Friday, April 3, 2015

എന്താണ് ഓം ????


എന്താണ് ഓം ??



അതിഗഹനമായ തത്വങ്ങളാണ്‌ ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്‌. വേദം എന്ന വാക്കിനർത്ഥം അറിവ്‌ എന്നാകുന്നു. ഇപ്പറഞ്ഞ എല്ലാ അറിവും ഓം എന്ന അക്ഷരത്തിൽ ഉൾപ്പെടുകയും ചെയ്യുന്നു. ഓം എന്ന അക്ഷരത്തിൽ നിന്നു തന്നെയാണ്‌ വേദമുണ്ടായത്‌ എന്നു പറയുന്നതിലും തെറ്റില്ല. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഹിന്ദുക്കൾ ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങയിരുക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ വ്യാപ്തിയുണ്ടു. ’അ’ ആദിമത്വത്തേയും ’ഉ’ ഉത്കർഷത്തെയും ’മ’ മിതിയേയും ചൂണ്ടിക്കാണിക്കുന്നു. അതിനാലാകണം ഓംകാരത്തെ സ്രുഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും.
അക്ഷരം എന്ന വാക്കിനർത്ഥം നാശമില്ലാത്തത്‌ എന്നാണ്‌. ആദ്യ അക്ഷരമായ അ തൊണ്ടയിൽ നിന്നും ഉത്ഭവിക്കുന്നു. ഉ എന്ന അക്ഷരം വായുടെ മദ്ധ്യഭാഗത്തുനിന്നും വരുന്നു. മ എന്ന അക്ഷരമാകട്ടെ, വായയുടെ ഏറ്റവും പുറമെ അധരപുടത്തിൽ നിന്നും ഊർന്നുവീഴുന്നു. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ്‌ ഓം എന്ന അക്ഷരം. ആദ്യവും മദ്ധ്യവും അന്ത്യവും പ്രതിനിധീകരിക്കുന്ന അക്ഷരങ്ങളെ ചേർത്തെഴുതിയതിനാൽ മറ്റെല്ലാ അക്ഷരങ്ങളും സ്വഭാവികമായും ഇതിലടങ്ങുന്നു എന്നു താൽപര്യം. ആയതിനാൽ സർവ അക്ഷരങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഏകാക്ഷരവും ഓം ആകുന്നു.
നിർവചന.
സകല വേദങ്ങളിലും ഉപനിഷത്തിലും മന്ത്രങ്ങളിലും ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പരാമർശമുണ്ടെങ്കിലും ഒരു നിർവചനം എന്ന നിലയിൽ എടുത്ത്‌ കാണിക്കാവുന്നത്‌ നചികേതസ്സ്‌ എന്ന ബ്രാഹ്മണകുമാരന്‌ യമൻ ഉപദേശിക്കുന്ന കഠോപനിഷത്തിലെ മന്ത്രമാണ്‌.
"സർവേ വേദാ യത്‌ പദമാനന്തി
തപാംസി സർവാണി ച യത്‌ വദന്തി
യദിച്ഛന്തു ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹീതേ ബ്രവീമ്യോമിത്യേതത്‌".

സകല വേദങ്ങളും ഏതു പദത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുവോ, തപസ്സനുഷ്ഠിക്കുന്നവരെല്ലാം എന്തിനെക്കുറിച്ച്‌ (വദന്തി)പറയുന്നുവോ, എന്ത്‌ ഇച്ഛിച്ചു കൊണ്ട്‌ ബ്രഹ്മചര്യം അനുഷ്ടിക്കപ്പെടുന്നുവോ, അതേ പദത്തെ സംഗ്രഹിച്ച്‌ പറഞ്ഞു തരാം (ബ്രവീമി) (ഓം ഇത്യേ തത്‌) - ഓം എന്നാണത്‌. ഓം എന്ന അക്ഷരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാൻ ഉതകുന്ന ശ്ലോകമാണിത്‌. എങ്കിലും ഒരു നിർവചനം സമഗ്രമായിരിക്കണം എന്ന നിലപാടെടുക്കുകയാണെങ്കിൽ, മാണ്ഡൂക്യ ഉപനിഷത്തിലെ മന്ത്രങ്ങൾ ഉത്തമമായിരിക്കും. മാണ്ഡൂക്യോപനിഷത്ത്‌ തുടങ്ങുന്നതു തന്നെ ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പ്രതിപാദിച്ചുകൊണ്ടാണ്‌.
പേരിൽ നിന്ന
പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ടു. നിത്യമായ ഓംകാരജപംകൊണ്ട് ദേവേന്ദ്രൻ,അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകൾ അഥർവ്വവേദത്തിൽ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാൻ ഓം ഉപയോഗിക്കാം എന്നു യജുർവേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോൾ മുണ്ഠകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മ ഐക്യം പ്രാപിക്കാൻ സഹായിക്കുമെന്നാണ് പറയുന്നതു.
ആധുനികയുഗത്തിൽ സ്വാമി വിവേകാനന്ദൻ, അരവിന്ദ-രമണ മഹർഷിമാർ തുടങ്ങി അനേകം മഹദ്‌വ്യക്തിത്വങ്ങൾ ഓംകാര ധ്വനിയെപ്പറ്റി വിശേഷണങ്ങൾ കുറിച്ചിട്ടുണ്ടു. ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാൻ തയ്യാറായികഴിഞ്ഞു.ഈശ്വരനും ഓംകാരവും ഒന്നുതന്നെ എന്നതാണ് ഏറ്റവും വലിയ തിരിച്ചറിവ്.കളങ്കമില്ലാത്ത ഈശ്വരഭജനമാണ് പ്രണവം എന്നുദ്ദേശിക്കുന്നതും. ഏത് വേദസ്ഥിതിയായാലും ഏത് മന്ത്രമായാലും ഏത് ക്രിയ ആയാലും തുടങ്ങുന്നത് ഓം എന്ന മന്ത്രത്തിൻറെ പിന്തുടർച്ചയായിട്ടാണ്. ലോകത്തിലെ ആദ്യത്തെ മന്ത്രധ്വനിയും ഓംകാരമാണു. ഓംകാരം നാദരൂപമായതിനാൽ ബ്രഹ്മത്തെ നാദബ്രഹ്മം എന്ന് വിളിക്കുന്നു. കടലിന്റെ ഇരമ്പലും കാറ്റിന്റെ ചൂളവും ഇടിമുഴക്കത്തിന്റെ ധ്വനിയും ഓംകാരത്തിൽ ലയിക്കുന്നു. ഏകവും പഞ്ചമവും ശൂന്യവും ഓംകാരത്തെ തിരിച്ചറിയുന്നു. നമ്മുടെ ശ്വാസത്തില് പോലും ഓം എന്ന പ്രണവമന്ത്രത്തിന്റെ ആരോഹണ അവരോഹണമാണ്. പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങൾക്കും ആധാരശബ്ദം ഓംകാരമാണു. പ്രണവമന്ത്രം യഥാവിധി ഉരുവിട്ടാൽ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും, വായുദോഷത്തെ അകറ്റാനും സാധിക്കും. ആയുർവേദത്തിൽ പ്രണവമന്ത്രത്തിന്റെ മഹിമയും പ്രാണായാമത്തിലൂടെ പ്രണവം ജപിക്കുമ്പോൾ സിദ്ധിക്കുന്ന ആരോഗ്യനേട്ടത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്.
ഓംകാരം എന്ന ഏകാക്ഷരത്തെ എട്ട് തരത്തിൽ തരംതിരിക്കുന്നു.’അ’കാര,‘ഉ’കാര,‘മ’കാര,അർദ്ധമാത്ര,നാദ,ബിന്ദുകലല,ശക്തി എന്നിങ്ങനെ. പ്രണവം ഉച്ചരിക്കുന്നതിന് ഗുരുമുഖത്തു നിന്നും പഠിക്കേണ്ടതുണ്ട്. എണ്ണ ധാരയായി ഒഴിക്കുമ്പോൾ, ചിതറാത്തത് പോലെയും,ദീർഘമായ ഘണശബ്ദം പോലെയുമാണ് പ്രണവം ഉച്ചരിക്കേണ്ടത് എന്നു വേദവിശാരദന്മാർ പറയുന്നു. പ്രണവത്തെ ‘സർവ്വമന്ത്രാദി സേവ്യാ’ എന്നു വിശേഷിക്കുന്നു
“ അകാരോ വിഷ്ണുരുദ്ദിഷ്ട:
ഉകാരസ്തു മഹേശ്വര:
മകാരസ്തു സ്മൃതോ ബ്രഹ്മാ:
പ്രണവസ്തു ത്രയാത്മക:

എന്ന് വായുപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അ’ വിഷ്ണുവിനെയും ‘ഉ’ ശിവനെയും ‘മ്’ ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ബ്രഹ്മപ്രാപ്തിക്കും അതിലൂടെ ആത്മജ്ഞാനസിദ്ധിക്കും പ്രണവോപാസനയെക്കാൾ പ്രയോജനപ്പെടുന്ന മറ്റൊന്നുമില്ലെന്നാണ് പ്രണവോപനിഷത്തിൽ പറയുന്നത്.
ഓംകാരത്തെ അറിയുന്നവർ യോഗിയായി മാറുമെന്ന് ഗരുഡപുരാണം രേഖപ്പെടുത്തുന്നു. ‘ഓമിത്യേകക്ഷരം ബ്രഹ്മ’ എന്നും ‘ഗിരാമസ്മ്യേകമക്ഷരം’ എന്നും ഭഗവദ്ഗീതയിലുണ്ട്.
“ ഓമിത്യേതദക്ഷരമിദം സർവം
തസ്യോപവ്യാഖ്യാനം
ഭൂതം ഭവദ് ഭവിഷ്യദിതി
സർവമോങ്കാര ഏവ.
യച്ചാന്യത് ത്രികാലാതീതം
തദപ്യോങ്കാര ഏവ.

മാണ്ഠുക്യോപനിഷത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഓം എന്ന നാശരഹിതമായ അക്ഷരം മാത്രമാണ് ഇഹത്തിലുള്ളതെല്ലാം. ഭൂത-വർത്തമാന-ഭാവി കാലങ്ങളിലുള്ളതെല്ലാം ആ അക്ഷരത്തിന്റെ ഉപവാഖ്യാനങ്ങൾ മാത്രമാണ്. മൂണ് കാലത്തെയും അതിക്രമിച്ചിട്ടുള്ളതും ഓംകാരമാണ്.
‘ബ്രഹ്മം താമര ഇലയിൽ പുരുഷരൂപമായ ബ്രഹ്മാവിനെ സൃഷ്ടിച്ചു. ബ്രഹ്മാവ് ഓംകാരത്തെ സൃഷ്ടിച്ചു. ഓംകാരം പ്രപഞ്ചത്തെ സൃഷ്ടിച്ചു’ എന്നു ഗോപഥബ്രാഹ്മണം വ്യക്തമാക്കുന്നുണ്ട്.
പ്രണവമാകുന്ന വില്ലിൽ ആത്മാവാകുന്ന ശരത്തെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തിൽ എയ്യണമെന്ന് മാണ്ഠുക്യവും, പരബ്രഹ്മത്തെയോ അപരബ്രഹ്മത്തെയോ പ്രാപിക്കാനുള്ള ശ്രേഷ്ടമായ മാർഗ്ഗം ഓംകാരോപാസനയാണെന്ന് കഠോപനിഷത്തും പറയുന്നു.
പ്രണവത്തിലെ അകാരം ഋഗ്വേദവും ഉകാരം യജുർവേദവും മകാരം സാമവേദവുമാണെന്ന് പരാമർശമുണ്ട്.
ഓംകാരം ഉപനിഷത്തുകളി
മാണ്ഡൂക്യോപനിഷത്ത് പറയുന്നു: ഈ കാണുന്നതെല്ലാം ഓംകാരരൂപമാണ്. ഭൂതവും വർത്തമാനവും ഭാവിയുമായിട്ട് എന്തൊക്കെയുണ്ടോ അതെല്ലാം ഓംകാരമാകുന്നു. മൂന്നു കാലത്തേയും അതിക്രമിച്ചു നിൽക്കുന്നതും ഓങ്കാരം തന്നെ ഓംകാരം പരബ്രഹ്മവും അപരബ്രഹ്മവുമാകുന്നു. ഇതിനെ ഉപാസിച്ച് സാക്ഷാൽകരിച്ചാൽ ഉപാസകൻ എന്താഗ്രഹിക്കുന്നുവോ അത് ലഭിക്കും
കഠോപനിഷത്ത് പറയുന്നു: പരബ്രഹ്മത്തേയോ അപരബ്രഹ്മത്തേയോ പ്രാപിക്കുവാനുള്ള ശ്രേഷ്ഠമായ ആലംബം ഓങ്കാരമാണ്. ഇതിനെ ഉപാസിച്ച് സാക്ഷാത്ക്കരിക്കുന്നയാൾ ബ്രഹ്മലോകത്തിൽ പൂജിതനായിതീരുന്നു.
പ്രശ്നോപനിഷത്തും പരവും അപരവുമായ ബ്രഹ്മം തന്നെയാണ് ഓങ്കാരമെന്നും ഓങ്കാരമെന്നും ഓങ്കാരോപാസന കൊണ്ട് തന്നെ സാധകൻ ബ്രഹ്മത്തെ പ്രാപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ഓം എന്നത് ബ്രഹ്മമാണ് ഇക്കാണുന്നതെല്ലാം ഓങ്കാരം തന്നെ എന്ന് തൈത്തരീയോപനിഷത്ത് പറയുന്നു.
ചുരുക്കത്തിൽ സർ‌വ്വ ജീവജാലങ്ങളിലും അന്തര്യാമി രൂപേണ സാക്ഷിയായി വിളങ്ങുന്ന ആത്മാവാണ് ബ്രഹ്മം. ഇത് സഗുണനും നിർഗുണനുമാണ്. ഈ ബ്രഹ്മത്തെയാണ് ഓങ്കാരം പ്രതിനിധീകരിക്കുന്നത്.
ഉദ്‌ഗീഥമെന്നു പ്രസിദ്ധമായ ഓം എന്ന ഈ അക്ഷരത്തെ ഉപാസിക്കണം.
ഓം എന്നു നാം ധ്യാനിക്കുമ്പോൾ അകാരം ഉകാരത്തിലും, ഉകാരം മകാരത്തിലും, മകാരം ഉച്ചരിക്കാനാവാത്ത ശാന്തിയിലും മഗ്നമാകുന്നു. അകാരമെന്നാൽ ജാഗ്രത്താണ്. അകാരം ഉകാരത്തിൽ ലയിക്കുക എന്നു പറഞ്ഞാൽ എല്ലാ കൊടുക്കൽ‌വാങ്ങലുകളുടെയും വ്യവഹാരഭൂമികയായ സ്ഥൂലപ്രപഞ്ചത്തെ തൈജസമായ സ്വപ്നത്തിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. ഉകാരം മകാരത്തിൽ ലയിക്കുന്നുവെന്നു പറഞ്ഞാൽ മനസ്സിന്റെ എല്ലാ കല്പനകളെയും പ്രജ്ഞനായ ഈശ്വരനിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. മായാസംവലിതമായ ഈശ്വരീയതപോലും അവസാനം നിരാകാരവും നിർഗുണവുമായ തുരീയത്തിൽ ലയിക്കുന്നു.
ഭഗവദ് ഗീതയിൽ 'ഓം' എന്ന ഏകാക്ഷരത്തെ സ്മരിക്കുന്നതിനെക്കുറിച്ച്‌ ഇതാ ഇങ്ങിനെ പറയുന്നു:
സർവ്വദ്വാരാണി സംയ‌മ്യ മനോ ഹൃദി നിരുദ്ധ്യ ച
മൂർദ്ധന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം. (ഭ.ഗീ. 8:12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം. (ഭ.ഗീ. 8:13)
[ആരാണോ എല്ലാ ഇന്ദ്രിയങ്ങളെയും അടക്കിയിട്ട്‌ മനസ്സിനെ ഹൃദയപുണ്ഡരീകത്തിൽ നിർത്തി തന്റെ പ്രാണനെ മൂർദ്ധാവിൽ വച്ച്‌ യോഗധാരണയനുഷ്ഠിച്ച്‌ ‘ഓം’ എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടു ബ്രഹ്മമാകുന്ന എന്നെ സ്മരിക്കുന്നവനായി ദേഹത്തെ വിട്ട്‌ പോകുന്നത്‌ അവൻ പരമമായ ഗതിയെ പ്രാപിക്കുന്നു.]
ഓംകാരത്തെകുറിച്ചുള്ള ഒരുപാഖ്യാനം
സൂത്രസംഹിതയിൽ കാണുന്നത് ഇപ്രകാരമാണു. സൃഷ്ടികർമത്തിന് മുമ്പ്, ബ്രഹ്മാവ്, മഹേശ്വരദർശനത്തിനായി,പഞ്ചാഗ്നിമധ്യത്തിൽ തപസ്സിരുന്നു. ദീർഘമായ തീവ്രതപസ്സിൽ പ്രസാദിച്ച ശിവൻ, ഭൂമിയും അന്തരീക്ഷവും സ്വർഗവും നിർമ്മിക്കാൻ അനുഗ്രഹം നൽകി. പക്ഷേ, ത്രിലോകങ്ങളിലും പരമേശ്വരനെ കാണാത്തതിൽ ബ്രഹ്മാവ് വിഷമിച്ചു. ഭൂമിയിൽ നിന്ന് അഗ്നിയും അന്തരീക്ഷത്തിൽനിന്ന് വായുവും സ്വർഗത്തിൽ സൂര്യനും ഉണ്ടായി. അതിലൊന്നും ശിവനെ കാണാതെ ബ്രഹ്മാവ് ശിവസങ്കല്പത്തിൽ മുഴുകി. അഗ്നിയിൽ നിന്ന് ഋഗ്വേദവും വായുവിൽ നിന്നു യജുർവേദവും സൂര്യനിൽ നിന്ന് സാമവേദവും ഉണ്ടാകുന്നത് കാണാൻ കഴിഞ്ഞു. അവയിൽനിന്ന് യഥാക്രമം ഭൂ:,ഭുവ:,സ്വ: എന്നീ ശബ്ദങ്ങൾ പുറപ്പെടുന്നത് കേട്ടു. ആ വ്യാഹൃതികളിൽനിന്നും യഥാക്രമം അകാരവും ഉകാരവും മകാരവും പുറപ്പെട്ടു. ആ വർണങ്ങൾ ഒന്നിച്ചപ്പോൾ ഓംകാരമുണ്ടായി. പ്രണവസ്വരൂപമായ ഓംകാരത്തിൽ മഹേശ്വരന്റെ രൂപം തെളിഞ്ഞു എന്നാണ് വിശ്വാസം.
ഓംകാരധ്യാനം
സർവ്വമന്ത്രങ്ങൾക്കും സകല വേദങ്ങൾക്കും സകല ദേവതകൾക്കും ജനനിയായ ഓംകാരത്തെ ധ്യാനിക്കുന്നത് ഏറെ പുണ്യമായി കരുതുന്നു.ഓംകാര രൂപത്തിന്റെ മുന്നിൽ വിളക്കു കത്തിച്ച് 108,1008 എന്നീ പ്രകാരം ദിനം മുടങ്ങാതെ ജപിക്കുന്നത് ഏറേ നന്നാണ്.എന്നാൽ ഗർഭിണികൾ പ്രണവം ജപിക്കുന്നത് ദോഷമായി കരതുന്നു. രക്തസംക്രമണത്തിന് വ്യതിയാനം വരുത്തുവാണുള്ള കഴിവു ഓംകാരത്തിനു ഉള്ളതു കൊണ്ടാവാം. മൂന്ന് സന്ധ്യകളിലും- ഉഷസ്സന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ - പ്രണവോപാസന ചെയ്യണമെന്നാണ് ആചാര്യപ്രോക്തം. ഉത്തരദിക്കിന് അഭിമുഖമായിട്ടായിരിക്കണം സാധകൻ ഇരിക്കേണ്ടതു. പ്രാണനെ ഉണർത്താനും ഉജ്ജീവിപ്പിക്കാനും പ്രണവോപാസനക്കൊണ്ട് സാധിക്കും. ഉറങ്ങിക്കിടക്കുന്ന കുണ്ഠലിനീശക്തിയെ ഉണർത്തി, സുഷുംനാനാഡിയിലൂടെ അതിനെ സഹസ്രാരപത്മത്തിലെത്തിച്ച്,ശിവസായൂജ്യത്തിണ്ടെ അമൃതം വർഷിക്കാനും ഓംകാരോപാസനകൊണ്ട് സാധിക്കും എന്നാണ് വിശ്വാസം.
ഹരിഓം

No comments:

Post a Comment