Thursday, August 22, 2013

ചന്ദനം

സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. (Sandal wood tree) ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന ഇത്, ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്‌. ഈ മരത്തിന്റെ തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. . ശാസ്ത്രീയനാമം Santalum album (Linn) എന്നാണ്‌. ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂർ, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനമേഖലയിലാണ്‌ ചന്ദനത്തിന്റെ തോട്ടങ്ങൾ ഏറെയും ഉള്ളത്. ടിപ്പുസുൽത്താന്റെ കാലം മുതൽക്ക് ഇത് രാജകീയവൃക്ഷമായി അറിയപ്പെടുന്നു.

ചന്ദനം എന്ന വാക്കിനർത്ഥം സന്തോഷദായകം എന്നാണ്
‌. സംസ്കൃതത്തിൽ ശ്രീഖണ്ഡം, ശ്വേതചന്ദനം, ചന്ദനം, ഹിമഃ, ശീതം, സീതം, ഗന്ധാഢ്യഃ, ഭദ്രശ്രീ എന്നൊക്കെ പേർ ഉണ്ട്. ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും ചന്ദൻ എന്നാണ്. ഈ ഭാഷകളിൽ നിന്നാണ്‌ മലയാളത്തിലെ പദോല്പത്തി. ഇംഗ്ലീഷിൽ സാൻഡൽ വുഡ് എന്നതും ഇതേ പദത്തിൽ നിന്ന് രൂപം കൊണ്ടതാണ്‌.
മഹാഭാരതത്തിലും രാമായണത്തിലും പുരാണങ്ങളിലും ചന്ദനത്തെപ്പറ്റി പരാമർശമുണ്ട്. മുസ്ലീങ്ങളുടെ കാഴ്ചപ്പാടിൽ ചന്ദന നിറം പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ചന്ദനം വളർന്നിരുന്നു. ദാരുശില്പങ്ങളുണ്ടാക്കാനായിരുന്നു പ്രധാനമായും ചന്ദനം ഉപയോഗിച്ചിരുന്നത്. ഭരതീയപുരാണങ്ങളിൽ രക്തചന്ദനം (ടിറോകാർപസ് സാന്റലിനസ്) പീതചന്ദനം (കൊസീനിയം ഫെനിസ്റ്റ്റെറ്റം, ബെർബറിസ് അരിസ്റ്റേറ്റ) കുചന്ദനം (സിസാല്പിനിയ സപ്പൻ) ശ്വേതചന്ദനം (സന്റാലം ആൽബം) എന്നിങ്ങനെ പലതരം ചന്ദനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ യഥാർത്ഥ ചന്ദനമായി കരുതപ്പെടുന്ന ത് സന്റാലം ആൽബം എന്ന ശ്വേത ചന്ദനമാണ്‌. രഘുവംശം, ചരകസംഹിത, കാവ്യമീമാംസ, ഹിതോപദേശം, അമരകോശം, ഭാവപ്രകാശം, രാജനിഘണ്ടു തുടങ്ങിയ പല ഗ്രന്ഥങ്ങളിലും ചന്ദനത്തിന്റെ ജന്മഗേഹമായി പറയുന്നത് ഭാരതത്തെയാണ്‌.

സുഗ്രീവന്റെ വാനരസൈന്യം താമ്രപർണ്ണി നദിയ്ക്കടുത്ത് ചന്ദനത്തോപ്പുകൾ കണ്ടതായും രാവണന്റെ പുഷ്പകവിമാനയാത്രക്കിടയുൽ ദക്ഷിണഭാരതത്തിൽ നിറയെ ചന്ദനക്കാടുകൾ കണ്ടതായും പരാമർശമുണ്ട്.

മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പുസുൽത്താൻ 1792-ൽ ചന്ദനത്തിന്‌ രാജ പദവി നൽകി. അദ്ദേഹം ഈ വൃക്ഷത്തിന്റെ വിപണനം പൂർണ്ണമായും സർക്കാരിന്റെ അവകാശമാക്കി. ഈ സമ്പ്രദായം പിന്നീടുവന്ന ബ്രിട്ടീഷുകാരും നടപ്പിലാക്കി. 1848നും 1861 നും ഇടക്ക് മൈസൂരിൽ പ്രാദേശികമായിത്തെന്നെ ചന്ദനതൈലം ഉണ്ടാക്കിയിരുന്നു. മൈസൂർ ചന്ദനത്തൈലം അന്നുമുതൽക്കേ ലോകപ്രശസ്തമാണ്‌.

1864-ലാണ്‌ ആദ്യമായി ചന്ദനം വനം വകുപ്പിന്റെ നിയന്ത്രണത്തിലാകുന്നത്. 1860 -ൽ ജംഗിൾ കൺസർ‌വൻസി റൂൾ പ്രകാരം 23 - മരങ്ങൾ സം‌രക്ഷിത പട്ടികയിൽ പെടുത്തിയെങ്കിലും അന്ന് ചന്ദനം ഉൾപ്പെട്ടിരുന്നില്ല.

ചന്ദനത്തിന്റെ സവിശേഷതകളെപ്പറ്റി ആധുനിക കാലത്ത് ആദ്യപ്രസിദ്ധീകരണം നടത്തിയത് 1871-ൽ ഡോക്ടർ ജോൺ സ്കോട്ട് ആയിരുന്നു. അദ്ദേഹം കൊൽക്കത്തയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിലെ കുറേറ്റർ ആയിരുന്നു.

1898-ൽ ചന്ദനത്തെ 18 ക്ലാസുകളാക്കി തിരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ധാരാളം കയറ്റുമതിയുണ്ടായിരുന്നു. ലോകമഹായുദ്ധകാലത്ത് ഇതിന്‌ കുറവ് വന്നു. 1916-ൽ ബാംഗ്ലൂരിൽ ഒരു വാറ്റുശാല(ഡിസ്റ്റില്ലറി) ആരംഭിച്ചു. 1917-ൽ മൈസൂറിൽ ഒരു തൈലനിർമ്മാണശാലയും തുടങ്ങി.

സർക്കാരിനുമാത്രം മുറിക്കാവുന്ന രാജകീയവൃക്ഷമായി ഇന്നും ചന്ദനം തുടരുന്നു എങ്കിലും അനധികൃതമായി നിരവധി കടത്തലുകൾ അന്നുമുതൽക്കേ ഉണ്ട്. കാട്ടു കള്ളനായ വീരപ്പൻ‍ മൈസൂർ- തമിഴ്നാട് കാടുകളിലെ ചന്ദനമരം കള്ളക്കടത്തു നടത്തി കുപ്രസിദ്ധി നേടിയതും അടുത്തകാലത്താണ്‌.

ഇന്ത്യയിലെ ദക്ഷിണമേഖലയിലെ ചില വരണ്ട വനങ്ങളിലാണ്‌ ചന്ദനം സ്വാഭാവികമായി വളരുന്നത്. നീലഗിരി മലനിരകളിൽ നിന്ന് വടക്ക് ധാർ‌വാർ വരെ ഏകദേശം 490 കി.മീ, കൂർഗ് മുതൽ ആന്ധ്രാപ്രദേശിലെ കുപ്പം വരെ ഏകദേശം 400 കി.മീ പ്രദേശങ്ങളിലാണ്‌ ഇന്ത്യയിൽ ഇവ സ്വാഭാവികമായി വളരുന്നത്. കാവേരി നദീതീരത്തുള്ള വരണ്ട ഇലകൊഴിയും വനങ്ങളിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലുമുള്ള പീഠഭൂമികളിലും ചന്ദനം വളരുന്നു. ഇന്ത്യയിൽ കേരളം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്‍,ഒറീസ്സ, ഉത്തർപ്രദേശ്, ബീഹാർ, ഝാർഘണ്ഡ്, മണിപ്പൂർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇവ വളരുന്നതായി കണ്ടുവരുന്നത്. ഇവിടെയെല്ലാം എണ്ണത്തിൽ വളരെ കുറവാണ്‌ മരങ്ങൾ. സുഗന്ധവും കുറവായിരിക്കും. എന്നാൽ പശ്ചിമ ബംഗാളിലെ മരങ്ങൾക്ക് സുഗന്ധം കൂടുതലാണ്‌.

കർണ്ണാടകത്തിലും കേരളത്തിലും ഇവ വച്ച് പിടിപ്പിച്ച് വളർത്തുന്നുണ്ട്. കർണ്ണാടകത്തിൽ ഏതാണ്ട് 5,245 ച. കിലോമീറ്റർ പ്രദേശത്തിവ വളരുന്നു എന്നാണ്‌ കണക്ക്. ഇത് ഇന്ത്യയിൽ ആകെയുള്ള ചന്ദനക്കാടുകളുടെ ഏകദേശം പകുതിയോളം വരുന്നുണ്ട്. തമിഴ്നാട്ടിൽ ഏകദേശം 3.405 ച. കീ.മീറ്ററും ആന്ധ്രപ്രദേശിൽ 175 ച.കി.മീറ്ററും മധ്യപ്രദേശിൽ 33 ച.കി.മീറ്ററും മഹാരാഷ്ട്രയിൽ 8 ച.കി.മീറ്ററും ഒറീസ്സയിൽ 25 ച.കി.മീറ്ററും കേരളത്തിൽ 18 ച.കി.മീറ്ററും ചന്ദനക്കാടുകൾ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട തോട്ടങ്ങളും ചെറിയ കൂട്ടങ്ങളും നട്ടുവളർത്തുന്നവയേ ഉള്ളൂ.

ഹൊസൂരിൽ 226 സെ.മീ ചുറ്റളവുള്ള ഒരു ചന്ദനമരം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചന്ദനമരമായി കണക്കാക്കിയിരിക്കുന്നത് അതിനെയാണ്‌. 2001-ൽ ഈ മരം മോഷ്ടിക്കപ്പെട്ടു
കേരളത്തിൽ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും ഇടുക്കി ജില്ലയിലെ മൂന്നാർ വനം ഡിവിഷനിൽ പെട്ട മറയൂരാണ്‌. ഇരവികുളം വനം ഡിവിഷനിൽ ഉൾപ്പെട്ട ചിന്നാറിലും ചന്ദനങ്ങൾ ഉണ്ട്. കേരളത്തിലെ മറയൂരിൽ 100 സെ.മീ ചുറ്റളവുള്ള ഒരു മരമാണ്‌ ഏറ്റവും വലുത്.

ചന്ദനം ഭാഗികമായി പരജീവി സസ്യമാണ്. തൈ കിളിർത്ത് ഒരു വർഷം വരെ കഷ്ടിച്ച് വളരുമെങ്കിലും പിന്നീട് സഹായം ആവശ്യമാണ്. ആറുമാസം വരെയുള്ള ഭക്ഷണമേ വിത്തിൽ സൂക്ഷിച്ചു വച്ചിട്ടുള്ളൂ. തൈ കിളിർത്ത് രണ്ടാം മാസത്തിനു മുമ്പുതന്നെ ആതിഥേയ വൃക്ഷത്തിന്റെ വേരുമായി ഇവയുടെ ചൂഷണമൂലങ്ങൾ ബന്ധപ്പെട്ടുതുടങ്ങുന്നു. കാത്സ്യം, പൊട്ടാസ്യം, എന്നീ മൂലകങ്ങൾ ചന്ദനം തനിയെ വലിച്ചെടുക്കുമെങ്കിലും നൈട്രജൻ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ചൂഷകമൂലങ്ങൾ വഴി മറ്റു സസ്യങ്ങളുടെ വേരുകളിൽ നിന്നാണ് സ്വീകരിക്കുന്നത്.

ചന്ദനത്തിനു ഏതാണ്ട് മുന്നൂറോളം സസ്യങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കാൻ സാധിക്കും. വനങ്ങളിൽ അക്കേഷ്യ, മഴുക്കാഞ്ഞിരം, ഈട്ടി, മരുത്, മഹാഗണി, ടെർമിനേലിയകൾ, തുടങ്ങിയവയാണ് പ്രധാന ആതിഥേയവൃക്ഷങ്ങൾ. കൃഷി ചെയ്യുന്ന ചന്ദനമരങ്ങൾക്ക് കരിവേലം, ബബൂൾ, കണിക്കൊന്ന, മഞ്ഞക്കൊന്ന, കാറ്റാടിമരം, മലവേമ്പ്, ഉങ്ങ്, ദന്തപ്പാല, ആര്യവേപ്പ്. എന്നിവയും പ്രധാന ആതിഥേയസസ്യങ്ങളാണ്.

 

No comments:

Post a Comment