴിയില്ല. മൂന്നുതരം കൂത്തമ്പലങ്ങളെപ്പറ്റി പറഞ്ഞതിൽ അറുപത്തിനാലുകോലുള്ള മദ്ധ്യമമാണ് ഏറ്റവും നല്ലതെന്ന്‌ ഭരതൻ പറയുന്നു. സംഭാഷണവും ഗീതവും സുഖമായി കേൾക്കുകയും മുഖഭാവങ്ങൾ ഭംഗിയായി കാണുകയും ചെയ്യാം.
 “ദേവസ്യാഗ്രേ ദക്ഷിണാതോ രുചിരേ നാട്യമണ്ഡപേ” എന്ന് പ്രമാണം.
 കൂത്തമ്പലത്തിൻറെ ഭാഗങ്ങൾ

രംഗപീഠം(stage)
 രംഗശീർഷം(upstage)
 മത്തവാരണി(രംഗപീഠത്തിന് ഇരുവശവുമുള്ള സ്ഥലം)
 നേപഥ്യം(അണിയറ)
 പ്രേക്ഷാഗൃഹം(auditorium)
 മുഖമണ്ഡപം
 നാട്യമണ്ഡപത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ തന്നെ കണ്ണിന് ആനന്ദം പകരുന്ന കൊത്തുപണികളും അലങ്കാരങ്ങളും ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്‌. നാട്യമണ്ഡപം നിർമ്മിക്കുമ്പോഴുള്ള ചടങ്ങുകളും പൂജാവിധികളും നാട്യശാസ്ത്രവിധിയിൽ ഉണ്ട്‌.

കൂത്തമ്പലങ്ങളുള്ള ക്ഷേത്രങ്ങൾ

1.തിരുമാന്ധാംകുന്ന് ക്ഷേത്രം
 2.തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം
 3.തിരുവാലത്തൂർ ഭഗവതീക്ഷേത്രം
 4.ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
 5.ആർപ്പൂക്കര സുബ്രഹ്മണ്യക്ഷേത്രം
 6.കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം
 7.തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം
 8.തിരുമൂഴിക്കുളം ക്ഷേത്രം
 9.തിരുനക്കര മഹാദേവക്ഷേത്രം
 10.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം
 11.ചെങ്ങന്നൂർ മഹാദേവക്ഷേത്രം
 12.ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം
 13.തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം
 14.പെരുവനം മഹാദേവക്ഷേത്രം
 

Thursday, July 25, 2013


"അഗ്നി അറിവ്"

 


കൃഷ്ണനാട്ടം
കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ്‌ കൃഷ്ണനാട്ടം.

കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്‌. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്
കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദനാൽ (1595-1658 കൃ.വ.) രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന്‌ ഉടലെടുത്ത കലാരൂപമാണ്‌ കൃഷ്ണനാട്ടം.12-ആം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്റെ ഗീതാഗോവിന്ദത്തിനു ചുവടുപിടിച്ചു രചിക്കപ്പെട്ട കൃഷ്ണഗീഥിയുടെ ദൃശ്യാവിഷ്കാരം 300 -ൽ പരം വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഇന്നു കാണുന്ന കൃഷ്ണനാട്ടം ആകുന്നത്‌.

 ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത്‌. ഇവ ക്രമപ്രകാരം 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'ബാണയുദ്ധം', 'വിവിദവധം', 'സ്വർഗാരോഹണം' എന്നിവയാണ്‌. ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വർഗ്ഗാരോഹണത്തിനു ശേഷം 'അവതാരം' കൂടി ആടാറുണ്ട്‌.
കൂട്ടിയാട്ടത്തിൽ നിന്ന്‌ അലങ്കാരവും വസ്‌ത്രരീതികളും സ്വാംശീകരിച്ച കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണം ഇടയ്ക്കയാണ്‌. ശുദ്ധമദ്ദളം, ശംഖ്‌, ഇലത്താളം എന്നിവയും ഉപയോഗിച്ചു കാണാം. കഥകളിയുടെ പല അംശങ്ങളും കൃഷ്ണനാട്ടത്തിൽ നിന്നു സ്വീകരിച്ചതാണ്‌ (ഒന്നിൽ കൂടുതൽ പിൻപാട്ടുകാർ, കിരീടാലങ്കാരം ഇത്യാദി).

 കൃഷ്ണാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്നത്. കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട്. രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയിൽനിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും ഉണ്ട്. കഥകളിയിൽ നടൻ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല. പക്ഷേ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും, കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമർദ്ദനത്തിലും വിളക്കിന് മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സം‌വിധാനം ചെയ്തിട്ടുള്ളത്. കൃഷ്ണനാട്ടം പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം താണ്ഡവപ്രധാനമാണ്

 ഐതിഹ്യം

കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ്. ശ്രീകൃഷ്ണദർശനത്തിനു വേണ്ടി മാനവേദൻ വില്വമംഗലത്തോട് അഭ്യർത്ഥിച്ചുവെന്നും, അങ്ങനെ ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം. വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാൻ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് തമ്പുരാൻ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ബാലഗോപാലവിഗ്രഹം മുമ്പിൽ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം ആ ഇലഞ്ഞിമരംകൊണ്ട് നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം.

 മറ്റൊരു ഐതിഹ്യം

കൊച്ചിരാജാവും സാമൂതിരിയും തമ്മിൽ പണ്ട് ശത്രുതയിലായിരുന്നു. ഇടയ്ക്ക് സൗഹാർദ്ദത്തിൽ കഴിഞ്ഞകാലത്ത് കൃഷ്ണനാട്ടത്തെ കൊച്ചിയിലേക്ക് ക്ഷണിച്ചു. കംസവധം ആടിയ ദിവസം കുവലയാപീഡംരംഗത്ത് യഥാർത്ഥമായി ഒരു കൊമ്പനാനയെ നിർത്താൻ കൊച്ചിരാജാവ് ശട്ടം കെട്ടിയിരുന്നു. സാമൂതിരിയോടുള്ള അസൂയകൊണ്ടും കൃഷ്ണനാട്ടകലാകാരന്മാരെ പരീക്ഷിക്കാനുമായിരുന്നു ഇത്. മഥുരയുടെ ഗോപുരദ്വാരത്തിൽ എത്തിയ ഭാഗം ആടിക്കഴിഞ്ഞപ്പോൾ കൃഷ്ണന്റെ വേഷം കെട്ടിയിരുന്ന നടന് ഒരാവേശം ഉണ്ടായി. ജീവനുള്ള ആനയുടെ കൊമ്പ് പറിച്ചെടുത്ത് കൃഷ്ണൻ കംസവധത്തിനായി രാജാവിന്റെ നേരേ അടുത്തപ്പോൾ കളിയാശാൻ കൃഷ്ണന്റെ മുടി അഴിച്ചെടുത്തതുകൊണ്ട് അപകടം സംഭവിച്ചില്ലെന്നും പറയപ്പെടുന്നു. ഏതായാലും അതിനുശേഷം വളരെക്കാലം കൊച്ചിരാജ്യത്ത് കൃഷ്ണനാട്ടം ഉണ്ടായിട്ടില്ല.

സംഗീതം

കൃഷ്ണനാട്ടത്തിലെ സംഗീതം സാമവേദാലാപനത്തെയും കൂടിയാട്ടത്തിൽ ചാക്യാരുടെ സ്വരിക്കലിനെയും അനുസ്മരിച്ചുകൊണ്ടാണ് ഉണ്ടായിട്ടുള്ളതെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഗുരുവായൂർ മതിൽക്കകത്ത് കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. കൂടുതൽ ജനപ്രീതി നേടാൻ വേണ്ടിയുള്ള ഈ പരിഷ്കരണത്തോട് കൃഷ്ണനാട്ടത്തിന്റെ തനിമ കാത്തുസൂക്ഷിക്കണമെന്ന് അഭിപ്രായമുള്ളവർക്ക് വിയോജിപ്പാണുള്ളത്. കേരളത്തിലെ സോപാനസംഗീതമാർഗ്ഗമാണ് കൃഷ്ണനാട്ടത്തിൻറേതെന്ന് അവർ അഭിപ്രായപ്പെടുന്നു. ശുദ്ധമദ്ദളവും തൊപ്പിമദ്ദളവും ഇലത്താളവും ചേങ്ങലയും ചേർന്നുള്ള താളപ്രയോഗം കൃഷ്ണനാട്ടത്തിനു കൊഴുപ്പുകൂട്ടുന്നു. കഥകളിയിലെപ്പോലെ കൃഷ്ണനാട്ടത്തിൽ പാട്ട് ആവർത്തിച്ച് പാടാറില്ല. പദംപ്രതിയുള്ള അഭിനയം കൃഷ്ണനാട്ടത്തിൽ ആവശ്യമില്ലാത്തതുകൊണ്ടുകൂടിയാകാമിത്. കൃഷ്ണനാട്ടത്തിൽ പാട്ട് പുറകിലായതും നടന് നൃത്തം ചെയ്യാൻ കൂടുതൽ സന്ദർഭവും സൗകര്യവും കൊടുക്കാൻ കൂടിയാകാം.
വേഷവിധാനം

 അഭ്യാസവും കഴിവും ഉള്ള ആർക്കും കൃഷ്ണനാട്ടത്തിൽ വേഷം കെട്ടാം. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ രൂപപ്പെടുത്തിയത് വില്വമംഗലം സ്വാമിയായിരുന്നെന്നാണ് ഐതിഹ്യം. കിരീടത്തിനും മെയ്യാഭരണങ്ങൾക്കും കൂടിയാട്ടവേഷങ്ങളോട് സാദൃശ്യമുണ്ട്. ഗുരുവായൂരിൽ കൃഷ്ണനാട്ടവേഷങ്ങളെ കഥകളിവേഷങ്ങളോട് ഏകദേശം തുല്യമാക്കിയാണ് അവതരിപ്പിച്ച് വരുന്നത്. പ്രധാന സ്ത്രീവേഷങ്ങളായ ദേവകിക്കും രുക്മിണിയ്ക്കും രാധയ്ക്കും ചുട്ടിയുണ്ട്.

 അഭ്യാസമുറ
ഏകദേശം ആറ് വയസ്സിലാണ് ആൺകുട്ടികളെ കൃഷ്ണനാട്ടം അഭ്യസിപ്പിച്ചു തുടങ്ങുന്നത്. പത്തുവർഷത്തെ നിരന്തര അഭ്യാസം വേണം. കർക്കിടകമാസനാളുകളിൽ നാല്പത് ദിവസത്തെ ഉഴിച്ചിൽ, വെളുപ്പാൻ കാലത്ത് നാലുമണിക്ക് കണ്ണു സാധകവും മെയ് സാധകവും, ഒന്നര മണിക്കൂർ നേരം ചുവടുസാധകം, കാലത്ത് എട്ടുമണി മുതൽ പത്തുമണിവരെ അഭ്യാസം, വീണ്ടും കണ്ണുസാധകം, താളം, വായ്ത്താരി എന്നിവ. തുടർന്ന് മൂന്ന് മണിമുതൽ ചൊല്ലിയാട്ടം, വൈകുന്നേരം ആറുമണിക്ക് ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു മുമ്പ് ക്ഷേത്രത്തിൽ ചെന്ന് നാമജപം ചെയ്ത് തൊഴുത ശേഷം വീണ്ടും കളരിയിൽ പോയി അഭ്യസനം. ഇതാണ് അഭ്യാസ മുറ