"അഗ്നി അറിവ്"
കൃഷ്ണനാട്ടം
കേരളത്തിന്റെ തനതുകല എന്ന്
വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ്
കൃഷ്ണനാട്ടം.
കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ
കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന
വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം.
എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ ,
എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു
പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്
കോഴിക്കോട് സാമൂതിരിയായിരുന്ന
മാനവേദനാൽ (1595-1658 കൃ.വ.) രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന് ഉടലെടുത്ത
കലാരൂപമാണ് കൃഷ്ണനാട്ടം.12-ആം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്റെ ഗീതാഗോവിന്ദത്തിനു
ചുവടുപിടിച്ചു രചിക്കപ്പെട്ട കൃഷ്ണഗീഥിയുടെ ദൃശ്യാവിഷ്കാരം 300 -ൽ
പരം വർഷങ്ങൾക്ക് ശേഷമാണ് ഇന്നു കാണുന്ന കൃഷ്ണനാട്ടം ആകുന്നത്.
കൃഷ്ണാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ
കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി,
അരങ്ങുകേളി, തോടയം, പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ
കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ്
പുറപ്പാട് അവതരിപ്പിക്കുന്നത്. കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട്.
രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയിൽനിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും
ഉണ്ട്. കഥകളിയിൽ നടൻ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല. പക്ഷേ കൃഷ്ണനാട്ടത്തിൽ
വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും, കൃഷ്ണനും
മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമർദ്ദനത്തിലും വിളക്കിന്
മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സംവിധാനം ചെയ്തിട്ടുള്ളത്. കൃഷ്ണനാട്ടം
പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം
താണ്ഡവപ്രധാനമാണ്
കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല
ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ്. ശ്രീകൃഷ്ണദർശനത്തിനു
വേണ്ടി മാനവേദൻ വില്വമംഗലത്തോട് അഭ്യർത്ഥിച്ചുവെന്നും, അങ്ങനെ
ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന
ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ
ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം. വില്വമംഗലം ദർശനം
തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ
ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം
ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള
ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാൻ പ്രത്യക്ഷപ്പെട്ട
ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് തമ്പുരാൻ സ്വന്തം കൈകൊണ്ട് നിർമ്മിച്ച
ബാലഗോപാലവിഗ്രഹം മുമ്പിൽ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി
എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം
ആ ഇലഞ്ഞിമരംകൊണ്ട് നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം.
മറ്റൊരു ഐതിഹ്യം
കൊച്ചിരാജാവും സാമൂതിരിയും തമ്മിൽ
പണ്ട് ശത്രുതയിലായിരുന്നു. ഇടയ്ക്ക് സൗഹാർദ്ദത്തിൽ കഴിഞ്ഞകാലത്ത് കൃഷ്ണനാട്ടത്തെ
കൊച്ചിയിലേക്ക് ക്ഷണിച്ചു. കംസവധം ആടിയ ദിവസം ‘കുവലയാപീഡം’ രംഗത്ത് യഥാർത്ഥമായി ഒരു കൊമ്പനാനയെ
നിർത്താൻ കൊച്ചിരാജാവ് ശട്ടം കെട്ടിയിരുന്നു. സാമൂതിരിയോടുള്ള അസൂയകൊണ്ടും
കൃഷ്ണനാട്ടകലാകാരന്മാരെ പരീക്ഷിക്കാനുമായിരുന്നു ഇത്. മഥുരയുടെ ഗോപുരദ്വാരത്തിൽ
എത്തിയ ഭാഗം ആടിക്കഴിഞ്ഞപ്പോൾ കൃഷ്ണന്റെ വേഷം കെട്ടിയിരുന്ന നടന് ഒരാവേശം ഉണ്ടായി.
ജീവനുള്ള ആനയുടെ കൊമ്പ് പറിച്ചെടുത്ത് കൃഷ്ണൻ കംസവധത്തിനായി രാജാവിന്റെ നേരേ
അടുത്തപ്പോൾ കളിയാശാൻ കൃഷ്ണന്റെ മുടി അഴിച്ചെടുത്തതുകൊണ്ട് അപകടം
സംഭവിച്ചില്ലെന്നും പറയപ്പെടുന്നു. ഏതായാലും അതിനുശേഷം വളരെക്കാലം കൊച്ചിരാജ്യത്ത്
കൃഷ്ണനാട്ടം ഉണ്ടായിട്ടില്ല.
സംഗീതം
കൃഷ്ണനാട്ടത്തിലെ സംഗീതം
സാമവേദാലാപനത്തെയും കൂടിയാട്ടത്തിൽ ചാക്യാരുടെ സ്വരിക്കലിനെയും
അനുസ്മരിച്ചുകൊണ്ടാണ് ഉണ്ടായിട്ടുള്ളതെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. പക്ഷേ
ഗുരുവായൂർ മതിൽക്കകത്ത് കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. കൂടുതൽ ജനപ്രീതി
നേടാൻ വേണ്ടിയുള്ള ഈ പരിഷ്കരണത്തോട് കൃഷ്ണനാട്ടത്തിന്റെ തനിമ കാത്തുസൂക്ഷിക്കണമെന്ന്
അഭിപ്രായമുള്ളവർക്ക് വിയോജിപ്പാണുള്ളത്. കേരളത്തിലെ സോപാനസംഗീതമാർഗ്ഗമാണ്
കൃഷ്ണനാട്ടത്തിൻറേതെന്ന് അവർ അഭിപ്രായപ്പെടുന്നു. ശുദ്ധമദ്ദളവും തൊപ്പിമദ്ദളവും
ഇലത്താളവും ചേങ്ങലയും ചേർന്നുള്ള താളപ്രയോഗം കൃഷ്ണനാട്ടത്തിനു കൊഴുപ്പുകൂട്ടുന്നു.
കഥകളിയിലെപ്പോലെ കൃഷ്ണനാട്ടത്തിൽ പാട്ട് ആവർത്തിച്ച് പാടാറില്ല. പദംപ്രതിയുള്ള
അഭിനയം കൃഷ്ണനാട്ടത്തിൽ ആവശ്യമില്ലാത്തതുകൊണ്ടുകൂടിയാകാമിത്. കൃഷ്ണനാട്ടത്തിൽ
പാട്ട് പുറകിലായതും നടന് നൃത്തം ചെയ്യാൻ കൂടുതൽ സന്ദർഭവും സൗകര്യവും കൊടുക്കാൻ
കൂടിയാകാം.
വേഷവിധാനം
അഭ്യാസവും കഴിവും ഉള്ള ആർക്കും
കൃഷ്ണനാട്ടത്തിൽ വേഷം കെട്ടാം. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ രൂപപ്പെടുത്തിയത്
വില്വമംഗലം സ്വാമിയായിരുന്നെന്നാണ് ഐതിഹ്യം. കിരീടത്തിനും മെയ്യാഭരണങ്ങൾക്കും
കൂടിയാട്ടവേഷങ്ങളോട് സാദൃശ്യമുണ്ട്. ഗുരുവായൂരിൽ കൃഷ്ണനാട്ടവേഷങ്ങളെ
കഥകളിവേഷങ്ങളോട് ഏകദേശം തുല്യമാക്കിയാണ് അവതരിപ്പിച്ച് വരുന്നത്. പ്രധാന
സ്ത്രീവേഷങ്ങളായ ദേവകിക്കും രുക്മിണിയ്ക്കും രാധയ്ക്കും ചുട്ടിയുണ്ട്.
അഭ്യാസമുറ
ഏകദേശം ആറ് വയസ്സിലാണ് ആൺകുട്ടികളെ കൃഷ്ണനാട്ടം
അഭ്യസിപ്പിച്ചു തുടങ്ങുന്നത്. പത്തുവർഷത്തെ നിരന്തര അഭ്യാസം വേണം.
കർക്കിടകമാസനാളുകളിൽ നാല്പത് ദിവസത്തെ ഉഴിച്ചിൽ, വെളുപ്പാൻ കാലത്ത് നാലുമണിക്ക് കണ്ണു സാധകവും മെയ്
സാധകവും, ഒന്നര മണിക്കൂർ നേരം ചുവടുസാധകം, കാലത്ത് എട്ടുമണി മുതൽ പത്തുമണിവരെ അഭ്യാസം, വീണ്ടും കണ്ണുസാധകം, താളം, വായ്ത്താരി എന്നിവ. തുടർന്ന് മൂന്ന് മണിമുതൽ ചൊല്ലിയാട്ടം, വൈകുന്നേരം ആറുമണിക്ക് ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു മുമ്പ് ക്ഷേത്രത്തിൽ
ചെന്ന് നാമജപം ചെയ്ത് തൊഴുത ശേഷം വീണ്ടും കളരിയിൽ പോയി അഭ്യസനം. ഇതാണ് അഭ്യാസ മുറ
No comments:
Post a Comment