Thursday, August 22, 2013

ചന്ദനം

സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. (Sandal wood tree) ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന ഇത്, ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്‌. ഈ മരത്തിന്റെ തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. . ശാസ്ത്രീയനാമം Santalum album (Linn) എന്നാണ്‌. ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂർ, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനമേഖലയിലാണ്‌ ചന്ദനത്തിന്റെ തോട്ടങ്ങൾ ഏറെയും ഉള്ളത്. ടിപ്പുസുൽത്താന്റെ കാലം മുതൽക്ക് ഇത് രാജകീയവൃക്ഷമായി അറിയപ്പെടുന്നു.

ചന്ദനം എന്ന വാക്കിനർത്ഥം സന്തോഷദായകം എന്നാണ്
‌. സംസ്കൃതത്തിൽ ശ്രീഖണ്ഡം, ശ്വേതചന്ദനം, ചന്ദനം, ഹിമഃ, ശീതം, സീതം, ഗന്ധാഢ്യഃ, ഭദ്രശ്രീ എന്നൊക്കെ പേർ ഉണ്ട്. ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും ചന്ദൻ എന്നാണ്. ഈ ഭാഷകളിൽ നിന്നാണ്‌ മലയാളത്തിലെ പദോല്പത്തി. ഇംഗ്ലീഷിൽ സാൻഡൽ വുഡ് എന്നതും ഇതേ പദത്തിൽ നിന്ന് രൂപം കൊണ്ടതാണ്‌.
മഹാഭാരതത്തിലും രാമായണത്തിലും പുരാണങ്ങളിലും ചന്ദനത്തെപ്പറ്റി പരാമർശമുണ്ട്. മുസ്ലീങ്ങളുടെ കാഴ്ചപ്പാടിൽ ചന്ദന നിറം പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ചന്ദനം വളർന്നിരുന്നു. ദാരുശില്പങ്ങളുണ്ടാക്കാനായിരുന്നു പ്രധാനമായും ചന്ദനം ഉപയോഗിച്ചിരുന്നത്. ഭരതീയപുരാണങ്ങളിൽ രക്തചന്ദനം (ടിറോകാർപസ് സാന്റലിനസ്) പീതചന്ദനം (കൊസീനിയം ഫെനിസ്റ്റ്റെറ്റം, ബെർബറിസ് അരിസ്റ്റേറ്റ) കുചന്ദനം (സിസാല്പിനിയ സപ്പൻ) ശ്വേതചന്ദനം (സന്റാലം ആൽബം) എന്നിങ്ങനെ പലതരം ചന്ദനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ യഥാർത്ഥ ചന്ദനമായി കരുതപ്പെടുന്ന ത് സന്റാലം ആൽബം എന്ന ശ്വേത ചന്ദനമാണ്‌. രഘുവംശം, ചരകസംഹിത, കാവ്യമീമാംസ, ഹിതോപദേശം, അമരകോശം, ഭാവപ്രകാശം, രാജനിഘണ്ടു തുടങ്ങിയ പല ഗ്രന്ഥങ്ങളിലും ചന്ദനത്തിന്റെ ജന്മഗേഹമായി പറയുന്നത് ഭാരതത്തെയാണ്‌.

സുഗ്രീവന്റെ വാനരസൈന്യം താമ്രപർണ്ണി നദിയ്ക്കടുത്ത് ചന്ദനത്തോപ്പുകൾ കണ്ടതായും രാവണന്റെ പുഷ്പകവിമാനയാത്രക്കിടയുൽ ദക്ഷിണഭാരതത്തിൽ നിറയെ ചന്ദനക്കാടുകൾ കണ്ടതായും പരാമർശമുണ്ട്.

മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പുസുൽത്താൻ 1792-ൽ ചന്ദനത്തിന്‌ രാജ പദവി നൽകി. അദ്ദേഹം ഈ വൃക്ഷത്തിന്റെ വിപണനം പൂർണ്ണമായും സർക്കാരിന്റെ അവകാശമാക്കി. ഈ സമ്പ്രദായം പിന്നീടുവന്ന ബ്രിട്ടീഷുകാരും നടപ്പിലാക്കി. 1848നും 1861 നും ഇടക്ക് മൈസൂരിൽ പ്രാദേശികമായിത്തെന്നെ ചന്ദനതൈലം ഉണ്ടാക്കിയിരുന്നു. മൈസൂർ ചന്ദനത്തൈലം അന്നുമുതൽക്കേ ലോകപ്രശസ്തമാണ്‌.

1864-ലാണ്‌ ആദ്യമായി ചന്ദനം വനം വകുപ്പിന്റെ നിയന്ത്രണത്തിലാകുന്നത്. 1860 -ൽ ജംഗിൾ കൺസർ‌വൻസി റൂൾ പ്രകാരം 23 - മരങ്ങൾ സം‌രക്ഷിത പട്ടികയിൽ പെടുത്തിയെങ്കിലും അന്ന് ചന്ദനം ഉൾപ്പെട്ടിരുന്നില്ല.

ചന്ദനത്തിന്റെ സവിശേഷതകളെപ്പറ്റി ആധുനിക കാലത്ത് ആദ്യപ്രസിദ്ധീകരണം നടത്തിയത് 1871-ൽ ഡോക്ടർ ജോൺ സ്കോട്ട് ആയിരുന്നു. അദ്ദേഹം കൊൽക്കത്തയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിലെ കുറേറ്റർ ആയിരുന്നു.

1898-ൽ ചന്ദനത്തെ 18 ക്ലാസുകളാക്കി തിരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ധാരാളം കയറ്റുമതിയുണ്ടായിരുന്നു. ലോകമഹായുദ്ധകാലത്ത് ഇതിന്‌ കുറവ് വന്നു. 1916-ൽ ബാംഗ്ലൂരിൽ ഒരു വാറ്റുശാല(ഡിസ്റ്റില്ലറി) ആരംഭിച്ചു. 1917-ൽ മൈസൂറിൽ ഒരു തൈലനിർമ്മാണശാലയും തുടങ്ങി.

സർക്കാരിനുമാത്രം മുറിക്കാവുന്ന രാജകീയവൃക്ഷമായി ഇന്നും ചന്ദനം തുടരുന്നു എങ്കിലും അനധികൃതമായി നിരവധി കടത്തലുകൾ അന്നുമുതൽക്കേ ഉണ്ട്. കാട്ടു കള്ളനായ വീരപ്പൻ‍ മൈസൂർ- തമിഴ്നാട് കാടുകളിലെ ചന്ദനമരം കള്ളക്കടത്തു നടത്തി കുപ്രസിദ്ധി നേടിയതും അടുത്തകാലത്താണ്‌.

ഇന്ത്യയിലെ ദക്ഷിണമേഖലയിലെ ചില വരണ്ട വനങ്ങളിലാണ്‌ ചന്ദനം സ്വാഭാവികമായി വളരുന്നത്. നീലഗിരി മലനിരകളിൽ നിന്ന് വടക്ക് ധാർ‌വാർ വരെ ഏകദേശം 490 കി.മീ, കൂർഗ് മുതൽ ആന്ധ്രാപ്രദേശിലെ കുപ്പം വരെ ഏകദേശം 400 കി.മീ പ്രദേശങ്ങളിലാണ്‌ ഇന്ത്യയിൽ ഇവ സ്വാഭാവികമായി വളരുന്നത്. കാവേരി നദീതീരത്തുള്ള വരണ്ട ഇലകൊഴിയും വനങ്ങളിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലുമുള്ള പീഠഭൂമികളിലും ചന്ദനം വളരുന്നു. ഇന്ത്യയിൽ കേരളം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്‍,ഒറീസ്സ, ഉത്തർപ്രദേശ്, ബീഹാർ, ഝാർഘണ്ഡ്, മണിപ്പൂർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇവ വളരുന്നതായി കണ്ടുവരുന്നത്. ഇവിടെയെല്ലാം എണ്ണത്തിൽ വളരെ കുറവാണ്‌ മരങ്ങൾ. സുഗന്ധവും കുറവായിരിക്കും. എന്നാൽ പശ്ചിമ ബംഗാളിലെ മരങ്ങൾക്ക് സുഗന്ധം കൂടുതലാണ്‌.

കർണ്ണാടകത്തിലും കേരളത്തിലും ഇവ വച്ച് പിടിപ്പിച്ച് വളർത്തുന്നുണ്ട്. കർണ്ണാടകത്തിൽ ഏതാണ്ട് 5,245 ച. കിലോമീറ്റർ പ്രദേശത്തിവ വളരുന്നു എന്നാണ്‌ കണക്ക്. ഇത് ഇന്ത്യയിൽ ആകെയുള്ള ചന്ദനക്കാടുകളുടെ ഏകദേശം പകുതിയോളം വരുന്നുണ്ട്. തമിഴ്നാട്ടിൽ ഏകദേശം 3.405 ച. കീ.മീറ്ററും ആന്ധ്രപ്രദേശിൽ 175 ച.കി.മീറ്ററും മധ്യപ്രദേശിൽ 33 ച.കി.മീറ്ററും മഹാരാഷ്ട്രയിൽ 8 ച.കി.മീറ്ററും ഒറീസ്സയിൽ 25 ച.കി.മീറ്ററും കേരളത്തിൽ 18 ച.കി.മീറ്ററും ചന്ദനക്കാടുകൾ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട തോട്ടങ്ങളും ചെറിയ കൂട്ടങ്ങളും നട്ടുവളർത്തുന്നവയേ ഉള്ളൂ.

ഹൊസൂരിൽ 226 സെ.മീ ചുറ്റളവുള്ള ഒരു ചന്ദനമരം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചന്ദനമരമായി കണക്കാക്കിയിരിക്കുന്നത് അതിനെയാണ്‌. 2001-ൽ ഈ മരം മോഷ്ടിക്കപ്പെട്ടു
കേരളത്തിൽ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും ഇടുക്കി ജില്ലയിലെ മൂന്നാർ വനം ഡിവിഷനിൽ പെട്ട മറയൂരാണ്‌. ഇരവികുളം വനം ഡിവിഷനിൽ ഉൾപ്പെട്ട ചിന്നാറിലും ചന്ദനങ്ങൾ ഉണ്ട്. കേരളത്തിലെ മറയൂരിൽ 100 സെ.മീ ചുറ്റളവുള്ള ഒരു മരമാണ്‌ ഏറ്റവും വലുത്.

ചന്ദനം ഭാഗികമായി പരജീവി സസ്യമാണ്. തൈ കിളിർത്ത് ഒരു വർഷം വരെ കഷ്ടിച്ച് വളരുമെങ്കിലും പിന്നീട് സഹായം ആവശ്യമാണ്. ആറുമാസം വരെയുള്ള ഭക്ഷണമേ വിത്തിൽ സൂക്ഷിച്ചു വച്ചിട്ടുള്ളൂ. തൈ കിളിർത്ത് രണ്ടാം മാസത്തിനു മുമ്പുതന്നെ ആതിഥേയ വൃക്ഷത്തിന്റെ വേരുമായി ഇവയുടെ ചൂഷണമൂലങ്ങൾ ബന്ധപ്പെട്ടുതുടങ്ങുന്നു. കാത്സ്യം, പൊട്ടാസ്യം, എന്നീ മൂലകങ്ങൾ ചന്ദനം തനിയെ വലിച്ചെടുക്കുമെങ്കിലും നൈട്രജൻ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ചൂഷകമൂലങ്ങൾ വഴി മറ്റു സസ്യങ്ങളുടെ വേരുകളിൽ നിന്നാണ് സ്വീകരിക്കുന്നത്.

ചന്ദനത്തിനു ഏതാണ്ട് മുന്നൂറോളം സസ്യങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കാൻ സാധിക്കും. വനങ്ങളിൽ അക്കേഷ്യ, മഴുക്കാഞ്ഞിരം, ഈട്ടി, മരുത്, മഹാഗണി, ടെർമിനേലിയകൾ, തുടങ്ങിയവയാണ് പ്രധാന ആതിഥേയവൃക്ഷങ്ങൾ. കൃഷി ചെയ്യുന്ന ചന്ദനമരങ്ങൾക്ക് കരിവേലം, ബബൂൾ, കണിക്കൊന്ന, മഞ്ഞക്കൊന്ന, കാറ്റാടിമരം, മലവേമ്പ്, ഉങ്ങ്, ദന്തപ്പാല, ആര്യവേപ്പ്. എന്നിവയും പ്രധാന ആതിഥേയസസ്യങ്ങളാണ്.

 
പാണി

കേരളത്തിലെ വാദ്യോപകരണങ്ങളിൽ അനുഷ്ഠാനബദ്ധമായ വാദ്യമാണ് പാണി അഥവാ മരം. പാണി രണ്ടു തരമുണ്ട്. മരപ്പാണിയും (വലിയത്), തിമിലപ്പാണിയും (ചെറിയത്).
ചെണ്ടയും മദ്ദളവും ചേർന്ന രൂപമാണ് ഇതിന്. വരിക്കപ്ലാവിന്റെ കുറ്റിയിൽ പശുവിന്റെ തോൽ കെട്ടിയാണ് ഇതിന്റെ നിർമാണം.

ക്ഷേത്രങ്ങളിൽ കലശങ്ങളിൽ (നവീകരണം-പുന പ്രതിഷ്ഠ കലശങ്ങൾ, അഷ്ടബന്ധ കലശം,ദ്രവ്യ കലശം) ബ്രഹ്മ കലശം എഴുന്നള്ളിക്കുന്നതിനു മുൻപും സംഹാരം, തത്വം, സംഹാര തത്വ കലശം(പുനപ്രതിഷ്ടക്ക്) മുതലായ കലശങ്ങൾക്കും, ഉത്സവബലിക്കും(എഴുന്നള്ളിക്കുന്നതിനു മുന്പ്) ആണ് സാധാരണയായി മര പാണി കൊട്ടുന്നത്. സാധാരണ മറ്റു വാദ്യോപകരങ്ങൾ കൊട്ടുന്നതുപോലെയല്ല പാണി കൊട്ടുന്നത്. പാണി കൊട്ടുന്ന മാരാർ കുളി കഴിഞ്ഞു ഭസ്മം പൂശി തറ്റുടുത്ത്‌ ഉത്തരീയം ഇടണം. പാണി കൊട്ടാൻ തുടങ്ങുന്നതിനു മുന്പ് വിളക്കിനു മുന്നിൽ നിറപറ വയ്ക്കുന്നു. അതിനു ശേഷം പാണി യിൽ ചോറിടുന്നു(ഓണക്കലരിയും കരിപൊടിയും ചേർത്ത്) ശുദ്ധമാക്കുന്നു എന്നാണു ഇതിനു പിന്നിലെ സങ്കൽപം. (പാണിക്ക് ശേഷം ഇത് തുടച്ചു മാറ്റും.) പിന്നെ തന്ത്രിയുടെ അനുവാദത്തോടു കൂടി ക്ഷേത്രം മേൽശാന്തി നിറപറക്കു മുന്നിലെ വിലക്ക് കൊളുത്തുന്നു. പിന്നെ മാരാർ തന്ത്രിയോട് മൂന്നു വട്ടം അനുവാദം ചോദിച്ച ശേഷം പാണി തുടങ്ങുന്നു. മൂന്നു ത തോം,നാല് ത തതോം എന്ന രീതിയിലാണ് സാധാരണ കൊട്ടുക. എന്നാൽ ഓരോ സന്ദർഭതിനനുസരിച്ചു കൊട്ടുന്നതിൽ മാറ്റം ഉണ്ടാവാം. ചേങ്ങിലയും ഇലത്താളവും പിന്നെ ശംഖും സന്ദർഭതിനനുസരിച്ചു ഉപയോഗിക്കുന്നു.

വളരെ ശ്രദ്ധയോടും ശുദ്ധിയോടും കൂടെ ചെയ്യേണ്ട കർമം ആണ് മര പാണി. പാണി പിഴച്ചാൽ കാണിക്കു ദോഷം. എന്നൊരു പഴഞ്ചൊല്ലുണ്ട്. അതായത് മരപ്പാണി കൊട്ടുമ്പോൾ പിഴക്കാൻ പാടില്ലെന്നാണ്. പിഴച്ചാൽ മരണം സംഭവിക്കാം എന്ന് വിശ്വാസമുണ്ട്. അതുകൊണ്ടാവാം ക്ഷേത്രവാദ്യങ്ങളിൽ കൊട്ടാൻ ഏറ്റവും പ്രയാസമുള്ളത് പാണികൊട്ടലാണെന്നു ചില മേളക്കാർക്ക് അഭിപ്രായമുള്ളത്.

 
തിരുവോണത്തോണി


കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ സ്ഥിതിചെയ്യുന്ന ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് തിരുവോണത്തോണി.പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമായിട്ടുള്ളതാണ്.ആറന്മുള ദേശത്തുണ്ടായിരുന്ന കാട്ടൂർ മനയിലെ കാരണവർ ചിങ്ങമാസത്തിലെ തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തിൽ സദ്യ തയാറാക്കി എത്തിച്ചിരുന്നു. ഇങ്ങനെ ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണ സദ്യ എത്തിച്ച വഞ്ചിയാണ് പിന്നീട് പ്രസിദ്ധമായ തിരുവോണത്തോണിയായി അറിയപ്പെട്ടത്.

ആറന്മുളയ്ക്കു കിഴക്കുള്ള കാട്ടൂർ ഗ്രാമത്തിൽ മങ്ങാട്ടുമഠത്തിലെ ഭട്ടതിരി എല്ലാ തിരുവോണനാളിലും വിഷ്ണുപൂജയുടെ ഭാഗമായി ഒരു ബ്രാഹ്മണനു കാൽകഴുകിച്ചൂട്ട് നടത്തിവന്നിരുന്നു. ഒരുവർഷം ഊണുകഴിക്കാനായി ആരും എത്തിയില്ല. വർഷങ്ങളായുള്ള തന്റെ വ്രതം മുടങ്ങുന്നതിൽ ദു:ഖിതനായ ഭട്ടതിരി ആറന്മുളഭഗവാനെ പ്രാർഥിച്ച് ഓണനാളിൽ ഉപവസിക്കാൻ തീരുമാനിച്ചു. അപ്പോൾ തേജസ്വിയായ ഒരു ബാലൻ ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കാനെത്തി. അന്ന് കാൽ കഴുകിച്ചൂട്ട് നടന്നതിനുശേഷം ബാലൻ അദ്ദേഹത്തോട് ഇനിയുള്ള കാലം ഓണത്തിനുള്ള വിഭവങ്ങൾ തയാറാക്കി ആറന്മുളയിൽ എത്തിച്ചാൽ മതിയെന്നു പറഞ്ഞാണ് പോയത്.

അന്നു രാത്രി സ്വപ്ന ദർശനത്തിൽ വന്നതു സാക്ഷാൻ ആറന്മുളഭഗവാൻ ആയിരുന്നുവെന്നു മനസ്സിലാക്കിയ മങ്ങാട്ടൂ ഭട്ടതിരി പിറ്റേവർഷംമുതൽ ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ ഒരു തോണിയിൽ നിറച്ച് ഉത്രാടനാളിൽ കാട്ടൂരിൽനിന്നു പുറപ്പെട്ട് തിരുവോണപ്പുലർച്ചയിൽ ആറന്മുള ക്ഷേത്രക്കടവിൽ എത്തിച്ചുതുടങ്ങി. ഇങ്ങനെ വർഷങ്ങൾ കടന്നു പോകുകയും അദ്ദേഹത്തിന്റെ പിൻ തലമുറകളും ഈ ആചാരം ഭംഗിയായി നടത്തി കൊണ്ടുപോന്നിരുന്നു. ഒരിക്കൽ മലങ്കോവിന്മാർ എന്ന തസ്കരസംഘം വഴിയിൽവച്ചു ആറന്മുളക്കു പുറപ്പെട്ട കാട്ടൂർ ഭട്ടതിരിയെ തടഞ്ഞ് തിരുവോണത്തോണിയെ ആക്രമിച്ചു. ഇത് അറിഞ്ഞ് തിരുവോണ തോണിയുടെ സംരക്ഷണാർഥം കരനാഥന്മാർ വലിയ വള്ളങ്ങളിൽ സംഘമായെത്തി കവർച്ചക്കാരെ തുരത്തി ഓടിച്ചു. പിന്നീടുള്ള വർഷങ്ങളിൽ തോണിയുടെ സംരക്ഷണാർഥം, കൂടുതൽപേർക്കു കയറാവുന്ന വള്ളങ്ങൾ ഉണ്ടാക്കി തോണിയെ അനുധാവനം ചെയ്തുപോന്നു.


മങ്ങാട്ട് മന പണ്ട് സ്ഥിതിചെയ്തിരുന്നത് ആറന്മുളക്ക് കിഴക്ക് കാട്ടൂർ ദേശത്തായിരുന്നു. പിന്നീട് എപ്പൊഴോ മങ്ങാട്ടുമന കാട്ടൂരിൽ നിന്നും മാറി കോട്ടയത്തിനടുത്ത് കുമാരനല്ലൂരിൽ വന്ന് മാറി താമസിച്ചു. ഇന്ന് മീനച്ചിലാറ്റിൻ തീരത്തായി കുമാരനെല്ലൂരാണ് മങ്ങാട്ട് മനയിൽ നിന്നുമാണ് തിരുവോണത്തോണി പുറപ്പെടുന്നത്.[3] കുമാരനല്ലൂർ മങ്ങാട്ടില്ലത്തെ മൂത്ത ഭട്ടതിരി ചുരുളൻ വള്ളത്തിൽ ആറന്മുളയ്ക്കു പുറപ്പെടുന്ന ചടങ്ങ് മൂലം നാളിലാണ്. ഭട്ടതിരി തിരുവോണത്തോണിയുമായി ആറന്മുളയ്ക്കടുത്തുള്ള കാട്ടൂരിൽ എത്തുന്നതോടെ കരക്കാരുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും പിന്നീട് അലങ്കരിച്ച വലിയ തിരുവോണത്തോണിയിലേക്ക് മാറ്റുകയും കുമാരനെല്ലൂരിൽ നിന്നും വന്ന വള്ളം അകമ്പടിത്തോണിയായി മാറുകയും ചെയ്യും. പിന്നീട് കാട്ടൂരിൽ നിന്നു ഭട്ടതിരിയും കരക്കാർക്ക് ഒപ്പമാണ് ആറന്മുളയിലേക്ക് പമ്പാനദിയിലൂടെ യാത്ര തുടരുന്നത്.
മീനച്ചിലാർ, മണിമലയാർ, പമ്പാനദി എന്നി പ്രധാന നദികൾ വഴി സഞ്ചരിച്ചാണ് ഇന്ന് തിരുവോണത്തോണി കുമാരനെല്ലൂരിൽ നിന്നും ആറന്മുളയിൽ എത്തുന്നത്. മങ്ങാട്ടില്ലത്തെ കടവിൽ നിന്നു സഹായിക്കൊപ്പമാണ് ഭട്ടതിരിയുടെ യാത്ര. നാഗമ്പടം, ചുങ്കം വഴി ആദ്യം കൊടൂരാറ്റിൽ പ്രവേശിക്കും. ആദ്യ ദിനത്തിലെ യാത്ര കിടങ്ങറയിലാണ് അവസാനിക്കുന്നത്. ഇവിടെ രണ്ടാം പാലത്തിനു സമീപം ഭട്ടതിരി വിശ്രമിക്കും. സമീപത്തെ ഇല്ലത്തു നിന്നു ഭക്ഷണം കഴിച്ചു രാത്രിയിൽ ഭട്ടതിരിയും തുഴച്ചിൽക്കാരനും വള്ളത്തിൽ തന്നെയാണു കഴിച്ചുകൂട്ടുക. പിറ്റേന്നു കൊടുതറ വഴി തിരുവല്ല പുഴക്കരയിലെത്തി മണിമലയാറ്റിലേക്കു പ്രവേശിക്കും. മൂവടമഠത്തിലാണ് അന്നത്തെ ഉച്ചയൂണ്.പിന്നീട് ആറാട്ടുപുഴയിലൂടെ പമ്പാനദിയിൽ എത്തുന്ന തോണി, വൈകിട്ടു ക്ഷേത്രക്കടവിൽ അടുക്കും. അന്നു ഭട്ടതിരിക്ക് ക്ഷേത്ര ദർശനമില്ല. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഭട്ടതിരി തോണിയിൽ കോഴഞ്ചേരിയിലെ വെള്ളൂർ മനക്കടവിലേക്കു പോകും. ഇവിടെ നിന്ന് അയിരൂർ പുതിയകാവു ക്ഷേത്രം, കാട്ടൂർ ക്ഷേത്രം എന്നിവ ചുറ്റി തിരുവോണപ്പുലരിയിൽ വീണ്ടും ആഘോഷമായി ആറന്മുളയിൽ എത്തിചേരും.

കാട്ടൂരിൽ നിന്നു ആഘോഷമായി ഭക്തരുടെ അകമ്പടിയോടെ തിരുവോണത്തോണിയും അകമ്പടിത്തോണിയും പുറപ്പെടുന്നത്.[5] തിരുവോണ ദിനത്തിൽ ആറന്മുള ഭഗവാൻ പള്ളിയുണരുന്നതോടെ ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി. മങ്ങാട്ട് ഭട്ടതിരി കൊണ്ടുവരുന്ന വിഭവങ്ങൾ കൂട്ടിച്ചേർത്താണു സദ്യ ഒരുക്കുന്നത്. അത്താഴപൂജ കഴിഞ്ഞു ക്ഷേത്ര പൂജാരിയിൽ നിന്നു പണക്കിഴി ഏറ്റുവാങ്ങുന്നതോടെ യാത്രയ്ക്കു സമാപനമാകും. സദ്യവട്ടത്തിന്റെ ചെലവു കഴിഞ്ഞിട്ടു ബാക്കിയുള്ള തുകയാണത്രേ ഇത്. പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ചു ഭട്ടതിരി മടങ്ങിപ്പോരും. മടക്കയാത്ര തോണിയിലല്ല. കാട്ടൂരിലെ 18 നായർ തറവാടുകളിൽ നിന്ന് ശേഖരിക്കുന്നവിഭവങ്ങളും തോണിയിലുണ്ടാകും.ചേന, കാച്ചിൽ, ചേമ്പ്, മത്തങ്ങ, വെള്ളരിക്ക, ഏത്തക്ക, പഴക്കുല, ഉപ്പിലിട്ടത്, അരി തുടങ്ങിയ സദ്യക്കുള്ള എല്ലാ സാധനങ്ങളും തോണിയിലുണ്ടാവും. തിരുവോണ ദിവസം പുലർച്ചെ തോണി ആറന്മുള ക്ഷേത്രത്തിലെ മധുക്കടവിലെത്തും.

മങ്ങാട്ട് മനയിലെ പഴയ തിരുവോണത്തോണി ഇരുനൂറ് വർഷത്തിലധികം പഴക്കമുള്ളതിനാൽ ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് ആറന്മുളയിലെ പള്ളിയോടസേവാസംഘം 10 ലക്ഷത്തോളം രൂപ ചിലവാക്കി 2011-ൽ പുതിയ തോണി നിർമ്മിച്ചു. 100 ഇഞ്ചിലധികം വണ്ണവും 40 അടി നീളവും ഉള്ള രണ്ട് ആഞ്ഞിലിത്തടിയാണ് തോണി നിർമ്മാണത്തിന് ഉപയോഗിച്ചത്. 250 കിലോഗ്രാം വീതം ചെമ്പും ഇരുമ്പും ഉപയോഗിച്ച് ചങ്ങംകരി സ്വദേശി വേണു ആചാരിയുടെ നേതൃത്വത്തിൽ നാല് ശില്പികൾ തോണിയുടെ പണിതീർത്തു
 

Sunday, August 18, 2013

വിഗ്രഹത്തിന്‍റെ ഫോട്ടോ എടുക്കരുത് എന്തുകൊണ്ട്?????

 ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധിയനുസരിച്ച് പ്രാണപ്രതിഷഠ നടത്തപ്പെട്ടതാണു. തന്മൂലം വിഗ്രഹത്തിനു

പ്രാണശക്തിയുണ്ടന്നാണ് വിശ്വാസം.വിഗ്രഹത്തില്‍ എടുക്കപ്പെട്ട ഛായയോ,നിഴലോ ആണ് ഫോട്ടോ എന്നു പറയാം.ആ നിലയ്ക്ക്‌ അതിനും ചെറിയ ഒരു ശക്തി കൈ വരുന്നു.അതുകൊണ്ട് ആചാരവിധിയനുസരിച്ച് ഫോട്ടോ എടുക്കുന്നത്ദോഷകരമായി ഭവിക്കുന്നു.എന്നാല്‍ വിഗ്രഹത്തിന്‍റെ ചിത്രം വരച്ചു വയ്ക്കാവുന്നതാണ്.ശിവേലി വിഗ്രഹത്തിന്‍റെ ഫോട്ടോഎടുക്കത്തില്‍ വിലക്ക് കല്‍പിച്ചു കാണുന്നില്ല.എന്നാല്‍ കൊടിമരത്തിനും ശ്രീകൊവിലിനും സമീപത്തു വച്ചു ഫോട്ടോ എടുക്കരുതെന്ന് പറയപ്പെടുന്നു.അവിടെ അനേകം ദേവതാശക്തികളെ മന്ത്രപുരസ്സരം പ്രതിഷഠനടത്തിയതു കൊണ്ടാവാം അങ്ങനെ പറയപ്പെടുന്നത്.അതുകൊണ്ടാണല്ലോ ധ്വജത്തെയും വന്ദിച്ച് തൊഴുത്‌ ദേവനെ വന്ദിക്കുന്ന ആചാരം ഉണ്ടായിട്ടുള്ളത്...

Friday, August 16, 2013

രാഹുകാലം കണ്ടുപിടിക്കാൻ എളുപ്പവഴി

ഏതു നല്ല കാര്യം ചെയ്യാനും രാഹുകാലം ഒഴിവാക്കുന്ന ശീലം ഇപ്പോൾ പരക്കേ ഉണ്ട്‌. നേരത്തേ കേരളീയർക്കിടയിൽ രാഹുകാലത്തിന്‌ ഇത്രയും പ്രചാരമില്ലായിരുന്നു. തമിഴ്നാട്ടിലാണു രാഹുകാലത്തിനു കൂടുതൽ പ്രചാരം ഉണ്ടായിരുന്നത്‌. തമിഴ്‌ സ്വാധീനം മൂലം രാഹുകാലം നോക്കൽ കേരളത്തിലും വ്യാപിച്ചു.

വിവാഹം ഉൾപ്പെടെയുള്ള ശുഭകാര്യങ്ങൾക്കു മുഹൂർത്തം നോക്കുമ്പോൾ രാഹുകാലം ഒഴിവാക്കണമെന്നു മുഹൂർത്തപദവി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മുഹൂർത്തഗ്രന്ഥങ്ങളൊന്നും കാര്യമായി പറയുന്നില്ല. എങ്കിലും രാഹുകാലം ഇന്ന്‌ കേരളീയർക്കിടയിലും പിടിമുറുക്കിയിരിക്കുന്നു.
ഓരോ ദിവസവും ഒന്നര മണിക്കൂർ ആണു രാഹുകാലം. ഇത്‌ ഓരോ ആഴ്ചയും വ്യത്യസ്‌തമാണ്‌. ഞായർ മുതൽ ശനി വരെ ഓരോ ദിവസത്തെയും രാഹുകാലം നോക്കാനുള്ള എളുപ്പവഴിയായി ഒരു ഈരടി ഉണ്ട്‌.


"നാലര ഏഴര മൂന്നിഹ പിന്നെ
പന്ത്രണ്ടൊന്നര പത്തര നവമേ..." എന്നതാണ്‌ ആ ശ്ലോകാർധം.


ഇതനുസരിച്ച്‌ ഞായറാഴ്ച രാഹുകാലം തുടങ്ങുന്നത്‌ വൈകുന്നേരം 4.30-ന്‌.
തിങ്കളാഴ്ച രാവിലെ 7.30-ന്‌.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 3.00-ന്‌.
ബുധനാഴ്ച ഉച്ചയ്ക്ക്‌ 12.00-ന്‌.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌ 1.30-ന്‌.
വെള്ളിയാഴ്ച രാവിലെ 10.30-ന്‌.
ശനിയാഴ്ച രാവിലെ 9.00-ന.


ഇതിൽ ഓരോ ദിവസവും പറഞ്ഞിരിക്കുന്ന സമയത്തു തുടങ്ങുന്ന രാഹുകാലം ഒന്നര മണിക്കൂറിനു ശേഷം സമാപിക്കും.

സൂര്യോദയവും അസ്‌തമയവും രാവിലെയും വൈകുന്നേരവും കൃത്യം 6.00 മണിക്കു നടക്കുന്ന ദിവസങ്ങളിലേക്കുള്ളതാണ്‌ ഈ കണക്ക്‌. ഉദയാസ്‌തമയ സമയങ്ങളിൽ മാറ്റം വരുന്നതിനനുസരിച്ച്‌ രാഹുകാലം തുടങ്ങുന്നതിലും മാറ്റം വരും

 

ചുണ്ട

വഴുതനങ്ങയുടെ വർഗ്ഗത്തിലുള്ള ഒരു പച്ചക്കറിയും ഔഷധവുമാണ് ചുണ്ട. ചുണ്ടയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്, എങ്കിലും കായും വേരുമാണ് കൂടുതൽ ഉപയോഗിക്കുന്നത്.
വിവിധ തരങ്ങൾ
1.Solanum Indicum എന്ന ശാസ്ത്രനാമമുള്ള ചെറുചുണ്ട (ചെറുചുണ്ടയിൽ കയ്പൻ വഴുതിന എന്നൊരു തരം കൂടി ദുർലഭമായുണ്ട്)
2.Solanum Ferox എന്ന വെൺ(വെളുത്ത) വഴുതിന (വെള്ളോട്ടു വഴുതിന, ആനച്ചുണ്ട, വൻ‌ചുണ്ട)
3.Solanum surattense / Solanum xanthocarpum എന്ന ശാസ്ത്രനാമമുള്ള കണ്ടകാരിചുണ്ട.Wild egg plantഎന്ന് ആംഗലേയ നാമം


ഉപയോഗങ്ങൾ

പച്ചക്കറി
ചുമ
നീരിളക്കം
മൂത്രാശയ രോഗങ്ങൾ
ഹൃദയത്തെ ഉത്തേജിപ്പിക്കുന്നു
ആസ്ത്മ
കൃമിദോഷം
ത്വക് രോഗങ്ങൾ
ദന്ത രോഗങ്ങൾ
ഛർദ്ദി

ഹൈന്ദവാചാരങ്ങളിൽ
ക്ഷേത്രത്തിലോ,വീടുകളിലോ അശുദ്ധം ഉണ്ടായാൽ പരിഹാരമായി ചെയ്യുന്ന പുണ്യാഹത്തിൽ ചുണ്ട ഉപയോഗിക്കാറുണ്ട്. പുണ്യാഹത്തിനുപയോഗിക്കുന്ന ഉരുളിയിൽ മറ്റു ദ്രവ്യങ്ങളോടൊപ്പം ചുണ്ടയും ഇടും. ചുണ്ട കിട്ടിയില്ലെങ്കിൽ ചെറിയ വാഴപ്പഴവും ഉപയോഗിച്ചു കാണുന്നു.
ആനച്ചുണ്ടയും വൻചുണ്ടയും രണ്ടാണന്ന് ഒരു ഭാഷ്യമുണ്ട്.

ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും

നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിൻറെ വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്. നല്ലപോലെ വിടർന്ന പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ഞെട്ട്) പോകാതെ പറിച്ചെടുക്കുക. ഓരോ പൂവിന്റെയും വിത്തുണ്ടാകുന്ന വെളുത്തഭാഗവും (ഓവറി) അതിനുതൊട്ടുതാഴെയുള്ള പച്ചനിറത്തിലുള്ള അല്പം ഭാഗവും മാത്രം വേർപെടുത്തിയെടുക്കുക. ഈ ഭാഗം, നല്ലപോലെ വൃത്തിയാക്കിയ ഉള്ളംകയ്യിൽവച്ച്, മുറകയ്യിന്റെ ചൂണ്ടാണിവിരൽകൊണ്ട് മൃദുവായി തിരുമ്മുക. കയ്യിലുള്ള ഉരുണ്ട വസ്തു കൂടുതൽ മൃദുവായി മാറിക്കൊണ്ടിരിക്കും. അവസാനം, അത് കറുത്ത്, ഞെക്കിയാൽ പൊട്ടാതെ, അമരുന്ന പാകത്തിലാവും. (പോട്ടാതിരിക്കുവാനാണ് 'പച്ചനിറത്തിലുള്ള അല്പം ഭാഗവും' ചേർത്തെടുക്കുന്നത്. പോട്ടിയാൽ ചെറിയ വിത്തുകൾ പുറത്തേക്കുവരും. പിന്നെ, ബാക്കിഭാഗം തിരുമ്മിയിട്ടു കാര്യമില്ല). ഈ അവസ്ഥയിൽ തിരുമ്മിയവിരൽ കണ്ണിൽ തൊട്ടാൽ കുറച്ചെങ്കിലും ചുവക്കും. ആവശ്യമെങ്കിൽ, അപ്പോൾതന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ നല്ലപോലെ ഉണങ്ങിയ വെളുത്ത പരുത്തിത്തുണിയിൽ പൊതിഞ്ഞു സൂക്ഷിക്കാം. ദീർഘകാലം സൂക്ഷിക്കുവാനാണെങ്കിൽ കുറച്ച് പശുവിൻനെയ്യിൽ, വൃത്തിയാക്കിയ, (കുപ്പി, സ്റ്റീൽ , പിച്ചള) പാത്രത്തിൽ സൂക്ഷിച്ചുവയ്ക്കാം.

വേഷത്തിന്റെ മുഖത്തെ അണിയലെല്ലാം കഴിഞ്ഞശേഷം ചുണ്ടപ്പൂവ് (പുഷ്പത്തിന്റെ ഒരുചെറിയ ഭാഗം മാത്രമണെങ്കിലും 'ചുണ്ടപ്പൂവ്' എന്നാണ് പറയാറുള്ളത്) കണ്ണിലിടാം. സൂക്ഷിച്ചിരിക്കുന്ന പൂവ് വലുതാണെങ്കിൽ അത് ആവശ്യാനുസരണം മുറിക്കാം. നല്ലപോലെ തിരുമ്മിയ നല്ല പൂവാണെങ്കിൽ, വളരെ ചെറിയ ഭാഗം മതിയാവും; മൊട്ടുസൂചിയുടെ തലപ്പിനോളം തന്നെ വേണമെന്നില്ല. രണ്ട് കണ്ണിലേക്കു ആവശ്യമുള്ള രണ്ടെണ്ണം ഉള്ളംകയ്യിൽവച്ച് അല്പം വെള്ളംചേർത്ത് മൃദുവായി തിരുമ്മുക. കുറച്ചു സമയം മതി. പൂവ് കട്ടിയായിട്ടുണ്ടെങ്കിൽ അത് മൃദുവാകാനും, നെയ്യിന്റെ അംശമുണ്ടെങ്കിൽ അത് മാറ്റുവാനും വേണ്ടിയാണ് തിരുമ്മുന്നത്. ചൂണ്ടാണി വിരൽതുമ്പിൽ പൂവെടുത്ത് കണ്ണിന്റെ വെള്ളയിൽ വെച്ച്, താഴത്തെ കൺപോളയുടെ പീലികൾ പതുക്കെ പുറത്തേക്കു വലിച്ച്, ദൃഷ്ടി താഴേക്കാക്കിയാൽ ചുണ്ടപ്പൂവ് താഴത്തെ കൺപോളയ്ക്കുള്ളിൽ എത്തും. കണ്ണുകൾ അടച്ച്, കുച്ചുനേരം കണ്ണുകൾ വട്ടത്തിൽ ചുറ്റിച്ചാൽ ചുവന്നു തുടങ്ങും. ക്രമത്തിൽ നിറം വർദ്ധിച്ച്, മറ്റ് ആഭരണമെല്ലാം ധരിച്ച് അരങ്ങത്തെത്തുമ്പോഴേക്കും കടുത്ത ചുവപ്പുനിറത്തിലെത്തും.

ചുണ്ടയടങ്ങുന്ന സസ്യകുടുംബത്തിൽ 'ആൽക്കലോയ്ടുകൾ' എന്ന രാസവസ്തു ധാരാളമുണ്ട്. അവ രക്തക്കുഴലുകളിലൂടെയുള്ള പ്രവാഹം കൂടുതൽ ശക്തമാക്കുന്നു; രക്തക്കുഴലുകളെ അല്പം വിസിപ്പിക്കുന്നു. ഇത്രയും വസ്തുതകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്

 

Tuesday, August 13, 2013

നരകം!!!!


പാപകർമ്മങ്ങൾ ചെയ്തവർ മരണശേഷം ശിക്ഷ അനുഭവിക്കുന്നതായി വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് നരകം. മറ്റ് പല മതങ്ങളിലേതുപോലെ ഹിന്ദുമതത്തിലും ഈ സങ്കല്പമുണ്ട്. ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. വിഷ്ണുപുരാണത്തിലും നരകവർണ്ണനയുടെ അംശങ്ങൾ കാണാം. മഹാഭാരതത്തിൽ പാണ്ഡവർക്കു പോലും കുറച്ച് സമയത്തേക്ക് നരകപ്രവേശം ലഭിച്ചതായി പറയുന്നുണ്ട്.

 ഹൈന്ദവവിശ്വാസമനുസരിച്ച് ത്രൈലോകത്തിനും തെക്ക്, ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഓരോ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്. പിതൃലോകത്തിന്റെ നാഥനായ കാലൻ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു. തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണ്. ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നാണെന്നും തർക്കമുണ്ട്

നരകങ്ങള്‍

താമിസ്രം : പരദ്രവ്യം, പരസ്ത്രീ എന്നിവയെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ.


 അന്ധതാമിസ്രം : താമിസ്രത്തിലേതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്

 രൗരവം : ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ധനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്

 മഹാരൗരവം : രൗരവവാസികളെക്കാളും ക്രൂരമായപ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്.

 കുംഭീപാകം : പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

 കാലസൂത്രം : പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിൽ ദണ്ഡനവിധേയനാകുന്നവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. പിന്നെ അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും

 അസിഃപത്രം : സ്വധർമ്മത്തെ ഉപേക്ഷിച്ച് പരധർമ്മത്തെ സ്വീകരിക്കുന്ന പാപികളായ മനുഷ്യർക്കുള്ളതാണ് ഈ നരകം. ഈ നരകത്തിൽ തള്ളുന്ന പാപികളെ യമകിങ്കരന്മാർ അസിപത്ര ചമ്മട്ടികൊണ്ട് ഓടിച്ചിട്ടടിക്കുന്നു. അടികൊണ്ടോടുന്ന സമയം അവർ കല്ലുകളിലും മുള്ളുകളിലും തട്ടി കമിഴ്ന്നു വീഴും. അപ്പോൾ ഭടന്മാർ അസിപത്രക്കത്തികൊണ്ട് അവരെ കുത്തി മുറിവേല്പിക്കും. അവർ മോഹാലസ്യപ്പെട്ടു വീഴും. പിന്നെ ബോധം വീണാൽ ഇതു തന്നെ ആവർത്തിക്കും

 സൂകരമുഖം : തങ്ങളുടെ കടമ മറന്നു പ്രവർത്തിക്കുകയും പ്രജകളെ ദുർഭരണത്തിലൂടെ അടിച്ചമർത്തുകയും ചെയ്യുന്ന ഭരണകർത്താക്കൾക്കുള്ള നരകം. അവരെ ഇടിച്ചു പിഴിഞ്ഞ് കുഴമ്പു രൂപത്തിലാക്കുന്നതാണ് ഇവിടത്തെ പീഡന മുറ

 അന്ധകൂപം : കുംഭീപാകനരകത്തിൽ പറയാതെയുള്ള ജീവജന്തുക്കളെ ദ്രോഹിക്കുന്നവർക്കുള്ളതാണ് അന്ധകൂപം. അന്ധകൂപവാസത്തിനു വിധേയരായവരെ കാലകിങ്കരന്മാർ ആയിരകണക്കിനു യോജന വിസ്താരമുള്ള ഒരു കിണറ്റിൽ (കൂപം - കിണർ) പിടിച്ചിടുന്നു. ശ്വാസം പോലും ലഭിക്കാതെ പാപഫലം തീരുന്നതു വരെ അവിടെ കഴിയേണ്ടി വരും

 കൃമിഭോജം : വിശന്നിരിക്കുന്ന ജീവനു ഭക്ഷണം നൽകാതെ അതു കണ്ട് ആനന്ദിക്കുന്നവനും സ്വയം ഭക്ഷിക്കുന്നവനുമാണ് കൃമിഭോജനരകം വിധിക്കപ്പെട്ടിരിക്കുന്നത്. ശരീരം ബന്ധിക്കപ്പെട്ടിരിക്കെ, സ്വജീവൻ കൃമികൾ ഭക്ഷിക്കും. പാപഫലം തീരുന്നതുവരെ പ്രാണവേദന അനുഭവിച്ച് ബന്ധനത്തിൽ കഴിയേണ്ടി വരും.

 സന്ദംശം : സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കിൽ മൃത്യുദൂതന്മാർ ചുട്ടു പഴുത്ത കൊടിൽ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയിൽ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിപ്പിക്കുന്നു
 തപ്തമൂർത്തി

 ശാല്‌മിനി : കാമഭോഗത്തിൽ മാത്രം മനസ്സൂന്നി നടക്കുന്നവൻ വജ്രകണ്ഡകമായ ശാല്‌മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാൽ വിധേയനെ കൊമ്പുകളിൽ കോർത്ത് മേൽ‌പ്പോട്ടെറിയുകയും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളുടെ ദംശനം നൽകുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങൾ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിൽ കഴിയാൻ വിടുന്നു.

 വജ്രകണ്ടകശാലി : മൃഗങ്ങളുമായി പ്രകൃതി വിരുദ്ധ സംഭോഗത്തിൽ ഏർപ്പെടുന്നവർക്കായുള്ള നരകമാണിത്. കൂർത്ത വജ്രായുധങ്ങൾ തറച്ച മൃഗങ്ങളുടെ ലോഹ രൂപങ്ങളെ ആശ്ലെഷിപ്പിക്കുന്നതാണ് ഇവിടുത്തെ രീതി

 വൈതരണി : അധികാരം ദുരുപയോഗം ചെയ്യുന്ന ഭരണാധികാരികളെയും ദുർമ്മാർഗ്ഗികളെയും ഇവിടേക്ക് തള്ളുന്നു. ഇതൊരു നദിയാണ്. മനുഷ്യ മലമൂത്രാദികൾ, രക്തം, മുടി, എല്ലുകൾ, മാംസം എന്നിങ്ങനെ എല്ലാവിധ മാലിന്യങ്ങളും നിറഞ്ഞ നദി. ഘോര മൃഗങ്ങളുടെ വാസസ്ഥലം കൂടിയാണത്. ഇവിടേക്ക് വന്നു വീഴുന്നതും മൃഗങ്ങൾ നാലു ഭാഗത്തുന്നും വന്നു ആക്രമിക്കും. നദിയിലെ മാലിന്യങ്ങൾ തിന്നും മൃഗദികളുടെ ആക്രമങ്ങൾ സഹിച്ചും കഴിയേണ്ടി വരുന്നു.

 പൂയോദകം : ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) ശൂദ്രസ്ത്രീയെ പ്രാപിച്ചാൽ അയാൾക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും

 പ്രാണനിരോധകം : ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) നായാട്ട് നടത്തിയാൽ അയാൾക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാത്രനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗർത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവർഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും

 വിശസനം : പാവങ്ങളെ കൊതിപ്പിച്ചു കൊണ്ട് അമിത വ്യയം ചെയ്തു സുഖിക്കുന്ന ധനികർക്കുള്ള നരകം. കിങ്കരന്മാരുടെ വലിയ ഗദ കൊണ്ടുള്ള താഡനം ആണിവിടത്തെ ശിക്ഷ.

 ലാലഭക്ഷം : ധർമ്മപത്നിയെക്കൊണ്ട് വദനസുരതം ചെയ്യിപ്പിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും

 സാരമേയാശനം : ഭക്ഷ്യ പാനീയങ്ങളിൽ വിഷം ചേർക്കൽ നടത്തി ജീവജാലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുക, രാജ്യം നശിപ്പിക്കുക തുടങ്ങിയ വൈകൃതങ്ങളിൽ ഏർപ്പെടുന്നവർക്കയുള്ള നരകം. ശ്വാന മാംസം മാത്രമാണ് അവിടെ ഭക്ഷണം. ആയിരത്തിലധികം വരുന്ന ശ്വാനന്മാർ ഒന്നിച്ചു ആക്രമിച്ചു കൂർത്ത പല്ലുകളാൽ ശരീരത്തിലെ മാംസം പുറത്തെടുക്കും

 അവീചി : കള്ളസാക്ഷി പറയുന്നുള്ളവർക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാർ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളിൽ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.

 അയഃപാനം : ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) മദ്യസേവ ചെയ്താൽ അയാൾക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുകിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു.

 ക്ഷാരകർദ്ദമം : സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവർക്കുള്ളതാണ് ക്ഷാരകർദ്ദമനരകം. ഇതിൽ വിധേയനെ മൃത്യുദൂതന്മാർ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയിൽ തലകീഴായി കാലുകൾ മാത്രം വെളിയിൽ വരുന്ന രീതിയിൽ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി
 രക്ഷോഭക്ഷം

 ശൂലപ്രോതം : വഞ്ചനകാട്ടുന്നവർക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങൾ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനിൽ നിന്നും പ്രാണൻ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയൻ കഴിയേണ്ടി വരും

 ദന്ദശൂകം

 വടാരോധം

 പര്യാവർത്തനം

 സൂചിമുഖം

യമൻ

ഭാരതീയ ഇതിഹാസങ്ങളിലെ മരണദേവനാണ് യമൻ അഥവാ കാലൻ. ബ്രഹ്മാവ് ജീവജാലങ്ങൾക്ക് നൽകിയിട്ടുള്ള ആയുസ്സ് തീരുമ്പോൾ കാലൻ ദൂതന്മാരെ അയച്ച് അവരുടെ ആത്മാവിനെ കാലപുരിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് പുണ്യാത്മാക്കളെ സ്വർഗ്ഗത്തിലേക്കും പാപികളെ നരകത്തിലേക്കും അയക്കുന്നു.

 കാലനില്ലാത്ത മൂന്ന് കാലങ്ങളെ പറ്റി പുരാണങ്ങളിൽ പറയുന്നുണ്ട്.കാലന്റെ ഭാര്യയുടെ പേർ ധൂമോർണ്ണ എന്നാണ്. ഇന്ദ്രൻ കാലനെ പിതൃക്കളുടെ രാജാവാക്കി. കാലൻ ബ്രഹ്മസഭയിലെ ഒരു അംഗമാണ്.

കാലന്റെ ജനനം


 സൂര്യൻ വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു. അവളിൽ മനു,യമൻ,യമി എന്നീ 3 കുട്ടികൾ ജനിച്ചു. അവരിൽ യമൻ ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയായതുകൊണ്ട് കാലൻ എന്ന പേരു കൂടി ലഭിച്ചു.

 കാലപുരി

 കാലപുരിക്ക് ആയിരം യോജന വിസ്താ‍രമുണ്ട്. നാലു വശങ്ങളിലും ഓരോ പ്രവേശനദ്വാരങ്ങൾ നിർമ്മിച്ചിരിക്കുന്നു. ആ പട്ടണത്തിന്റെ ഒരു വശത്ത് ചിത്രഗുപ്തന്റെ മന്ദിരം കാണാം. പട്ടണത്തിനു ചുറ്റുമുള്ള കോട്ട ഇരുമ്പുകൊണ്ടാൺ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കാലപുരിയിൽ നൂറ് തെരുവുകളുണ്ട്. ആ തെരുവുകളെല്ലാം കൊടിക്കൂറകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും ശോഭിക്കുന്നു. ചിത്രഗുപ്തമന്ദിരത്തിൽ ഒരു സംഘം ആൾക്കാരുണ്ട്. മനുഷ്യരുടെ ആയുസ്സ് കണക്കുകൂട്ടുകയാൺ അവരുടെ തൊഴിൽ. മനുഷ്യർ ചെയ്യുന്ന സുകൃതങ്ങളും ദുഷ്കൃതങ്ങളും അവർ പരിഗണിക്കുന്നു. ചിത്രഗുപ്താലയത്തിന്റെ തെക്കുഭാഗത്തായി ജ്വരമന്ദിരം ഉണ്ട്. അതിനോടു ചേർന്ന് എല്ലാ വിധ രോഗങ്ങളുടെയും മന്ദിരങ്ങൾ പ്രത്യേകം പ്രത്യേകമായി സ്ഥിതി ചെയ്യുന്നു. ചിത്രഗുപ്താലയത്തിൽ നിന്ന് ഇരുപത് യോജന അകലെയാൺ കാലന്റെ ഭവനം. ആ ഭവനത്തിൻ ഇരുനൂറ് യോജന വിസ്താരവും അൻപത് യോജന പൊക്കവും ഉണ്ട്. ആ മന്ദിരം ആയിരം സ്തംഭങ്ങളാൽ വഹിക്കപ്പെടുന്നു. അതിന്റെ ഒരു വശത്ത് വിശാലമാ‍യ ഒരു സഭയുണ്ട്. ലോകജീവിതത്തിൽ പുണ്യം ചെയ്തവർ വസിക്കുന്നത് ഈ സഭയിലാൺ. അവർ സ്വർഗ്ഗീയ സുഖം അനുഭവിച്ചുകൊണ്ട് നിത്യന്മാരായി അവിടെ കഴിഞ്ഞുകൂടുന്നു.

 യമ സഭ

 കാലന്റെ സദസ്സ്. വിശ്വകർമ്മാവ് ആണ് യമസഭ തീർത്തത്. സൂര്യപ്രഭകൊണ്ട് ഇത് പ്രശോഭിതമാണെങ്കിലും സമശീതോഷ്ണമാണ്. ശോകമോ, ജരയോ, പൈദാഹമോ ഇവിടില്ല. കല്പവൃക്ഷങ്ങൾ എല്ലായിടത്തും തിങ്ങി നിൽക്കുന്നു
 

Sunday, August 11, 2013

ഹിരണ്യഗര്‍ഭം



തിരുവിതംകൂര്‍ രാജ്യത്തിലെ കിരീടാവകാശികളായ രാജശിശുക്കളെ ഒന്നാം പിറന്നള്‍ ദിനംതന്നെ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ കൊണ്ടുവന്ന് ശ്രീ പത്മനാഭ ദാസനായി(അടിമയായി) അര്‍പ്പിക്കുന്ന “നടതള്ളല്‍” ചടങ്ങിനു വിധേയമാക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രസിദ്ധമായ തൃപ്പടിദാന പ്രഖ്യാപനത്തിനു ശേഷമുണ്ടായ ചടങ്ങാകാം അത്. രാജകുമാരന്‍ വളര്‍ന്ന് അധികാരമേല്‍ക്കേണ്ട സമയമാകുമ്പോള്‍ രണ്ടു ദാനധര്‍മ്മ ചടങ്ങുകളാണ് ഹിരണ്യഗര്‍ഭവും, തുലാപുരുഷ ധാനവും.

നായര്‍ സ്ത്രീയുടെ യോനിയില്‍ നിന്നും പിറന്നതിന്റെ പാപം ഇല്ലാതാക്കുക എന്ന ന്യായത്താലായിരിക്കണം ബ്രാഹ്മണന്റെ ദൈവീക മൃഗമായ പശുവിന്റെ ഗര്‍ഭത്തില്‍ പ്രതീകാത്മകമായി ജനപ്പിക്കുന്ന താന്ത്രികമായ ഒരു വിദ്യയാണ് ഹിരണ്യ ഗര്‍ഭ ചടങ്ങിന് ഉപയോഗപ്പെടുത്തിയിരുന്നത്. പത്തടി ഉയരത്തിലും എട്ടടി വ്യാസത്തിലുമുള്ള കുളം എന്നു വിളിക്കാവുന്ന ഒരു സ്വര്‍ണ്ണ പാത്രമാണ് ഹിരണ്യഗര്‍ഭ ചടങ്ങിനായി നിര്‍മ്മിക്കുക. പശുവില്‍ നിന്നും ലഭിക്കുന്ന പാല്‍,തൈര്,നെയ്യ്,ചാണകം,മൂത്രം എന്നീ അഞ്ച് വസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന “പഞ്ചഗവ്യം” എന്ന “കൂട്ടുകറി” ദ്രാവകം ഈ സ്വര്‍ണ്ണ പാത്രത്തില്‍ പാതിവരെ നിറക്കുന്നു.അതിനു ശേഷം രാജഭരണമേല്‍ക്കാന്‍ പോകുന്ന രാജകുമാരന്‍ പുരോഹിതരുടേയും,പണ്ഢതരുടെയും,ക്ഷണിക്കപ്പെട്ട പ്രധാനികളുടേയും സാന്നിദ്ധ്യത്തില്‍ ശ്രീപത്മനാഭന്റെ അനുഗ്രഹം വാങ്ങിയതിനുശേഷം പ്രത്യേകം നിര്‍മ്മിച്ച കോണി ഉപയോഗിച്ച് സ്വര്‍ണ്ണ പാത്രത്തിലെ പഞ്ചഗവ്യത്തിലേക്ക് ഇറങ്ങുന്നു. തുടര്‍ന്ന് സ്വര്‍ണ്ണപാത്രം സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ച അടപ്പുകൊണ്ട് സേവകര്‍ അടച്ചു വക്കുന്നതും, ഈ സമയത്ത് ബ്രാഹ്മണര്‍ മന്ത്രങ്ങള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാക്കുകയും, യുവരാജാവ് പഞ്ചഗവ്യത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി അഞ്ചു തവണ മുങ്ങിക്കുളിക്കുകയും ചെയ്യുന്നു. അതിനുശേഷം കോണിയുപയോഗിച്ച് പുറത്തുകടക്കുന്ന “ശൂദ്ര-ക്ഷത്രിയ”നായിത്തീര്‍ന്ന യുവരാജന്‍ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കല്‍മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെവച്ച് യുവരാജന്‍ ശ്രീ പത്മനാഭനെ നമസ്ക്കരിച്ച് തൊഴുകയ്യുകളോടെ നില്‍ക്കുകയും,ക്ഷേത്ര തന്ത്രി പ്രാര്‍ത്ഥനാപൂര്‍വ്വം,രാജാവിനെ കിരീടധാരണ കര്‍മ്മം നടത്തിക്കുകയും ചെയ്യുന്നു. അതോടുകൂടി അയാള്‍ “കുലശേഖരപെരുമാള്‍” എന്ന സ്ഥാനം വഹിക്കുന്ന മഹാരാജാവായിത്തീരുന്നു. തിരുവിതാം കൂറിലെ രാജാക്കന്മാരുടെ രാജ്യഭരണമേല്‍ക്കുന്ന പ്രാഥമിക ഘട്ടമായ ഹിരണ്യഗര്‍ഭ ചടങ്ങ് പൂര്‍ത്തിയാകാന്‍ പഞ്ചഗവ്യ സ്നാനത്തിനുപയോഗിച്ച സ്വര്‍ണ്ണ പാത്രം ചെറിയ കഷണങ്ങളായി മുറിച്ച് ആയിരക്കണക്കിനുവരുന്ന ബ്രാഹ്മണര്‍ക്ക് (ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നത് ശ്രദ്ധിക്കുക)ദാനം ചെയ്യുക എന്ന ചടങ്ങുകൂടി രാജാവു പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബ്രാഹ്മണര്‍ക്ക് സ്വര്‍ണ്ണ പാത്രത്തിന്റെ കഷണങ്ങള്‍ ദാനം ചെയ്യുന്നതോടെ ഹിരണ്യ ഗര്‍ഭ ചടങ്ങ് അവസാനിച്ചു. പശുവിന്റെ ഗര്‍ഭം ദിവ്യമാണെന്ന സംങ്കല്‍പ്പമാണ്

തുലാപുരുഷദാനം

അടുത്തതായി രാജപദവി ഏല്‍ക്കുന്നതിന്റെ രണ്ടാംഘട്ട ചടങ്ങ് ആരംഭിക്കുകയായി. കുലശേഖരപെരുമാള്‍ എന്ന സ്ഥാനം ഉറപ്പിക്കുന്നതിനായി തുലാപുരുഷ ദാനം നടത്തപ്പെട്ടിരുന്നു. ഇതിനായി പല വലിപ്പത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെ തെക്കു കിഴക്കേ മൂലയില്‍ സ്ഥാപിച്ചിട്ടുള്ള കരിംങ്കല്‍ തൂണുകളില്‍ രാജാവിന് ഇരിക്കാനായി ഒരു തുലാസ് തൂക്കിയിടുന്നു. ഒരു തട്ടില്‍ രാജാവും മറുതട്ടില്‍ പലവലിപ്പത്തില്‍ നിര്‍മ്മിക്കപ്പെട്ട സ്വര്‍ണ്ണ നാണയങ്ങളും ഉപയോഗിച്ച് തൂക്കം തുല്യമായി ഒപ്പിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന രാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ സാധാരണ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്ന ചടങ്ങിനെയാണ് തുലാപുരുഷദാനം എന്നു പറയുന്നത്. ബ്രാഹ്മണരുടെ വലിപ്പച്ചെറുപ്പങ്ങള്‍ക്കനുസരിച്ച് ചെറിയ നാണയമോ വലിയ നാണയമോ ദാനം ചെയ്യുന്ന ഏര്‍പ്പാടാണുണ്ടായിരുന്നത്.
 

Friday, August 9, 2013

"മലയാളമാസം(കൊല്ലവര്‍ഷം)"

കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം.
ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർ‌ത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌.
പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം ഇതാണ്‌, പണ്ട്‌ ഭാരതത്തിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലിരുന്ന ഒരു കാലഗണനാരീതിയായിരുന്നു സപ്തർഷി വർഷം[2]. കൊല്ലം ഒരു പ്രധാന വാണിജ്യകേന്ദ്രമായപ്പോൾ ഇവിടെയെത്തിയ കച്ചവടക്കാർ അവർക്ക്‌ പരിചിതമായിരുന്ന സപ്തർഷിവർഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും ചേർത്ത്‌ ഉപയോഗിക്കുവാൻ തുടങ്ങി അത്‌ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമായിരുന്നു. കാരണം സപ്തർഷിവർഷം അത്രയൊന്നും കൃത്യമല്ലായിരുന്നു. കൂടാതെ തദ്ദേശീയ കാലഗണനാരീതികളുടെ മാസവിഭജനരീതികളും കൃത്യമല്ലായിരുന്നു. അതുകൊണ്ട്‌ അവർ ഇവ രണ്ടും ചേർത്ത്‌ പുതിയൊരു കാലഗണനാരീതി ഉണ്ടാക്കാൻ തീരുമാനിച്ചു. ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതൽ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തർഷിവർഷത്തിനുണ്ടായിരുന്നത്‌. ക്രി.മു 76-ൽ തുടങ്ങിയ സപ്തർഷിവർഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത്‌ ക്രി.പി. 825-ൽ ആണ്‌. ആ സമയം നോക്കി വ്യാപാരികൾ പുതിയ സമ്പ്രദായം തുടങ്ങുകയും ചെയ്തു

കൊല്ലവും വർഷവും ഒരേ അർത്ഥമുള്ള വാക്കുകളാണു് എന്നു തോന്നാമെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണു് കൊല്ലവർഷം ഉണ്ടായിരിക്കുന്നതു്. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാണു് കൊല്ലവർഷം ആരംഭിച്ചതെന്നാണു് ചില പണ്ഡിതന്മാരുടെ അഭിപ്രായം.

എന്നാൽ രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ്‌ കൊല്ലവർഷം തുടങ്ങിയതെന്ന് മറ്റുചിലർ വാദിക്കുന്നു.


ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇതു്. തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌[4]. ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു് നാളുകൾ നിശ്ചയിക്കുന്നതു്.

മലയാളമാസവും മറ്റുള്ള മാസങ്ങളും
മലയാളമാസം-ഗ്രിഗോറിയൻ കലണ്ടർ മാസം-തമിഴ് മാസം-ശക മാസം എന്ന ക്രമത്തില്‍
ചിങ്ങം ഓഗസ്റ്റ്-സെപ്റ്റംബർ ആവണി-പുരുട്ടാശി ശ്രാവണം-ഭാദ്രം
കന്നി സെപ്റ്റംബർ-ഒക്ടോബർ പുരുട്ടാശി-ഐപ്പശി ഭാദ്രം-ആശ്വിനം
തുലാം ഒക്ടോബർ-നവംബർ ഐപ്പശി-കാർത്തികൈ ആശ്വിനം-കാർത്തികം
വൃശ്ചികം നവംബർ-ഡിസംബർ കാർത്തികൈ-മാർകഴി കാർത്തികം-ആഗ്രഹായണം
ധനു ഡിസംബർ-ജനുവരി മാർകഴി-തൈ ആഗ്രഹായണം-പൗഷം
മകരം ജനുവരി-ഫെബ്രുവരി തൈ-മാശി പൗഷം-മാഘം
കുംഭം ഫെബ്രുവരി-മാർച്ച് മാശി-പങ്കുനി മാഘം-ഫാൽഗുനം
മീനം മാർച്ച്-ഏപ്രിൽ പങ്കുനി-ചിത്തിരൈ ഫാൽഗുനം-ചൈത്രം
മേടം ഏപ്രിൽ-മേയ് ചിത്തിരൈ-വൈകാശി ചൈത്രം-വൈശാഖം
ഇടവം മേയ്-ജൂൺ വൈകാശി-ആനി വൈശാഖം-ജ്യേഷ്ഠം
മിഥുനം ജൂൺ-ജൂലൈ ആനി-ആടി ജ്യേഷ്ഠം-ആഷാഢം
കർക്കടകം ജൂലൈ-ഓഗസ്റ്റ് ആടി-ആവണി ആഷാഢം-ശ്രാവണം

കൊല്ലവർഷത്തീയതിയിൽ നിന്നും കലിദിനവും കണ്ടുപിടിക്കുന്ന വഴി
കൊല്ലവർഷത്തിലെ ഒരു തീയതിയിൽ നിന്നു കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള ഒരു ശ്ലോകം താഴെക്കൊടുക്കുന്നു:

"കോളംബം തരളംഗാഢ്യം
ഗോത്രഗായകവർദ്ധിതം
കുലൈരാപ്തഫലം ത്വേക-
യുക്തം ശുദ്ധകലിർ ഭവേത്"

ഇതു് ഏതെങ്കിലും വർഷത്തെ മേടം ഒന്നിന്റെ കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള വഴിയാണു്.

തരളാംഗം-(ത = 6, ര = 2, ള = 9, ഗ = 3)-3926
ഗോത്രഗായക-(ഗ = 3, ര = 2, ഗ = 3, യ = 1 , ക = 1)-11323
കുലം-(ക = 1, ല = 3)-31

അതായതു്, കൊല്ലവർഷത്തോടു് 3926 കൂട്ടി 11323 കൊണ്ടു ഗുണിച്ചു് 31 കൊണ്ടു ഹരിച്ചാൽ ആ വർഷത്തെ മേടം ഒന്നിന്റെ തലേന്നു വരെയുള്ള കലിദിനസംഖ്യ കിട്ടുമെന്നർത്ഥം.

ഉദാഹരണമായി. 1181 മേടം 1 എടുക്കാം:
മേൽക്കാണിച്ച സൂത്രവാക്യം ഉപയോഗിച്ച് ഇതു് 1865372.93 ആണെന്നു കാണാം.
അതായതു് കലിദിനസംഖ്യ 1865373 + 1 = 1865374 ആണെന്നർത്ഥം.


കലിദിനത്തിൽനിന്നോ ജൂലിയൻ ദിനത്തിൽ നിന്നോ കൊല്ലവർഷത്തീയതി കണ്ടുപിടിക്കുന്ന വിധം

ഇപ്രകാരം കൊല്ലവർഷത്തിലെ തീയതി കണ്ടുപിടിക്കുന്നതു് പ്രായേണ ദുഷ്കരമായ ഗണിതക്രിയകളിലൂടെയാണു്. ആദ്യം സൂര്യന്റെ നിരയനസ്ഫുടം കണ്ടുപിടിച്ച് അതിൽനിന്നും സൂര്യൻ വർഷത്തിലെ ഏതേതു ദിവസങ്ങളിൽ ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്കു സംക്രമിക്കുന്നു എന്നറിയണം. തുടർന്നു് ആ ദിവസത്തെ സൂര്യന്റെ മൊത്തം രാശിസ്ഥാനാന്തരണവും അതിൽനിന്നു് ആനുപാതികമായി കണക്കുകൂട്ടി കൃത്യം ഏതു സമയത്താണു് രാശിയിൽ പ്രവേശിച്ചതെന്നും കണ്ടുപിടിക്കണം. ഈ സമയം മദ്ധ്യാഹ്നം അവസാനിക്കുന്നതിനു മുമ്പാണെങ്കിൽ അന്നേ ദിവസവും അതല്ലെങ്കിൽ പിറ്റേന്നും പുതിയ മാസം തുടങ്ങും. ഇതുപോലെ അടുത്ത മാസാരംഭത്തിന്റെ ദിവസവും കണ്ടെത്തണം. ഇവയ്ക്കിടയിലുള്ളത്രയും തീയതികളാണു് ആ മാസം ഉണ്ടാവുക. ഇതു് 29 മുതൽ 32 വരെ ആകാം. ഉത്തരായണക്കാലത്തു് ദീർഘമാസങ്ങളും ദക്ഷിണായനക്കാലത്തു് ഹ്രസ്വമാസങ്ങളും സംഭവിക്കുന്നു.
ലോകത്തിൽ പ്രചാരത്തിലുള്ള മറ്റു മിക്കവാറും കലണ്ടറുകളിലൊന്നും ഈയൊരു തരം സമ്പ്രദായം സ്വീകരിച്ചിട്ടില്ല. ദുഷ്കരമായ ക്രിയകൾ അടങ്ങിയിട്ടുണ്ടെങ്കിലും കൊല്ലവർഷത്തിലെ മാസാരംഭങ്ങൾ മുൻകൂട്ടി കണക്കുകൂട്ടിയെടുക്കാനാവും. മാത്രമല്ല, ഈ വിധത്തിൽ ഗണിച്ചെടുക്കുമ്പോൾ കൊല്ലവർഷത്തിലെ അധിവർഷങ്ങൾ സ്വയം ക്രമപ്പെടുത്തിക്കൊണ്ടിരിക്കും.


 

Wednesday, August 7, 2013

   "ഗുരുതി"


അനാര്യദേവതകൾക്കായി കേരളത്തിൽ നടത്തുന്ന പൂജകളിൽ ഒന്നാണ് ഗുരുതി. പ്രാചീനകാലം മുതൽ കേരളത്തിന്റെ‍ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം.ദക്ഷിണഭാരതത്തിൽ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഗുരുതി പൂജകൾ നടത്തിയിരുന്നതായി വിശ്വസിക്കുന്നു. ആര്യന്മാർ ദേവതാപ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, ദ്രാവിഡർ ആടുകയും പാടുകയും ഊട്ടുകയും ഗുരുതി മുതലായവ നടത്തുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്. ഇന്നും പല ഹൈന്ദവക്ഷേത്രങ്ങളിലും ഈ ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമായി ഗുരുതിയും ഗുരുതിക്കളവും നിലനിൽക്കുന്നുണ്ട്. ദ്രാവിഡാചാര പ്രകാരം ദേവതകളെ പ്രീതിപ്പെടുന്നതിനുള്ള ചടങ്ങാണ് ഗുരുതി. ആദികാലങ്ങളിൽ നടന്നിരുന്ന മൃഗബലി (കുരുതി)യുടെ പരിഷ്കരിച്ച രൂപമാണ് ഇന്ന് ക്ഷേത്രങ്ങളിൽ കാണുന്നത്.

വെണ്‍ഗുരുതി, ചെങ്കുരുതി, കടുംഗുരുതി എന്നീപ്രകാരം ഗുരുതികള്‍ കണ്ടുവരുന്നു. ഗുരുതിക്ക് കുരുസി എന്നും പാഠഭേദമുണ്ട്. അരിമാവ് കലക്കി ഉണ്ടാക്കുന്നതാണ് വെണ്‍ഗുരുതി. ചെങ്കുരുതിയില്‍ മഞ്ഞള്‍പൊടിയും ചുണ്ണാമ്പും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ക്കുന്നു. അല്പം ശര്‍ക്കരകൂടി ചേര്‍ത്ത് രൂക്ഷത കുറച്ചും ഗുരുതി നടത്താറുണ്ട്. കടുംഗുരുതിയില്‍ മഞ്ഞള്‍പൊടിയും, ചുണ്ണാമ്പും പുറമേ ചിരട്ടകരിയും നിണ സങ്കല്പത്തില്‍ നരികുമ്പളങ്ങയും ചേര്‍ത്ത് കാണാറുണ്ട്. ഭദ്രകാളിയുടെ ഭൂതഗണങ്ങള്‍ക്ക് രക്തം കൊടുക്കുക എന്ന സങ്കല്‍പത്തിലാണ് ഗുരുതിതര്‍പ്പണം. രക്തേശ്വരി സങ്കല്പത്തിലാണ് ഭദ്രകാളിക്ക് ഗുരുതി തര്‍പ്പിക്കുക.ശ്രീജേഷ്ഠ, പാര്‍വതി, ദുര്‍ഗ, ഭദ്രകാളി, സരസ്വതി എന്നീപ്രകാരം ആറു യാമങ്ങളുണ്ട്. ഒരു യാമം എന്നു വച്ചാല്‍മൂന്നേമുക്കാല്‍നാഴികയെന്നും, എഴരനാഴികയെന്നും, പത്തുനാഴികയെന്നും പാടഭേദങ്ങളുണ്ട്. ഇതില്‍മൂന്നാമത്തെ പാഠം സ്വീകരിച്ചാല്‍നട്ടുച്ചയ്ക്ക് നടത്തുന്ന വലിയഗുരുതി ജ്യേഷ്ഠായാമത്തില്‍വരും, ജ്യോതിശാസ്ത്രപരമായി പറഞ്ഞാല്‍ഇത് അഭിജിത്ത് മുഹൂര്‍ത്തം ആണ്. ലോകത്തുള്ള സമസ്ത ദോഷങ്ങളെയും മഹാവിഷ്ണു തന്‍റെ സുദര്‍ശന ചക്രം കൊണ്ട് മറച്ചു പിടിക്കുന്ന സമയം. ഈ സമയത്താണ് വലിയഗുരുതി തര്‍പ്പണം ചെയ്യപ്പെടുന്നത്.നട്ടുച്ചക്ക് ഗുരുതിനടത്താറുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് എറണാകുളം ജില്ലയില്‍ തെക്കേ ആമ്പല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ആമ്പല്ലൂര്‍ കാവ്‌ ഭഗവതി ക്ഷേത്രം.

ക്ഷേത്രമുറ്റത്ത് വാഴപിണ്ടികൾ കൊണ്ടും വാഴപ്പോളകൾകൊണ്ടും നിർമ്മിച്ച കളങ്ങളിൽ വിളക്കുവെക്കുന്നു. പിന്നീട് കുരുത്തോലകൾകൊണ്ട് അലങ്കരിച്ച് പന്തങ്ങൾക്കും വിളക്കുകൾക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികൾ ഒരുക്കിയാണ് ഗുരുതിക്കളം തയ്യാറാക്കുക. ഇതിൽ ധാരാളം പന്തങ്ങൾ നാട്ടാറുണ്ട്. 8, 16, 64 എന്നീകണക്കുകളാണ് ഇതിനു പയോഗിക്കുന്നത്. ഇതിന്റെ നടുവിലെ പന്തമാണ് ഗുരുതിപ്പന്തം. ഇത് തെങ്ങിൻ പൂക്കുലകൾ കൊണ്ടും മാലകൾ കൊണ്ടും അലങ്കരിച്ചിരിക്കും. ഈ പന്തത്തിനു സമീപം കുമ്പളങ്ങകൾ വയ്ക്കുകയും ഗുരുതി പൂജാവസനം ഈ കുമ്പളങ്ങകൾ വെട്ടിമുറിക്കുകയും ചെയ്യുന്നു.ഇതോടൊപ്പം മഞ്ഞളും ചുണ്ണാമ്പും കലക്കി ചുവന്ന നിറമാക്കിയ വെള്ളം നിലത്തൊഴുക്കുകയും ചെയ്യുന്നു.


Monday, August 5, 2013

നമ്മുടെ മേളപ്പെരുമ


പഞ്ചവാദ്യം

പല വാദ്യോപകരണങ്ങൾ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം.

“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള:
പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”

മുകളിൽപ്പറയുന്ന പഞ്ചവാദ്യത്തിന്റെ ലക്ഷണം അനുസരിച്ച് ഇടയ്ക്ക, ഇലത്താളം, തിമില, ശംഖ്, മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം. ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. എന്നാൽ ഇന്നു പ്രചാരത്തിലുള്ള പഞ്ചവാദ്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം, കുഴൽ, ശംഖ് (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല.

അടിസ്ഥാനപരമായി ഇത്‌ ഒരു ക്ഷേത്ര കലാരൂപമാണ്‌. ഇന്നത്തെ രീതിയി‌ൽ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട പീതാംബരമാരാർ, അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വരമാരാർ, പട്ടാരത്ത് ശങ്കരമാരാർ തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതി‌ൾ ഇവ‌ർ പ്രധാന പങ്കു വഹിച്ചു

ഒരു പഞ്ചവാദ്യത്തിൽ സാധാരണഗതിയിൽ മേളക്കാരുടെ എണ്ണം നാല്‌പതാണ്‌. പതിനൊന്നു തിമിലക്കാർ, അഞ്ചു മദ്ദളം, രണ്ടു ഇടയ്ക്ക, പതിനൊന്നു കൊമ്പ്‌, പതിനൊന്ന്‌ ഇലത്താളം ഇങ്ങനെയാണ്‌ അതിന്റെ ഉപവിഭജനം. ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിർണയിച്ചിട്ടുണ്ടു. അതനുസരിച്ച്‌ തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയിൽ മുഖാമുഖം നിരക്കുന്നു. തിമിലയ്‌ക്കു പിന്നിൽഅണിനിരിക്കുന്നത്‌ ഇലത്താളക്കാരാണ്‌. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്‌. ഈ വാദ്യനിരയുടെ രണ്ട്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക്‌ അതായത്‌ മധ്യഭാഗത്ത്‌ തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക വായിക്കുന്നവർനിലകൊളളുന്നു.ഇലത്താളക്കാരുടെ പിന്നിലാണ്‌ ശംഖിന്റെ സ്ഥാനം. ശംഖു വിളിയോടെയാണ്‌ പഞ്ചവാദ്യം ആരംഭിക്കുന്നത്‌. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം തൃശൂർ പൂരത്തിനാണ് നടക്കുക. മഠത്തിൽ വരവ് പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ക്ഷേത്രസംഘമാണ് ഇത് അവതരിപ്പിക്കുക.

തായമ്പക

കേരളത്തിന്റെ തനതായ ഒരു കലാരൂപമാണ് തായമ്പക. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി ചെണ്ട, വീക്കുചെണ്ട, ഇലത്താളം എന്നിവയുമുണ്ടാകും. തായമ്പകയിൽ പ്രധാന ചെണ്ടവാദ്യക്കാർ ഒരു കൈയിൽ മാത്രം ചെണ്ടക്കോൽ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോൽ കൊണ്ടും മറ്റേ കൈ കൊണ്ടും കൊണ്ട് ചെണ്ടയിൽ വീക്കുന്നു(അടിക്കുന്നു). ഇത് തായമ്പകയിലും ചില രീതിയിലുള്ള പഞ്ചാരിമേളങ്ങളിലും മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളിൽ രണ്ടു കൈയിലും ചെണ്ടക്കോൽ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി മനോധർമ്മപ്രകടനങ്ങളാണ് തായമ്പകയിൽ കാഴ്ചവക്കുന്നത്.
തായമ്പകയിൽ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരൻ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാർ (ചെണ്ടയും,വീക്കുചെണ്ടയും) അണിനിരക്കുന്നു.ഇടം തല ,വലം തല ചെണ്ടകളിൽ താളാംഗങ്ങൾ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ ഇലത്താളം വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതൽ 120 മിനിറ്റ് വരെ നീണ്ടു നിൽക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാർ അണിനിരക്കുന്ന തായമ്പകകൾ ഇക്കാലത്ത് സാധാരണമാണ്.

തായമ്പകയിൽ പ്രധാനമായും ആറു ഘട്ടങ്ങളാണ് ഉള്ളത്. മുഖം, ചെമ്പടവട്ടം, കൂറ്, ഇടവട്ടം, ഇടനില, ഇരികിട എന്നിങ്ങനെയാണ് അവ. ഇതിനെ മൂന്ന് ആക്കി ചുരുക്കിപ്പറയുകയും ചെയ്യും. ഇതിൽ മുഖവും ചെമ്പടവട്ടവും ചേർന്ന ദൈർ‌ഘ്യമേറിയ ഭാഗം പതികാലം എന്നു അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ കൂറിൽ ചമ്പക്കൂറ്, അടന്തക്കൂറ്, പഞ്ചാരിക്കൂറ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് വാദകന്റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമത്തേയും അവസാനത്തേതും ആയ ഘട്ടം ദ്രുതകാലം എന്നറിയപ്പെടുന്നു. ഇടവട്ടം, ഇടനില, ഇരികിട എന്നിങ്ങനെ അറിയപ്പെടുന്ന ഭാഗങ്ങളാണ് ഈ ഘട്ടത്തിൽ ഉള്ളത്

പഞ്ചാരിമേളം

കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കാറുള്ള., പല വാ‍ദ്യോപകരണങ്ങൾ ഒന്നുചേരുന്ന ഒരു ചെണ്ടമേളമാണ് പഞ്ചാരിമേളം. പത്തു നാഴിക (നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്. പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ചെണ്ട, കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ്. മധ്യകേരളത്തിലെ എല്ലാ ക്ഷേത്രോത്സവങ്ങൾക്കും സാധാരണയായി പഞ്ചാരിമേളം അവതരിപ്പിക്കാറുണ്ട്. പഞ്ചാരിമേളം രണ്ടു രീതിയിൽ അവതരിപ്പിച്ചു കാണുന്നുണ്ട്. വലതു കൈയിൽ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോൽ ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്. കർണ്ണാടകസംഗീതത്തിലെ രൂപകതാളത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിലെ ' ഏക്‌ താൾ 'നും സമാനമാണ്‌ ആറക്ഷരകാലമുള്ള പഞ്ചാരി താളം.
പഞ്ചാരി മേളത്തിന് അഞ്ചു കാലങ്ങൾ ആണ് ഉള്ളത്. ഒന്ന് മുതൽ അഞ്ചു വരെ ഉള്ള കാലങ്ങൾ 96, 48, 24, 12, 6 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.
ക്ഷേത്രമതിൽക്കെട്ടിന് അകത്തു നടക്കുന്ന ശീവേലികൾക്ക് സാധാരണയായി പഞ്ചാരിമേളമാണ് അവതരിപ്പിക്കുക. പഞ്ചാരി പോലെ തന്നെ പ്രസിദ്ധമായ പാണ്ടിമേളം ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിക്കുക, ക്ഷേത്രമതിൽക്കെട്ടിന് അകത്ത് കൊട്ടുന്ന ഏക പാണ്ടിമേളം തൃശൂർപൂരത്തിന്റെ ഇലഞ്ഞിത്തറമേളം മാത്രമാണ്.


പ്രധാനാമായും തൃശൂർ ജില്ലയിലെ വിവിധ ഉത്സവങ്ങളിൽ പഞ്ചാരിമേളം അതിന്റെ തനതായ രീതിയിൽ അവതരിപ്പിച്ചു വരുന്നു. ആറാട്ടുപുഴ പൂരം, പെരുവനം പൂരം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവം, കുട്ടനെല്ലൂർ പൂരം, ഒല്ലൂർ ഗ്രാമത്തിലുള്ള ശ്രീ ഇടക്കുന്നി ഭഗവതീക്ഷേത്ര ഉത്സവം എന്നിവ ചില പ്രധാനപ്പെട്ട പഞ്ചാരിമേളം അവതരിപ്പിക്കുന്ന വേദികൾ ആണ്. വൃശ്ചിക മാസത്തിൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയിലെ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലും നവരാത്രിയോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ കൊടുന്തരപ്പുള്ളി ആഗ്രഹരത്തിലും നടക്കുന്ന പഞ്ചാരി മേളങ്ങളും പ്രശസ്തമാണ്.

പ്രശസ്ത കലാകാരന്മാർ

തൃപ്പേക്കുളം അച്ചുത മാരാർ, പെരുവനം കുട്ടൻ മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കിഴക്കൂട്ട്‌ അനിയൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ , ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, കരിമ്പുഴ ഗോപി പോതുവാൾ, തിരുവല്ല രാധാകൃഷ്ണൻ , ചൊവ്വല്ലൂർ മോഹനൻ , പയ്യന്നൂർ നാരായണ മാരാർ, ഗുരുവായൂർ ഹരിദാസ്‌ എന്നിവർ പഞ്ചാരി മേളം അവതരിപ്പിക്കുന്ന ചില പ്രസിദ്ധരായ കലാകാരന്മാർ ആണ്.
മണ്മറഞ്ഞ ചെണ്ട/പഞ്ചാരിമേളം കലാകാരന്മാർ: പെരുവനം അപ്പു മാരാർ, ചക്കംകുളം അപ്പു മാരാർ, കരിമ്പുഴ രാമ പൊതുവാൾ, മുളങ്കുന്നന്നതുകാവ് അപ്പുക്കുട്ട കുറുപ്പ്, കാച്ചാംകുറിച്ചി കണ്ണൻ, കുറുപ്പത്ത് ഈച്ചര മാരാർ, കാരേക്കാട്ട് ഈച്ചര മാരാർ


പാണ്ടിമേളം

കേരളത്തിന്റെ തനതായ ചെണ്ടമേളമാണ് പാണ്ടി. ചെണ്ട, ഇലത്താലം,കൊമ്പ്, കുറുകുഴൽ ഇവയാണിതിലെ വാദ്യങ്ങൾ. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം എന്നു കരുതുന്നവരുണ്ട്. സാധാരണയായി ക്ഷേത്രങ്ങളുടെ മതിൽക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. പഞ്ചാരിമേളം എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.

തൃശൂർപൂരത്തിലെ ഇലഞ്ഞിത്തറമേളം ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. ഈ മേളം പതിവിനു വിപരീതമായി വടക്കുന്നാഥൻ ക്ഷേത്രമതിൽ കെട്ടിനകത്താണ്‌ നടത്തുന്നത് തൃശൂർപൂരത്തിന്റെ മുഖ്യപങ്കാളികളിലൊന്നായ പാറമേക്കാവ് വിഭാഗമാണ് ഇത് അവതരിപ്പിക്കുന്നത്.

 

Saturday, August 3, 2013

"ആറന്മുള വള്ളസദ്യ"

 
 
            ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ.കർക്കിടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്. പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്.അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.
വള്ള സദ്യയിലെ ചടങ്ങുകൾ

വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വ്ഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം.ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.

ഇങ്ങനെ സ്വീകരിയ്ക്കണമെന്ന് വള്ളപ്പാട്ടിൽ കൂടി ആവശ്യപ്പെടും;
"വായ്ക്കുരവ നാദസ്വര മേളത്തോടെ സ്വീകരിച്ച്, പള്ളി കൊള്ളും ഭഗവാൻറ ചാരത്തെത്തിയ്ക്കു.."

ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു. അപ്പോഴും പാട്ടുകാർ‍ വള്ളപ്പാട്ടു പാടിക്കൊണ്ടേയിരിയ്ക്കും കൊടിമരച്ചുവട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ചു് വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഇങ്ങനെ കുറച്ചു നേരം തുടർന്നതിനുശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കുടെ വള്ളം തുഴയുന്ന ഒരു നയമ്പും (തുഴയും) ആറമുളതേവർക്ക് നടയ്ക്കൽ വെക്കുന്നു.

പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ‍ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരുപ്രധാന ചടങ്ങാണ്. വാഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ലത്രേ.

ഇങ്ങനെ വള്ളപ്പാട്ടിൽക്കൂടി വിഭവങ്ങൾ ചോദിയ്ക്കും.
"ചേനപ്പാടി ചേകവൻറ പാളത്തൈര് കൊണ്ടുവന്ന്, പാരിലേഴും ഭഗവാന് കൊണ്ടുവിളമ്പ്....."

ഇന്നും വള്ളസദ്യയ്ക്കാവശ്യമായ പാളത്തൈര് ആചാരപരമായി ഇന്നും കോട്ടയം ജില്ലയിലെ ചേനപ്പാടിയിൽ നിന്നും ആണ് എത്തിക്കുന്നത്. സദ്യ കഴിഞ്ഞ് വീണ്ടും കൊടിമരച്ചുവട്ടിൽ വന്ന് ഭഗവാനെ നമസ്കരിക്കും. അവിടെ നിറച്ചു വച്ചിരിക്കുന്ന പറ മറിയ്ക്കും. ഇതിനെ പറ തളിക്കുക എന്നാണ് പറയുന്നത്. പള്ളിയോട കരക്കാർ ദക്ഷിണവാങ്ങി, വഴിപാടുകാരെ അനുഗ്രഹിക്കും.

"നാളിൽ നാളിൽ സുഖിച്ചദിമോദത്തോടെ വസിച്ചാലും

നാളികലോചനൻ തന്റെ നാമമാഹാത്മ്യത്താൽ"

പിന്നെ വള്ളപ്പാട്ടു തുടങ്ങും. അഷ്ടമംഗല്യവും വിളക്കും നൽകി വീണ്ടും ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ച് വടക്കേ ഗോപുരത്തിലൂടെ വള്ളക്കടവിലേയ്ക്ക് ആനയിയ്ക്കുന്നു. വഞ്ചിപ്പാട്ടുപാടി കരക്കാർ എല്ലാവരും വന്ന വള്ളത്തിൽ തന്നെ കയറി വന്നതു പോലെ തിരികെ വള്ളപ്പാട്ടും പാടി തിരിച്ചു പോകുന്നു. വള്ളക്കാരെ യാത്രയാക്കി കഴിഞ്ഞാണ് വള്ളസദ്യ നടത്തിയ വീട്ടുകാർ സദ്യ കഴിയ്ക്കുന്നത്. അതോടുകൂടി വള്ളസദ്യയുടെ ചടങ്ങുകൾ അവസ്സനിക്കുന്നു.

സദ്യയിലെ വിഭവങ്ങൾ

അറുപത്തിമൂന്ന് ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.


അച്ചാർ:-

മാങ്ങ
നാരങ്ങ
അമ്പഴങ്ങ
ഇഞ്ചി
പുളിയിഞ്ചി
ഇഞ്ചിതൈര്

ഉപ്പേരി:-


കായ വറുത്തത്
ചക്കഉപ്പേരി
ശർക്കര വരട്ടി
ഉഴുന്നുവട
എള്ളുണ്ട
ഉണ്ണിയപ്പം

കൂട്ടുകറി:-
അവിയൽ
ഓലൻ
എരിശേരി
മാമ്പഴ പച്ചടി
കിച്ചടി
കൂട്ടുകറി


തൊടുകറി:-

നെയ്യ്
പരിപ്പ്
സാമ്പാർ
കാളൻ
പുളിശ്ശേരി
പാളത്തൈര്
രസം
മോര്

മെഴുക്കുപുരട്ടി:-
കൂർക്കമെഴുക്കുപുരട്ടി
കോവയ്ക്കമെഴുക്കുപുരട്ടി
ചേനമെഴുക്കുപുരട്ടി
പയർമെഴുക്കുപുരട്ടി

പായസം:-
അമ്പലപ്പുഴ പാൽപ്പായസം
പാലട
കടലപായസം
ശർക്കരപായസം
അറുനാഴിപായസം

കൂടാതെ:-


പുത്തരി ചോറ്
പപ്പടം വലിയത്
പപ്പടം ചെറിയത്
പൂവൻപഴം
അട
ഉപ്പ്
ഉണ്ടശർക്കര
കൽക്കണ്ടം
മലർ

സദ്യയ്ക്കുശേഷം കൊടിമരച്ചുവട്ടിൽ പറതളിച്ച് കരക്കാർ ഭക്തനെ അനുഗ്രഹിക്കുന്നു. തുടർന്ന് മടക്കയാത്രയോട് കൂടിയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.


 

Thursday, August 1, 2013

സസ്യഭക്ഷണം അര്‍ബുദം തടയും
 

അര്‍ബൂദ കോശങ്ങള്‍ വളരാതെ തടയാന്‍ ചെടികള്‍ക്ക് ആവുമെന്ന് പഠനം. സസ്യഭക്ഷണം കാന്‍സറിനെതിരെ പൊരുതുമെന്ന് നമുക്കറിയാം. എന്നാല്‍ നൂതനമായ രീതിയില്‍ ചെടികള്‍ നമ്മെ രക്ഷിക്കും എന്ന് ഇപ്പോള്‍ തെളിഞ്ഞു.

 പതിവായി ഇറച്ചി കഴിക്കുന്നവരെക്കാള്‍ സസ്യഭുക്കുകള്‍ക്ക് അര്‍ബുദസാധ്യത 50 ശതമാനം കുറവാണ്. സസ്യങ്ങളില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ മാരകമായ അര്‍ബുദ വളര്‍ച്ചയ്ക്കു കാരണമായേക്കാവുന്ന ഡിഎന്‍എ തകരാറുകളില്‍ നിന്നു രക്ഷിക്കുകയും ചെയ്യുന്നു.

 പുതിയ പഠനമനുസരിച്ച് ആന്‍ജിയോജെനസിസ് എന്ന പ്രക്രിയ വഴി സസ്യഭക്ഷണം അര്‍ബുദ വളര്‍ച്ചയെ തടയുന്നു. പുതിയ രക്തക്കുഴലു കള്‍ വളര്‍ത്താനുള്ള കോശങ്ങളുടെ കഴിവാണ് ആന്‍ജിയോജെനസി സ്. ഈ പ്രക്രിയ പാളിയാല്‍ പുതിയ രക്തക്കുഴലുകള്‍ ആവശ്യമു ള്ളപ്പോള്‍ ഉണ്ടാകാതിരിക്കുകയോ രക്തക്കുഴലുകള്‍ ഉണ്ടാകുന്നത് നിയന്ത്രണാതീതമാവുകയോ ചെയ്യും.

 ട്യൂമറിന്റെ വളര്‍ച്ച തടയുകയോ ആന്‍ജിയോജെനസിസ് തടയുക വഴി അര്‍ബുദ വ്യാപനത്തെ കുറയ്ക്കുകയോ ചെയ്യുന്ന ചില മരുന്നുകള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. കേംബ്രിഡ്ജിലെ ആന്‍ജിയോജെന സിസ് ഫൌണ്ടേഷനിലെ വില്യംലീയെപ്പോലുള്ള ഗവേഷകര്‍, ആന്‍ജിയോ ജെനസിസ് തടയാന്‍ ചില പ്രത്യേക ഭക്ഷണത്തിനുള്ള ശക്തിയെപ്പറ്റി പഠിക്കുകയാണ്.

 ആപ്പിള്‍, ഓറഞ്ച്, ബ്ളാക്ബെറി മുതലായ പഴങ്ങളിലും മത്തങ്ങ, തക്കാളി മുതലായ പച്ചക്കറികളിലും അടങ്ങിയ പ്ളാന്റ് കെമിക്കലുകള്‍ക്ക് ആന്‍ജിയോജെനസിസ് തടയാനും അര്‍ബുദ കോശത്തെയോ ഒരു കൂട്ടം അര്‍ബുദ കോശങ്ങളെയോ ഒരിക്കലും വളരാന്‍ അനുവദിക്കാതിരിക്കാനും കഴിവുണ്ട്. ചില ചെടികളില്‍ അടങ്ങിയ വളര്‍ച്ചയെ പ്രതിരോധിക്കുന്ന മാംസ്യങ്ങള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു.
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വേവിച്ച തക്കാളി കഴിക്കുന്നത് പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയെ 50 ശതമാനം കുറയ്ക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

35 ശതമാനത്തോളം അര്‍ബുദവും ഭക്ഷണശീലങ്ങളിലൂടെ ഉണ്ടാകുന്നതാണ്. പൊണ്ണത്തടിയുള്ളവരിലും അര്‍ബുദം വരാനുള്ള സാധ്യത കൂടുതലത്രേ.ആരോഗ്യത്തിന് നല്ലത് പച്ചക്കറികള്‍ തന്നെ എന്ന് ബോധ്യമായിക്കൊണ്ടിരിക്കുന്നു.

Tuesday, July 30, 2013

"വ്യക്തി പരിചയം"

ശങ്കരൻ എമ്പ്രാന്തിരി

                                         
                                  പ്രസിദ്ധനായിരുന്ന ഒരു കഥകളി സംഗീതജ്ഞനായിരുന്നു ശങ്കരൻ എമ്പ്രാന്തിരി. കഥകളി സംഗീത പ്രസ്ഥാനത്തിൽ ഒരു വേറിട്ട രീതി സൃഷ്ടിച്ച ആളായിരുന്നു അദ്ദേഹം. മൃദു ശബ്ദവും രാഗ താള ശ്രുതി നിബദ്ധമായിരുന്ന ആലാപന ശൈലിയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.

1944-ൽ മലപ്പുറം ജില്ലയിലെ വെള്ളയൂർ ഗ്രാമത്തിലെ ജാലമനമഠത്തിൽ ജനിച്ചു. അച്ഛൻ കൃഷ്‌ണൻ എമ്പ്രാന്തിരി, അമ്മ അംബികാ അന്തർജനം. സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം ഗോവിന്ദ പിഷാരടിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു. 1958 ഇൽ കലാമണ്ഡലത്തിൽ ചേർന്ന അദ്ദേഹത്തിന്റെ ഗുരുക്കന്മാർ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ഗംഗാധരൻ, കലാമണ്ഡലം ശിവരാമൻ നായർ, മാധവ പണിക്കർ എന്നിവരായിരുന്നു.
പഠിച്ചുകൊണ്ടിരുന്ന കാലത്ത് ശങ്കരൻ എമ്പ്രാന്തിരി അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കലാമണ്ഡലത്തിലെ പഠനത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സംഗീത പ്രാഗത്ഭ്യം പുറം ലോകമറിഞ്ഞു തുടങ്ങിയത്. 1965 ഇൽ ഇരിങ്ങാലക്കുടയിലെ ഉണ്ണായി വാര്യർ കലാനിലയത്തിൽ അധ്യാപകനായി ജോലി ലഭിച്ച അദ്ദേഹം 1970 ഇൽ കൊച്ചിയിലുള്ള ഫാക്റ്റ് കഥകളി സ്കൂളിൽ അധ്യാപകനായി ചേർന്ന് തന്റെ കലാ സപര്യ തുടർന്നു. കഥകളി സംഗീതത്തിൽ പൊന്നാനി എന്നറിയപ്പെടുന്ന, പ്രധാന ഗായകനാകാൻ പിന്നീട് അധിക സമയം വേണ്ടി വന്നില്ല. കോട്ടക്കൽ ശിവരാമൻ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമൻകുട്ടി നായർ എന്നിവരുടെ കൂടെ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്വരമാധുരി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1990 ഇൽ അദ്ദേഹം വൃക്കരോഗ ബാധിതനായി. പ്രമേഹരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. രോഗം മൂര്ധന്യാവസ്ഥയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. പക്ഷെ സംഗീതം ജീവിത വ്രതമാക്കി മാറിയ ശങ്കരൻ എമ്പ്രാന്തിരി വീണ്ടും കഥകളി വേദിയിൽ സജീവ സാന്നിധ്യമായി മാറി . നിന്നുകൊണ്ട് പാട്ടു പാടാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അതിനാൽ വീൽ ചെയറിൽ ഇരുന്നുകൊണ്ടായിരുന്നു അദ്ദേഹം പാടിയിരുന്നത്.

ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന അദ്ദേഹം; അമ്പലനടയിൽ വച്ച്, തന്നെ പ്രസിദ്ധിയുടെ കൊടുമുടിയിൽ എത്തിച്ച "അജിത ഹരേ മാധവ വിഷ്ണോ" ,"പരി പാഹിമാം ഹരേ" എന്ന് തുടങ്ങുന്ന ഗാനങ്ങളാലപിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ഹിന്ദുസ്ഥാനി സംഗീത ഗായകരോടൊന്നിച്ചുള്ള ജുഗൽബന്ദി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 2003 ഇലെ കേരള സർക്കാരിന്റെ സ്വാതി സംഗീതപുരസ്കാരം ലഭിച്ചത് ശങ്കരൻ എമ്പ്രാന്തിരിക്കായിരുന്നു. അതിനു ശേഷം കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് അദ്ദേഹത്തിന് ലഭിച്ചു. 2007 നവംബർ മാസം 14 ന് ആലുവയിലുള്ള ഒരു ആശുപത്രിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.

കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയുടെ സ്മരണാര്‍ഥം ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സ്, നാല്‍പത് വയസ്സ് കവിയാത്ത കഥകളി സംഗീതജ്ഞന് നല്‍കുന്ന പുരസ്‌കാരമാണ് കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി പുരസ്‌കാരം.10,001 രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
 

Sunday, July 28, 2013

"അഗ്നി അറിവ്"

നവരസങ്ങള്
 
ഗുരു നാട്യാചാര്യ മാണി മാധവ ചാക്യാർ ശൃംഗാര രസം അവതരിപ്പിക്കുന്നു.

ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒൻപത് രസങ്ങൾ (ഭാവങ്ങൾ) ആണ് നവരസങ്ങൾ. നവരസങ്ങൾ:
ശൃംഗാരം
കരുണം
വീരം
രൗദ്രം
ഹാസ്യം
ഭയാനകം
ബീഭത്സം
അത്ഭുതം
ശാന്തം
"ശൃംഗാരഹാസ്യകരുണ: രൗദ്രവീരഭയാനക:
ബീഭൽസാത്ഭുതശാന്താച്യേ ത്യേ ത്യേ ന‌വരസാസ്മൃത:"

ഇന്ത്യൻ നൃത്തരൂപങ്ങളായ കൂടിയാട്ടം, ഭരതനാട്യം, കഥകളി തുടങ്ങിയവയിൽ രസാഭിനയം നവരസങ്ങളെ ആസ്പദമാക്കിയാണ്. പല മുഖഭാവങ്ങളിലൂടെയും കൈമുദ്രകളിലൂടെയും നവരസങ്ങൾ പല ഭാവങ്ങളും അവതരിപ്പിക്കുന്നു.
നവരസങ്ങളെ അതിന്റെ ഏറ്റവും പാരമ്യത്തിൽ അഭിനയിച്ച് ഫലിപ്പിക്കുന്നതിന് നാട്യാചാര്യ പത്മശ്രീ മാണി മാധവ ചാക്യാർക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നവരസാഭിനയങ്ങൾ സംഗീത നാടക അക്കാദമി ശേഖരത്തിലും ലോകമെമ്പാടും പല കാഴ്ചബംഗ്ലാവുകളിലും സൂക്ഷിച്ചുവയ്ച്ചിരിക്കുന്നു.
ശൃംഗാരം

നായികാനായകന്മാർക്ക് പരസ്പരമുണ്ടാകുന്ന അനുരാഗമാണ് രതി. രതി എന്ന സ്ഥായിഭാവം രസമായി വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം. പരസ്പരാകർഷണത്തിന് ഹേതുവായിത്തീരുന്ന സൌന്ദര്യം, സൌശീല്യം തുടങ്ങിയ ഗുണങ്ങളാണ് രതി എന്ന സ്ഥായിഭാവത്തിന് ആലംബം. വസന്തം, ഉദ്യാനം, പൂനിലാവ്, തുടങ്ങിയ സാഹചര്യങ്ങൾ ഉദ്ദീപനമായി തീരുമ്പോൾ വിഭാവം, കടാക്ഷം, മന്ദഹാസം, പുരികങ്ങളുടെ ചലനം, മധുരഭാഷണം, സുന്ദരവിലാസങ്ങൾ എന്നീ ബാഹ്യപ്രകടനങ്ങൾ അനുഭാവങ്ങൾ. ആലസ്യവും, ജുഗുപ്സയും, ഔഗ്രവും ഒഴികെയുള്ള മുപ്പത് സഞ്ചാരീഭാവങ്ങൾ ശൃംഗാരാഭിനയത്തിൽ പ്രയോഗിക്കാം.

യൌവനയുക്തകളായ സ്ത്രീകൾക്ക് ശരീരത്തിലും മുഖത്തും വികാരങ്ങൾ സ്ഫുരിക്കുന്നതിനെ നായികാലങ്കാരങ്ങൾ എന്ന് ഭരതൻ വർണ്ണിച്ചിരിക്കുന്നു. ഈ അലങ്കാരങ്ങൾ ഭാവങ്ങളെയും രസങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഭാവം, ഹാവം, ഹേല എന്ന് അവയങ്ങളിലുണ്ടാകുന്ന മൂന്ന് തരം ശൃംഗാരചേഷ്ടകളാണ്, ആദ്യത്തെ മൂന്ന് നായികാലങ്കാരങ്ങൾ. അഭിനയത്തിലൂടെ ശരീരത്തിൽ തന്നെ ഭാവത്തെ പ്രകാശിപ്പിക്കുന്നത് ഭാവം. ഭാവത്തിൻ കൂടുതൽ മിഴിവ് ഉണ്ടാക്കുന്നത് ഹാവം. ഹാവം കൂടുതൽ സ്പഷ്ടമാകുന്നതാണ് ഹേല. സ്വഭാവജന്യങ്ങളായ ലീല, വിലാസം, വിച്ഛിത്തി, വിഭ്രമം, കിലികിഞ്ചിതം, മോട്ടായിതം, കുട്ടമിതം, ബിംബോകം, ലളിതം, വിഹൃതം എന്ന് പത്ത് തരം ശൃംഗാരചേഷ്ടകളെ നായികാലങ്കാരത്തിൽ തിരിച്ചിട്ടുണ്ട്. വാക്ക്, പ്രവൃത്തി, അലങ്കാരങ്ങൾ എന്നിവയിലൂടെ പ്രിയനെ അനുകരിക്കുന്നതാണ് ലീല. അംഗചലനങ്ങൾ മധുരവും ലളിതവുമാക്കുന്നത് വിലാസം. വേഷഭൂഷാദികൾ അശ്രദ്ധയോടെ കുറച്ചെ ധരിച്ചിട്ടുള്ളുവെങ്കിലും കൂടുതൽ ശോഭയുണ്ടാക്കുന്നതാണ് വിച്ഛിത്തി. മദം, അനുരാഗം, ഹർഷം എന്നിവ നിമിത്തം വാക്കിലും പ്രവൃത്തിയിലും മറ്റും മാറ്റം വന്നുപോകുന്നതാണ് വിഭ്രമം. പലതരം വികാരം ഒന്നിച്ചുണ്ടാകുന്നത് കിലികിഞ്ചിതം. പ്രിയന്റെ കഥകൾ കേൾക്കുമ്പോഴും ഹൃദ്യമായ വാക്കും പ്രവൃത്തിയും കാണുമ്പോഴും തന്നോടുള്ള കാമുകന്റെ അനുരാഗത്തെപറ്റി ചിന്തിക്കുമ്പോഴും ഉണ്ടാകുന്ന വികാരപ്രകടനം മോട്ടായിതം. കാമുകൻ തന്റെ കേശസ്തനാദികൾ ഗ്രഹിക്കുമ്പോൾ ഹർഷസംഭ്രമങ്ങൾ നിമിത്തം സുഖവും ദുഃഖവും പ്രകടിപ്പിക്കുന്നതാണ് കുട്ടമിതം. ഇഷ്ടമുള്ളത് കിട്ടികഴിയുമ്പോൾ ഉണ്ടാവുന്ന അഹങ്കാരം നിമിത്തം അനാദരവ് ഉണ്ടാകുന്നത് ബിംബോകം. സൌകുമാര്യമുള്ള അംഗവിക്ഷേപം ലളിതം. പറയാൻ അറയ്ക്കുന്നത് വിഹൃതം.

അയത്നജാലങ്കാരങ്ങൾ എന്ന പേരിൽ ഏഴ് ശൃംഗാരചേഷ്ടകളുണ്ട്. ശോഭ, കാന്തി, ദീപ്തി, മാധുര്യം, ധൈര്യം, പ്രാഗല്ഭ്യം, ഔദാര്യം എന്നീ വികാരപ്രകടനങ്ങളാനിവ. രൂപയൌവനലാവണ്യങ്ങൾ ഉപഭോഗം നിമിത്തം പുഷ്ട്യെ പ്രാപിച്ചിട്ടുള്ളത് ശോഭ. കാമവികാരം പൂർത്തിയാകുമ്പോഴുണ്ടാകുന്ന ശോഭതന്നെ കാന്തി. കാന്തി വർദ്ധിക്കുമ്പോൾ ദീപ്തി. ദീപ്തവും ലളിതവുമായ ഏതൊരവസ്ഥയിലും മധുരമായി പ്രവർത്തിക്കുന്നത് മാധുര്യം. വളരെ തഞ്ചമായ പെരുമാറ്റം ഏതവസ്ഥയിലും ഉണ്ടായിരിക്കുന്നത് ധൈര്യം. കാമകലാപ്രയോഗത്തിൽ പ്രാഗല്ഭ്യം കാണിക്കുന്നത്തന്നെ പ്രാഗല്ഭ്യം എന്ന അയത്നജാലങ്കാരം. ഇതിൽ നിന്ന് ശൃംഗാരം നവരസങ്ങളുടെ രാജാവ് എന്നു മനസ്സിലാക്കാം.

കരുണം

ശോകമാണ് കരുണത്തിന്റെ സ്ഥായി. പലതരം വ്യസനങ്ങൾ കരുണത്തിന് കാരണമാകാം. അതൊക്കെ ഈ രസത്തിന്റെ വിഭാവങ്ങളാണ്. കണ്ണീരൊഴുക്കൽ, നെടുവീർപ്പ്, ഗദ്ഗദം തുടങ്ങിയവയാണ് അനുഭാവങ്ങൾ. നിർവേദം ഗ്ലാനി, ചിന്ത തുടങ്ങി മിക്ക സഞ്ചാരിഭാവങ്ങളും കരുണത്തിന് ആവശ്യമുണ്ട്.

കണ്ണിൻറെ പോളകൾ രണ്ടും ചുവട്ടിലേക്കു വീണും വിറച്ചുമിരിക്കും. കൃഷ്ണമണികൾ മന്ദഗതിയിലായും ബലഹീനമായും കണ്ണീറോടുകൂടി സഞ്ചരിക്കും. ദൃഷ്ടികൾ മൂക്കിൻറെ അഗ്രത്തോട് ചേർന്നിരിക്കും. പുരികങ്ങൾക്ക് പാതനം നേരിടും. കഴുത്ത് ഒരു ഭാഗത്ത് ചെരിഞ്ഞതായും മാറ് കീഴ്പ്പോട്ടും മേൽപ്പോട്ടും വിറയോടുകൂടിയതായും കാണപ്പെടും.

വീരം

വീരത്തിന്റെ സ്ഥായി ഉത്സാഹം. ഉത്തമന്മാരിലാണ് വീരം ഉണ്ടാകുന്നത്. ഈ രസം ഉണ്ടാകുന്നതിനുള്ള വിഭാവങ്ങൾ കൂസലില്ലായ്മ, മടിയില്ലായ്മ, വിനയം, ബലം, പരാക്രമം, ശക്തി, പ്രതാപം, പ്രഭാവം എന്നിവയാണ്. കുലുക്കമില്ലായ്മ, കരളുറപ്പ്, ഉശിര്, ത്യാഗസന്നദ്ധത എന്നീ അനുഭാവങ്ങളിലൂടെയ്യാണ് അഭിനയികേണ്ടത്. ധൃതി, മതി, ഗർവ്വം, ആവേശം, ഉഗ്രത, അമർഷം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ.

ഇതിൻ കണ്ണിൻറെ മധ്യം നല്ലതു പോലെ വിടർന്നും കൃഷ്ണമണികൾ പുറത്തേക്ക് തള്ളിയും, രണ്ട് പോളകളും നീളത്തിലുമായിരിക്കും. കവിൾതടം പൊങ്ങിയും, ചുണ്ടും പല്ലും സ്വാഭാവികനിലയിലും ശിരസ്സ് സമനിലയിൽ നിർത്തിയുമായിരിക്കും. പുരികവും മൂക്കും സ്വാഭാവികമായിരിക്കും. നോട്ടങ്ങൾ വളരെ ശക്തിയുള്ളതായിരിക്കും.

രൌദ്രം

രൌദ്രത്തിന്റെ സ്ഥായി ക്രോധം. മനസ്സിൽ തട്ടത്തക്കവിധം മറ്റുള്ളവർ ചെയ്യുന്ന അപകാരത്താൽ പ്രതിക്രിയ ചെയ്യാനുള്ള അഭിനിവേശത്തോടുകൂടിയ ക്രോധമാൺ രൌദ്രരസത്തിൻറെ സ്ഥായിരസം. അധിക്ഷേപിക്കുക, അവമാനിക്കുക, ഉപദ്രവിക്കുക, ചീത്തവിളിക്കുക, കൊല്ലാൻ ശ്രമിക്കുക തുടങ്ങിയ ക്രോധപ്രവൃത്തികളായ വിഭാവങ്ങൾ മൂലം രൌദ്രം ഉണ്ടാകുന്നു. അടി, ഇടി, യുദ്ധം തുടങ്ങിയ കർമങ്ങൾ, കണ്ണ് ചുമപ്പിക്കുക, അഹങ്കരിക്കുക, കൈ തിരുമ്മുക തുടങ്ങി നിരവധി അനുഭാവങ്ങളിലൂടെ രൌദ്രം അഭിനയിക്കുന്നു. കൂസലില്ലായ്മ, ഉത്സാഹം, അമർഷം, ആവേഗം, ചപലത, ഉഗ്രത, ഗർവ്വം തുടങ്ങിയവയാണ് സഞ്ചാരിഭാവങ്ങൾ.

ഹാസ്യം

ഹാസ്യത്തിന്റെ സ്ഥായി ഭാവം ഹാസമാണ്. വികൃതമായ രൂപം, വേഷം, സംസാരം മുതലായവയാണ് ഹാസത്തിന് കാരണമായ വിഭാവം. തന്നത്താൻ ചിരിക്കുന്നത് ആത്മസ്ഥവും, അന്യരെ ചിരിപ്പിക്കുന്നത് പരസ്ഥവും. സ്മിതം, ഹസിതം, വിഹസിതം, ഉപഹസിതം, അപഹസിതം, അതിഹസിതം എന്ന് ഹാസ്യം ആറ് തരം. ഉത്തമന്മാർക്ക് സ്മിതവും ഹസിതവും, മദ്ധ്യമന്മാർക്ക് വിഹസിതവും ഉപഹസിതവും, അധമന്മാർക്ക് അപഹസിതവും അതിഹസിതവും യോജിക്കും. കവിൾ വികസിച്ച് കടാക്ഷത്തോടെയുള്ള മന്ദഹാസം സ്മിതം. ഹസിതത്തിൽ പല്ലുകൾ കുറേശ്ശ പുറത്ത് കാണിച്ച് ചിരിക്കും. ഉചിതകാലത്തുള്ള മധുരമായ ചിരിയാണ് വിഹസിതം. മൂക്ക് വിടർത്തി വക്രദൃഷ്ടിയോടെ തോളും തലയും കുനിച്ച് ചിരിക്കുന്നത് ഉപഹസിതം. അനവസരത്തിൽ കണ്ണീരോടെ തോളും തലയും ചലിപ്പിച്ച് ചിരിക്കുന്നത് അപഹസിതം. അസഹ്യമായ പൊട്ടിച്ചിരി അതിഹസിതം. അവഹിത്ഥം, ആലസ്യം, നിദ്ര, അസൂയ മുതലായവ സഞ്ചാരിഭാവങ്ങൾ.

ഭയാനകം

ഈ രസത്തിന്റെ ആത്മാവ് ഭയം എന്ന സ്ഥായിഭാവമാണ്. ഹിംസ്രജന്തുക്കളെയോ മറ്റോ കണ്ട് പേടിക്കുക, വിജനതയിൽ അകപ്പെടുക, സ്വജനങ്ങൾക്കുണ്ടാകുന്ന ആപത്ത് അറിയുക തുടങ്ങിയവ വിഭാവങ്ങൾ. കൈകാലുകൾ വിറച്ചും, മുഖം കറുത്തും, ഒച്ചയടച്ചും മറ്റും ഈ രസം അഭിനയിക്കുന്നു. ശങ്ക, മോഹാലസ്യം, ദൈന്യം, ആവേഗം, ചപലത, ജഡത, ത്രാസം, അപസ്മാരം, മരണം എന്നിവയാണ് സഞ്ചാരിഭാവങ്ങൾ.

ബീഭത്സം

സ്ഥായി ജുഗുപ്സ. ഇഷ്ടപ്പെടാത്ത വസ്തുക്കളെയോ കാര്യങ്ങളെയോ പറ്റി കേൾക്കുകയോ ഓർമ്മിക്കുകയോ അവയെ കാണുകയോ ചെയ്യുന്നതിൽനിന്നും ബീഭത്സം ഉണ്ടാകുന്നു. മുഖം വക്രിക്കുക, തുപ്പുക, ഓക്കാനിക്കുക മുതലായ അനുഭാവങ്ങളോടെ അഭിനയിക്കുന്നു. അപസ്മാരം, ഉദ്വേഗം, ആവേഗം, മോഹം, വ്യാധി, മരണം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ. കണ്ണിൻറെ തടങ്ങളും കടക്കണ്ണും ചുരുങ്ങുകയും കൃഷ്ണമണി ദയയിൽ മുങ്ങിമങ്ങുകയും രണ്ട് കൺപോളകളുടെയും രോമങ്ങൽ തമ്മിൽ ചേരുകയും കൃഷ്ണമണി അകത്തേക്ക് വലിയുകയും ചുളുങ്ങിയ പുടങ്ങളോടുകൂടിയ, പുരികങ്ങൾക്ക് പാതനവും മൂക്കിൻറെ പുടത്തിൻ വീർപ്പും കവിൾതടത്തിൻ താഴ്മയും ഭവിക്കുകയും ചെയ്യുന്നു. മുഖരാഗം ശ്യാമവും നിറം നീലയും ദേവത മഹാകാലനുമാകുന്നു.

അത്ഭുതം

അത്ഭുതത്തിന്റെ സ്ഥായി വിസ്മയം. ദിവ്യജനദർശനം, ഇഷ്ടഫലപ്രാപ്തി, മഹത്തായ കാഴ്ചകൾ കാണുക, നടക്കാനാകാത്തത് നടക്കുക തുടങ്ങിയവ വിസ്മയം ഉത്ഭവിക്കുന്നതിനുള്ള വിഭാവങ്ങൾ. കണ്ണിമയ്ക്കാതെ വട്ടം പിടിച്ച് നോക്കുക, പൊട്ടിച്ചിരിക്കുക, സന്തോഷിക്കുക തുടങ്ങിയ അനുഭാവങ്ങളോടെ ഈ രസം അഭിനയിക്കണം. ആവേഗം, സംഭ്രമം, പ്രഹർഷം, ചപലത, ഉന്മാദം, ധൃതി, ജഡത, പ്രളയം മുതലായവ സഞ്ചാരിഭാവങ്ങൾ.

ഇതിൻ കൺപോളകളുടെ രോമാഗ്രം വളഞ്ഞും കൃഷ്ണമണികൾ ആശ്ചര്യത്താൽ മയത്തോടുകൂടിയും ദൃഷ്‌ടികൾ എല്ലാഭാഗവും നല്ലവണ്ണം പുറത്തേക്കു തള്ളി നിൽക്കുന്ന വിധത്തിലുമായിരിക്കണം. പുരികം പൊങ്ങിയും, മൂക്ക് സ്വാഭാവികമായും, കവിൾതടം വിടർന്നും, പല്ലും ചുണ്ടും സ്വതവേയുള്ള നിലയിലുമായിരിക്കും.

ശാന്തം

‘അഷ്ടാവേവ രസാ നാട്യേ’ എന്നു ഭരതൻ നിർവ്വചിച്ചിരുന്നു. ശാന്തം എന്ന രസം പിന്നീടുണ്ടായതാകണം. ശമമാണ് ശാന്തരസത്തിന്റെ സ്ഥായി. മോക്ഷദായകമാണ് ശാന്തരസം. തത്ത്വജ്ഞാനമാണ് ശാന്തത്തിന്റെ വിഭാവം. സുഖദുഃഖങ്ങളില്ലാത്ത, രാഗദ്വേഷാദികളില്ലാത്ത ഒരവസ്ഥയാണ് ശാന്തം. ഇന്ദ്രിയനിഗ്രഹം, അദ്ധ്യാത്മധ്യാനം, ഏകാഗ്രത, ദയ, സന്യാസജീവിതം എന്നീ അനുഭാവങ്ങളിലൂടെ ശാന്തരസം അഭിനയിക്കുന്നു. നിസ്സംഗത്വവും ഭക്തിയും അതനുസരിച്ചുള്ള മുഖഭാവങ്ങളും ശാന്തരസാഭിനയത്തിൻ ആവശ്യമാണ്. നിർവ്വെദം, സ്മൃതി, സ്തംഭം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ
കടപ്പാട്:വിക്കിപീഡിയ

Friday, July 26, 2013

കൂത്തമ്പലം



കേരളത്തിലെ പ്രാചീന നാടകകലയായ കൂത്ത് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കൂത്തമ്പലം അഥവാ കൂത്തുപുര. അമ്പലങ്ങളിൽ ശ്രീകോവിലിന്റെ മുൻ‌വശത്ത് തെക്കു മാറിയാണ് കൂത്തമ്പലത്തിന്റെ സ്ഥാനം.ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ മണ്ഡപവിധി പ്രകാരമാണ് കൂത്തമ്പലങ്ങളുടെ നിർമ്മാണം. ക്ഷേത്രംപോലെ പരിപാവനമായി കൂത്തമ്പലവും കരുതപ്പെടുന്നു. എല്ലാ കൂത്തമ്പലങ്ങളും ക്ഷേത്രങ്ങൾക്ക് അകത്താണ് സ്ഥിതിചെയ്യുന്നത്. കൂത്ത്, കൂടിയാട്ടം തുടങ്ങിയ ആചാരകലകളാണ് കൂത്തമ്പലത്തിൽ അവതരിപ്പിക്കുക. ചാക്യാർ സമുദായത്തിൽ നിന്നുള്ള പുരുഷൻ‌മാർക്കേ കൂടിയാട്ടം അവതരിപ്പിക്കുവാൻ അനുവാദമുള്ളൂ. അമ്പലവാസി, നമ്പ്യാർ ജാതികളിൽപ്പെട്ട നങ്ങ്യാരമ്മമാർ നങ്ങ്യാർ കൂത്ത്, കൂടിയാട്ടത്തിലെ സ്ത്രീകഥാപാത്രങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. വിശുദ്ധ മദ്ദളമായ മിഴാവ് കൂത്തമ്പലത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. മിഴാവും ഇലത്താളവും കൂത്തിന് അകമ്പടിയായി ഉപയോഗിക്കുന്നു. നങ്ങ്യാരമ്മമാർ ആണ് ഇലത്താളം മുഴക്കുക.

ഐതിഹ്യം

ബ്രഹ്മാവ്‌ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ച്‌ സുരക്ഷിതമായ ഒരു നാട്യഗൃഹം നിർമ്മിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് നാട്യമണ്ഡപത്തിൻറെ (കൂത്തമ്പലത്തിൻറെ) ഉല്പത്തി എന്നാണ് ഐതിഹ്യം.

രൂപകല്പന

മൂന്ന്‌ തരം നാട്യഗൃഹങ്ങളെപ്പറ്റി നാട്യശാസ്ത്രത്തിലെ രണ്ടാം അദ്ധ്യായമായ “മണ്ഡപവിധി“യിൽ പറയുന്നു. വികൃഷ്ടം (ദീർഘചതുരം), ചതുരശ്രം (ചതുരം), ത്ര്യശ്രം (മുക്കോണം) എന്ന മാതൃകയിൽ 108 കോൽ, 64 കോൽ, 32 കോൽ എന്ന കണക്കിൽ ജ്യേഷ്ഠം, മദ്ധ്യമം, കനിഷ്ഠം എന്നു മൂന്ന്‌ തരത്തിലാണ് നാട്യമണ്ഡപങ്ങളുടെ രൂപകല്പന
.
 അളവ്‌ കോൽകണക്കിലും ദണ്ഡുകണക്കിലും ആകാം. ദീർഘചതുരംതന്നെ 108 കോൽ, 108 ദണ്ഡ്‌, 64 കോൽ, 64 ദണ്ഡ്‌, 32 കോൽ, 32 ദണ്ഡ്‌ ഇങ്ങനെ ആറ് തരത്തിലുണ്ട്‌. ചതുരവും മുക്കോണവും ഇങ്ങനെ ആറ് വീതം ഉണ്ടാക്കാം. അപ്പോൾ കൂത്തമ്പലം പതിനെട്ടുതരത്തിൽ നിർമ്മിക്കാം. ജ്യേഷ്ഠം വലിയതും, മദ്ധ്യമം ഇടത്തരവും, കനിഷ്ഠം ചെറിയതുമായ കൂത്തമ്പലങ്ങളാണ്.
 വലുത്‌ ദേവന്മാർ കഥാപാത്രങ്ങളാകുമ്പോഴാണ് വേണ്ടത്‌. മനുഷ്യർ കഥാപാത്രങ്ങളാകുമ്പോൾ കൂത്തമ്പലത്തിൻറെ നീളം 64 കോലും വീതി 32 കോലും ആയിരിക്കണം. ഇതിൽക്കവിഞ്ഞ അളവിൽ നാട്യമണ്ഡപം നിർമ്മിക്കാൻ പാടില്ലെന്നാണ് നാട്യശാസ്ത്രവിധി. രംഗം അകലത്തായാൽ സംഭാഷണം അവ്യക്തമാകും. നടൻറെ ഭാവപ്രകടനങ്ങളും വ്യക്തമായി കാണാൻ കഴിയില്ല. മൂന്നുതരം കൂത്തമ്പലങ്ങളെപ്പറ്റി പറഞ്ഞതിൽ അറുപത്തിനാലുകോലുള്ള മദ്ധ്യമമാണ് ഏറ്റവും നല്ലതെന്ന്‌ ഭരതൻ പറയുന്നു. സംഭാഷണവും ഗീതവും സുഖമായി കേൾക്കുകയും മുഖഭാവങ്ങൾ ഭംഗിയായി കാണുകയും ചെയ്യാം.
 “ദേവസ്യാഗ്രേ ദക്ഷിണാതോ രുചിരേ നാട്യമണ്ഡപേ” എന്ന് പ്രമാണം.
 കൂത്തമ്പലത്തിൻറെ ഭാഗങ്ങൾ

രംഗപീഠം(stage)
 രംഗശീർഷം(upstage)
 മത്തവാരണി(രംഗപീഠത്തിന് ഇരുവശവുമുള്ള സ്ഥലം)
 നേപഥ്യം(അണിയറ)
 പ്രേക്ഷാഗൃഹം(auditorium)
 മുഖമണ്ഡപം
 നാട്യമണ്ഡപത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ തന്നെ കണ്ണിന് ആനന്ദം പകരുന്ന കൊത്തുപണികളും അലങ്കാരങ്ങളും ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്‌. നാട്യമണ്ഡപം നിർമ്മിക്കുമ്പോഴുള്ള ചടങ്ങുകളും പൂജാവിധികളും നാട്യശാസ്ത്രവിധിയിൽ ഉണ്ട്‌.

കൂത്തമ്പലങ്ങളുള്ള ക്ഷേത്രങ്ങൾ

1.തിരുമാന്ധാംകുന്ന് ക്ഷേത്രം
 2.തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം
 3.തിരുവാലത്തൂർ ഭഗവതീക്ഷേത്രം
 4.ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
 5.ആർപ്പൂക്കര സുബ്രഹ്മണ്യക്ഷേത്രം
 6.കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം
 7.തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം
 8.തിരുമൂഴിക്കുളം ക്ഷേത്രം
 9.തിരുനക്കര മഹാദേവക്ഷേത്രം
 10.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം
 11.ചെങ്ങന്നൂർ മഹാദേവക്ഷേത്രം
 12.ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം
 13.തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം
 14.പെരുവനം മഹാദേവക്ഷേത്രം
 

Thursday, July 25, 2013


"അഗ്നി അറിവ്"

 


കൃഷ്ണനാട്ടം
കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ്‌ കൃഷ്ണനാട്ടം.

കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്‌. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്
കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദനാൽ (1595-1658 കൃ.വ.) രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന്‌ ഉടലെടുത്ത കലാരൂപമാണ്‌ കൃഷ്ണനാട്ടം.12-ആം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്റെ ഗീതാഗോവിന്ദത്തിനു ചുവടുപിടിച്ചു രചിക്കപ്പെട്ട കൃഷ്ണഗീഥിയുടെ ദൃശ്യാവിഷ്കാരം 300 -ൽ പരം വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഇന്നു കാണുന്ന കൃഷ്ണനാട്ടം ആകുന്നത്‌.

 ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത്‌. ഇവ ക്രമപ്രകാരം 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'ബാണയുദ്ധം', 'വിവിദവധം', 'സ്വർഗാരോഹണം' എന്നിവയാണ്‌. ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വർഗ്ഗാരോഹണത്തിനു ശേഷം 'അവതാരം' കൂടി ആടാറുണ്ട്‌.
കൂട്ടിയാട്ടത്തിൽ നിന്ന്‌ അലങ്കാരവും വസ്‌ത്രരീതികളും സ്വാംശീകരിച്ച കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണം ഇടയ്ക്കയാണ്‌. ശുദ്ധമദ്ദളം, ശംഖ്‌, ഇലത്താളം എന്നിവയും ഉപയോഗിച്ചു കാണാം. കഥകളിയുടെ പല അംശങ്ങളും കൃഷ്ണനാട്ടത്തിൽ നിന്നു സ്വീകരിച്ചതാണ്‌ (ഒന്നിൽ കൂടുതൽ പിൻപാട്ടുകാർ, കിരീടാലങ്കാരം ഇത്യാദി).

 കൃഷ്ണാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്നത്. കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട്. രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയിൽനിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും ഉണ്ട്. കഥകളിയിൽ നടൻ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല. പക്ഷേ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും, കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമർദ്ദനത്തിലും വിളക്കിന് മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സം‌വിധാനം ചെയ്തിട്ടുള്ളത്. കൃഷ്ണനാട്ടം പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം താണ്ഡവപ്രധാനമാണ്

 ഐതിഹ്യം

കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ്. ശ്രീകൃഷ്ണദർശനത്തിനു വേണ്ടി മാനവേദൻ വില്വമംഗലത്തോട് അഭ്യർത്ഥിച്ചുവെന്നും, അങ്ങനെ ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം. വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാൻ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് തമ്പുരാൻ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ബാലഗോപാലവിഗ്രഹം മുമ്പിൽ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം ആ ഇലഞ്ഞിമരംകൊണ്ട് നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം.

 മറ്റൊരു ഐതിഹ്യം

കൊച്ചിരാജാവും സാമൂതിരിയും തമ്മിൽ പണ്ട് ശത്രുതയിലായിരുന്നു. ഇടയ്ക്ക് സൗഹാർദ്ദത്തിൽ കഴിഞ്ഞകാലത്ത് കൃഷ്ണനാട്ടത്തെ കൊച്ചിയിലേക്ക് ക്ഷണിച്ചു. കംസവധം ആടിയ ദിവസം കുവലയാപീഡംരംഗത്ത് യഥാർത്ഥമായി ഒരു കൊമ്പനാനയെ നിർത്താൻ കൊച്ചിരാജാവ് ശട്ടം കെട്ടിയിരുന്നു. സാമൂതിരിയോടുള്ള അസൂയകൊണ്ടും കൃഷ്ണനാട്ടകലാകാരന്മാരെ പരീക്ഷിക്കാനുമായിരുന്നു ഇത്. മഥുരയുടെ ഗോപുരദ്വാരത്തിൽ എത്തിയ ഭാഗം ആടിക്കഴിഞ്ഞപ്പോൾ കൃഷ്ണന്റെ വേഷം കെട്ടിയിരുന്ന നടന് ഒരാവേശം ഉണ്ടായി. ജീവനുള്ള ആനയുടെ കൊമ്പ് പറിച്ചെടുത്ത് കൃഷ്ണൻ കംസവധത്തിനായി രാജാവിന്റെ നേരേ അടുത്തപ്പോൾ കളിയാശാൻ കൃഷ്ണന്റെ മുടി അഴിച്ചെടുത്തതുകൊണ്ട് അപകടം സംഭവിച്ചില്ലെന്നും പറയപ്പെടുന്നു. ഏതായാലും അതിനുശേഷം വളരെക്കാലം കൊച്ചിരാജ്യത്ത് കൃഷ്ണനാട്ടം ഉണ്ടായിട്ടില്ല.

സംഗീതം

കൃഷ്ണനാട്ടത്തിലെ സംഗീതം സാമവേദാലാപനത്തെയും കൂടിയാട്ടത്തിൽ ചാക്യാരുടെ സ്വരിക്കലിനെയും അനുസ്മരിച്ചുകൊണ്ടാണ് ഉണ്ടായിട്ടുള്ളതെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഗുരുവായൂർ മതിൽക്കകത്ത് കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. കൂടുതൽ ജനപ്രീതി നേടാൻ വേണ്ടിയുള്ള ഈ പരിഷ്കരണത്തോട് കൃഷ്ണനാട്ടത്തിന്റെ തനിമ കാത്തുസൂക്ഷിക്കണമെന്ന് അഭിപ്രായമുള്ളവർക്ക് വിയോജിപ്പാണുള്ളത്. കേരളത്തിലെ സോപാനസംഗീതമാർഗ്ഗമാണ് കൃഷ്ണനാട്ടത്തിൻറേതെന്ന് അവർ അഭിപ്രായപ്പെടുന്നു. ശുദ്ധമദ്ദളവും തൊപ്പിമദ്ദളവും ഇലത്താളവും ചേങ്ങലയും ചേർന്നുള്ള താളപ്രയോഗം കൃഷ്ണനാട്ടത്തിനു കൊഴുപ്പുകൂട്ടുന്നു. കഥകളിയിലെപ്പോലെ കൃഷ്ണനാട്ടത്തിൽ പാട്ട് ആവർത്തിച്ച് പാടാറില്ല. പദംപ്രതിയുള്ള അഭിനയം കൃഷ്ണനാട്ടത്തിൽ ആവശ്യമില്ലാത്തതുകൊണ്ടുകൂടിയാകാമിത്. കൃഷ്ണനാട്ടത്തിൽ പാട്ട് പുറകിലായതും നടന് നൃത്തം ചെയ്യാൻ കൂടുതൽ സന്ദർഭവും സൗകര്യവും കൊടുക്കാൻ കൂടിയാകാം.
വേഷവിധാനം

 അഭ്യാസവും കഴിവും ഉള്ള ആർക്കും കൃഷ്ണനാട്ടത്തിൽ വേഷം കെട്ടാം. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ രൂപപ്പെടുത്തിയത് വില്വമംഗലം സ്വാമിയായിരുന്നെന്നാണ് ഐതിഹ്യം. കിരീടത്തിനും മെയ്യാഭരണങ്ങൾക്കും കൂടിയാട്ടവേഷങ്ങളോട് സാദൃശ്യമുണ്ട്. ഗുരുവായൂരിൽ കൃഷ്ണനാട്ടവേഷങ്ങളെ കഥകളിവേഷങ്ങളോട് ഏകദേശം തുല്യമാക്കിയാണ് അവതരിപ്പിച്ച് വരുന്നത്. പ്രധാന സ്ത്രീവേഷങ്ങളായ ദേവകിക്കും രുക്മിണിയ്ക്കും രാധയ്ക്കും ചുട്ടിയുണ്ട്.

 അഭ്യാസമുറ
ഏകദേശം ആറ് വയസ്സിലാണ് ആൺകുട്ടികളെ കൃഷ്ണനാട്ടം അഭ്യസിപ്പിച്ചു തുടങ്ങുന്നത്. പത്തുവർഷത്തെ നിരന്തര അഭ്യാസം വേണം. കർക്കിടകമാസനാളുകളിൽ നാല്പത് ദിവസത്തെ ഉഴിച്ചിൽ, വെളുപ്പാൻ കാലത്ത് നാലുമണിക്ക് കണ്ണു സാധകവും മെയ് സാധകവും, ഒന്നര മണിക്കൂർ നേരം ചുവടുസാധകം, കാലത്ത് എട്ടുമണി മുതൽ പത്തുമണിവരെ അഭ്യാസം, വീണ്ടും കണ്ണുസാധകം, താളം, വായ്ത്താരി എന്നിവ. തുടർന്ന് മൂന്ന് മണിമുതൽ ചൊല്ലിയാട്ടം, വൈകുന്നേരം ആറുമണിക്ക് ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു മുമ്പ് ക്ഷേത്രത്തിൽ ചെന്ന് നാമജപം ചെയ്ത് തൊഴുത ശേഷം വീണ്ടും കളരിയിൽ പോയി അഭ്യസനം. ഇതാണ് അഭ്യാസ മുറ